ഒരു പതിറ്റാണ്ടിലേറെയുള്ള ആത്മബന്ധം, ഇ.എം.എസ് എന്ന മഹത്തായ മൂന്നക്ഷരവുമായുള്ള അടുപ്പം ഒന്നോ രണ്ടോ കുറിപ്പിൽ ഓർക്കാവുന്നതല്ല. തൊഴിലിനോടും തൊഴിലെടുക്കുന്നവരോടും അദ്ദേഹം പുലർത്തിയിരുന്ന സ്നേഹാദരവ് ഒട്ടുമേ ഔപചാരികമല്ലായിരുന്നു. ഇ.എമ്മിനും കുടുംബത്തിനും ഒരു ദശാബ്ദത്തിലേറെക്കാലം മുടിമുറിക്കൽ സ്ഥിരമായി ചെയ്തിരുന്നയാളാണ് ഞാൻ. വളരെ യാദൃശ്ചികമായിരുന്നു ആ തുടക്കം.
തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടൽ ചൈത്രത്തിൽ ഞാൻ നടത്തിവരുന്ന വിക്കി ജെൻസ് ബ്യൂട്ടി ക്ലിനിക്കിൽ വന്ന് അദ്ദേഹത്തിന്റെ മരുമകൻ സി.കെ. ഗുപ്തനായിരുന്നു എന്നെ ക്ഷണിച്ചത്. ആദ്യ ക്ഷണം കിട്ടിയപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല, അത്രയും സന്തോഷം. വീട്ടിലെത്തിയപ്പോൾ കൂപ്പുകൈയോടും നിറഞ്ഞ ചിരിയോടും സ്വീകരണം.
ജോലിയ്ക്കിടയിൽ കുടുംബകാര്യങ്ങൾ തുടങ്ങി നാട്ടുവിശേഷങ്ങൾ വരെ സംസാരവിഷയമായി. കൃത്യനിർവഹണം കഴിഞ്ഞപ്പോൾ ഉപചാരപൂർവ്വം ഒരു കപ്പ് ചായ. ഈ പതിവ് പിന്നീടൊരിക്കലും നിർത്തിയിട്ടില്ലെന്ന് മാത്രമല്ല, വിശേഷ ദിവസങ്ങളിൽ ഭക്ഷണം കഴിക്കുമ്പോൾ ഒപ്പം കൂടണമെന്നും സഖാവിന് നിർബന്ധമുണ്ടായിരുന്നു. എല്ലാ സന്ദർഭങ്ങളിലും മനസിനെ തൊട്ടുണർത്തുന്നതായിരുന്നു ആ പെരുമാറ്റം.
ചരിഞ്ഞതല, പാറിപ്പറന്ന മുടി, ചീകിയൊതുക്കി ഇടംവലം കത്രിച്ചു മേനി വരുത്തി. തലയിൽ മൃദുവായി ഒന്ന് തലോടി ചിരിച്ചുകൊണ്ട് 'ഭേഷ് " എന്നു പറയും. ഓരോ ഇരുപത് ദിവസം കൂടുമ്പോഴും ഈ പറയുന്നത് വലിയ അംഗീകാരമായി കരുതും. സമയനിഷ്ഠ ഇ.എമ്മിന് വളരെ നിർബന്ധമായിരുന്നു. ഒരു നാൾ പറഞ്ഞിരുന്ന സമയം ഞാൻ തെറ്റിച്ചു. അന്ന് അദ്ദേഹത്തിനുണ്ടായിരുന്ന ഉത്കണ്ഠയും വിമ്മിഷ്ടവും ഞാൻ നേരിൽ കണ്ടു. പക്ഷേ അദ്ദേഹം ക്ഷുഭിതനാകുകയോ അത്തരത്തിൽ പെരുമാറുകയോ ചെയ്തില്ല. അതിനുശേഷം ഞാനൊരിക്കലും സമയം തെറ്റിച്ചിട്ടുമില്ല.
ഇ.എമ്മിനും ഭാര്യ ആര്യാ അന്തർജ്ജനത്തിനും മുടിമുറിക്കാൻ പ്രത്യേക ഉപകരണങ്ങളാണ് ഞാൻ ഉപയോഗിച്ചിരുന്നത്. അവയും ദേഹം പുതക്കാൻ ഉപയോഗിച്ചിരുന്ന വസ്ത്രവും ഞാൻ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. മാത്രമല്ല, സഖാവ് മരിക്കുന്നതിന് നാലഞ്ചു വർഷം മുമ്പ് തലയിൽ നിന്നും മുറിച്ചെടുത്ത മുടിയും അമൂല്യവസ്തുവായി സൂക്ഷിക്കുന്നു. ഒപ്പം അമ്മ ആര്യാഅന്തർജ്ജനത്തിന്റെയും.
ഇ.എമ്മും അമ്മയും മാത്രം മേലേ തമ്പാനൂരിലുള്ള വാടകവീട്ടിൽ ഉണ്ടായിരുന്ന ദിവസം കൃത്യനിർവഹണത്തിന് ശേഷം ഞാൻ പുറപ്പെടാൻ സമയമായപ്പോൾ സഖാവ് സഹധർമ്മിണിയോട് പറഞ്ഞു 'മോഹനന് ചായ കൊടുക്കൂ" അമ്മയോട് കളവ് പറഞ്ഞു തന്ത്രത്തിൽ ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ അമ്മ തടഞ്ഞു. ' മുണ്ടാതിരി മോഹനാ അച്ഛൻ വാക്കുപറഞ്ഞാൽ വാക്കാ..." പത്ത് മിനിട്ടിനുള്ളിൽ ആവി പറക്കുന്ന ചായയുമായി അമ്മ മുന്നിൽ!
മരിക്കുവോളം വാടക വീട്ടിൽ മാറിമാറി താമസിച്ചിരുന്ന സഖാവ് കഞ്ഞിയും ചുട്ടപർപ്പടവും കഴിക്കുമ്പോഴും രാജ്യത്തെ എല്ലാവർക്കും തലചായ്ക്കാനൊരിടവും ആഹാരവും ലഭിക്കണമെന്ന് ആഗ്രഹിക്കുകയും അന്വേഷിക്കുകയും ചെയ്തിരുന്ന അപൂർവത്തിലപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു. സഖാവിന് അടിയന്തിരമായി ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ പിറ്റേ ദിവസം രാവിലെ സഖാവിന്റെ വീട്ടിലെത്തണം. രാവിലെ എണീറ്റപ്പോൾ കണ്ണിനൊരു ചൊറിച്ചിൽ. സഖാവിന്റെ മരുമകൾ ഗിരിജയെ വിളിച്ചു വിവരം അറിയിച്ചു. പരിപാടി മാറ്റിവയ്ക്കാൻ വയ്യ. അച്ഛന് മുടി വളർന്നുപോയി കൃത്യമായി എത്തണം ഗിരിജ അറിയിച്ചു. രണ്ടും കല്പിച്ച് പിറ്റേദിവസം സഖാവിന്റെ വീട്ടിലെത്തി. പിറ്റേ ദിവസം എ.കെ.ജി സെന്ററിൽ നിന്നൊരു പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടു. ഇ.എമ്മിന് ചെങ്കണ്ണ് ബാധിച്ചതു കാരണം സഖാവിന്റെ ഒരാഴ്ചത്തെ പ്രോഗ്രാം മാറ്റിവച്ചു.
മേലേ തമ്പാനൂരിൽ താമസിച്ചിരുന്ന കാലത്ത് അസ്വസ്ഥനായി മൂന്നുദിവസം സഖാവ് കിടന്നു. കുടുംബാംഗങ്ങൾക്കും പാർട്ടിക്കാർക്കും ഉത്കണ്ഠയുടെ നിമിഷങ്ങൾ. നാലാം ദിവസം അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ കാലത്തിനൊരിക്കലും മായ്ക്കാൻ കഴിയാതെ ചരിത്രത്തെ പിന്നിലാക്കിയ സഖാവ് എല്ലാ വിശേഷണങ്ങൾക്കും അപ്പുറത്ത് ഇനിയും എന്തെല്ലാമോ വായിച്ചറിയാനും കുത്തിക്കുറിച്ചുമിരിക്കുന്ന പ്രസന്നവദനനായി ബനിയനും ലുങ്കിയും ധരിച്ചിരിക്കുന്ന ഇ.എമ്മും എന്നെ അമ്പരപ്പിച്ചു.
ദിവസത്തിൽ ഒരു നിമിഷം പോലും പാഴാക്കാത്ത കർമ്മനിരതനായിരുന്ന സഖാവ്. ഔദ്യോഗിക ചടങ്ങുകൾ എഴുത്തും വായനയും എല്ലാം കണിശമായി പാലിച്ചിരുന്ന ഇ.എമ്മും പാവപ്പെട്ടവരുടെ ക്ഷണം സ്വീകരിച്ച് ചടങ്ങുകളിൽ പങ്കെടുക്കാനും സമയം കണ്ടെത്തിയിരുന്നു. അത്തരം രണ്ടു സന്ദർഭങ്ങൾ സ്വാനുഭവത്തിലൂടെ പറഞ്ഞുകൊള്ളട്ടെ. ഞങ്ങൾ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഗൃഹപ്രവേശം ഏറ്റിരുന്ന പോലെ അദ്ദേഹവും കുടുംബാംഗങ്ങളും അന്ന് സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണനും എത്തി. ചടങ്ങിൽ ഇ.എമ്മും ടി.കെയെ കൊണ്ടു നാടമുറിപ്പിച്ചു ഭദ്രദീപം തെളിയിപ്പിച്ചു ഗൃഹപ്രവേശനം നടത്തിച്ചു. ഇ.എമ്മും അവിടെ ചെലവഴിച്ച ഒരു മണിക്കൂറും അദ്ദേഹം ആതിഥേയനായിരുന്നു. സന്ദർശനം കഴിഞ്ഞു വിടപറയുമ്പോൾ മനസ് നൊമ്പരപ്പെടുന്ന അനുഭവം. ദീർഘകാലം ഒരുമിച്ചുണ്ടായിരുന്ന ഒരു കുടുംബബന്ധു പെട്ടെന്ന് വേർപിരിയുന്ന പോലെ...
മറ്റൊന്ന്, ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്. പുസ്തകമാണെങ്കിൽ ഒരു പ്രത്യേക വിഷയവും. ' ശരീര- കേശ സൗന്ദര്യ വർദ്ധനം"ക്ഷണിക്കുമ്പോഴും പ്രകാശന ചടങ്ങിനെത്തുമ്പോഴും കൗതുകമുണ്ടായിരുന്നു. ഈ വിഷയം സഖാവ് എങ്ങനെ വിലയിരുത്തും? ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
'കലയ്ക്ക് പരിമിതികളില്ല; എല്ലാ തൊഴിലിനും അതിന്റേതായ മൂല്യങ്ങളുണ്ട്. വ്യക്തിയ്ക്ക് തൊഴിലിനോടുള്ള ആത്മാർത്ഥതയാണ് ഓരോ തൊഴിലിനും തിളക്കവും മൂല്യവും ഉണ്ടാക്കുക". മുടി മുറിക്കുന്നവനേയും അലക്കുകാരനേയും കളിമൺ പാത്രമുണ്ടാക്കുന്നയാളെയും ഹീനജാതിക്കാരനായി ചിത്രീകരിച്ചിരുന്ന ചാതുർവർണ്യവ്യവസ്ഥയുടെ കാലം കഴിഞ്ഞിരിക്കുന്നു. ആ കർമ്മത്തിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് ചരിത്ര ഭാഗമാണ്. അവസാനമായി ഇ.എമ്മിന് മുടിമുറിക്കാൻ ചെന്ന ദിവസം വേദനയോടെ ഓർക്കുന്നു. അന്ന് ഇ.എമ്മിനും പത്നിക്കും മുടി മുറിക്കണമായിരുന്നു. പ്രമേഹം കലശലായി ഉണ്ടായിരുന്നതുകൊണ്ട് മകൾ രാധയും മരുമകൻ ഗുപ്തനും എന്നോട് നിർദ്ദേശിച്ച പ്രകാരം അമ്മയുടെ മുടി പറ്റെ മുറിച്ചു. തലയ്ക്ക് അല്പം സുഖമാവട്ടെ എന്നാണ് കരുതിയത്.
കണ്ണാടിയിൽ നോക്കിയപ്പോൾ അമ്മയ്ക്ക് സഹിക്കാനായില്ല. ' തല മുണ്ഡനം ചെയ്തോ?"അമ്മയുടെ ദുഃഖം വർദ്ധിച്ചു. (അമ്മയുടെ മുഖത്ത് ഭർത്താവ് ജീവിച്ചിരിക്കെ തലമുടി പറ്റേ മുറിച്ചതിലുള്ള വ്യാകുലത വ്യക്തമായിരുന്നു) എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ അടുത്ത മുറിയിൽ നിന്നും ഇ.എമ്മും സാവകാശം വന്നു. അമ്മയുടെ തലയും എന്റെ ഭാവപകർച്ചയും ശ്രദ്ധിച്ചു. പതിവ് ചിരിക്കൊപ്പം ഒരു കമന്റും. 'ഭേഷായിരിക്കുന്നു, ഇനി ഇങ്ങനെ പറ്റെ മുറിച്ചാൽ മതി " അറം പറ്റിയപോലെ സഖാവിന്റെ വാക്കുകൾ. ഒരാഴ്ച കഴിഞ്ഞ് സഖാവ് വിട പറഞ്ഞു.
സമൂഹത്തെ വേർതിരിക്കുന്ന ജാതി,മതങ്ങൾക്കതീതമായി മനുഷ്യൻ ഒന്നാണെന്ന അവബോധം സൃഷ്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ പെരുമാറ്റവും. സഖാവ് ഒരു രാഷ്ട്രീക്കാരൻ മാത്രമായിരുന്നില്ല. മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ സമസൃഷ്ടിഭാവമാണ് മാർക്സിസമെന്ന് പ്രവർത്തിയിൽ അദ്ദേഹം കാട്ടിതന്നു.
ബാല്യത്തിൽ കത്തിജ്വലിച്ച ആ അത്ഭുത പ്രതിഭ എൺപത്തി ഒൻപതിന്റെ പൂർണ്ണത കൈവരിച്ച് ശാന്തമായി കെട്ടമരുകയായിരുന്നു. പക്ഷേ, ലോകത്തിന് അദ്ദേഹത്തിന്റേതായി ലഭിച്ച പൈതൃകം പൂർണശോഭയോടെ വിഹായസിലെ ധ്രുവനക്ഷത്രം പോലെ അനശ്വരമായി നിലനിൽക്കുകതന്നെ ചെയ്യും.