കക്ക നീറ്റുമ്പോൾ നേർത്തൊരു ദുർഗന്ധം പ്രസരിക്കും. മദ്ധ്യതിരുവിതാംകൂറിൽ സ്വന്തമായി കക്ക നീറ്റുന്ന ചൂള നടത്തുന്ന പ്രതാപന് അങ്ങനെ തോന്നാറില്ല. നെഞ്ചിൽത്തന്നെ തീരാത്ത നീറ്റലുള്ളതുകൊണ്ടാകാം എന്ന് സ്വയം പറയാറുണ്ട്. വളരെക്കാലം ഗൾഫിലായിരുന്നു. മുപ്പതുവർഷം പ്രവാസജീവിതം നയിച്ച ശേഷം നാട്ടിലെത്തുമ്പോൾ നിരവധി പ്രതീക്ഷകളായിരുന്നു.
സന്യാസിമാർ പലതും ത്യജിക്കുന്നു. ആഹാരം, ബന്ധങ്ങൾ, നിദ്ര, ദാമ്പത്യം എന്നിവ. സന്യാസിമാർക്ക് തുല്യമാണ് കുടുംബത്തെ പുഷ്ടിപ്പെടുത്താൻ അന്യനാടുകളിൽ ജീവിതം തള്ളിവിടേണ്ടിവരുന്നവർ. അതിലേറെ ത്യജിക്കേണ്ടിവരുന്ന ദാമ്പത്യസുഖം, മക്കളുടെ ബാല്യം, അവരുടെ കിളിക്കൊഞ്ചൽ, ലാളനകൾ എന്നിവയെല്ലാം നഷ്ടമാകുന്നു. കൃത്യമായി എത്തുന്ന പണത്തിന്റെ തിളക്കത്തിൽ നട്ടിലുള്ളവർക്ക് അതെല്ലാം മറക്കാൻ പറ്റിയെന്ന് വരും. പക്ഷേ എല്ലാവരെയും സദാ മനസിൽ കണ്ട് ഒറ്റയ്ക്ക് കഴിയേണ്ടിവരുന്നവരുടെ അവസ്ഥയോ? മാളികകൾ കെട്ടിപ്പൊക്കുമ്പോഴും തകർന്നടിഞ്ഞുപോയ സ്വപ്നങ്ങളുടെ കണ്ണാടിവീടുകളുടെ ചില്ലുകൾ പെറുക്കി നെടുവീർപ്പിടുകയാകും അവർ.
ഒരുചാക്ക് കുമ്മായം വാങ്ങാൻ വന്ന പഴയ ഒരു സുഹൃത്തിനോട് തന്റെ ജീവിതം വഴിതിരിഞ്ഞത് പ്രതാപൻ വിശദീകരിച്ചു. മക്കളെ പഠിപ്പിച്ചു വലിയ നിലയിലെത്തിക്കുകയും ചെയ്തു. രണ്ട് ആൺമക്കൾ. മൂത്തയാൾ സർക്കാർ ഉദ്യോഗസ്ഥൻ. ഇളയവൻ ഡോക്ടർ. ഭാര്യയ്ക്ക് അസുഖമായതിനാൽ അവളുടെ കാര്യവും നോക്കണം. നല്ല പാല് കിട്ടുമല്ലോ എന്ന് കരുതിയാണ് ഒരു പശുവിനെ വളർത്തുന്നത് . അതിന്റെ കാര്യങ്ങളും നോക്കണം. ഒരുദിവസം ഭാര്യയ്ക്ക് പ്രഭാതഭക്ഷണം നൽകുന്നതിനിടയ്ക്ക് മകനോട് പശുവിന് കാടിവെള്ളം എടുത്തുകൊടുക്കാൻ പറഞ്ഞു: അവൻ അകാരണമായി ദേഷ്യപ്പെട്ടു. ഇതിനെയൊക്കെ എന്തിന് വളർത്തുന്നു. അശ്രീകരങ്ങൾ. സ്വന്തമായി പറ്റില്ലെങ്കിൽ വിറ്റു തുലയ്ക്കണം. വിഷമത്തോടെ പുറത്തേക്കു നോക്കുമ്പോൾ അവൻ ബൈക്കുമെടുത്ത് പോയിരുന്നു. അഞ്ചുവർഷം എവിടെയെല്ലാം കൊണ്ടു നടന്നു മരുന്നും മന്ത്രവും നൽകിയാണ് അവനെ രക്ഷിച്ചതെന്ന് തളർന്നു കിടക്കുന്ന ഭാര്യ പറഞ്ഞത് കേട്ടതായി ഭാവിച്ചില്ല. രാവിലെ ഭാര്യയുടെ കാര്യങ്ങളെല്ലാം നോക്കിയിട്ടാണം കക്കനീറ്റുന്ന ചൂളയിലേക്ക് വരുന്നത്. അതിന് മുമ്പ് ഭാര്യയ്ക്ക് കൂട്ടിന് സമീപത്തുള്ള ഒരു സ്ത്രീ വരും. മിണ്ടിയും പറഞ്ഞുമിരിക്കും. ഒറ്റയ്ക്കാണെന്ന തോന്നലുമുണ്ടാവില്ല.
ഇളയമകന് വിവാഹത്തിൽ താത്പര്യമില്ല. അച്ഛനും ചേട്ടനുമൊക്കെ അനുഭവിക്കുന്ന നരകം കാണുന്നുണ്ടല്ലോ. ഇനി ഞാനുംകൂടി അതിൽ ചെന്നുചാടണോ എന്നാണ് അവന്റെ ചോദ്യം. കുടുംബ ക്ഷേമവകുപ്പിലാണ് ജോലി. എങ്ങനെ നല്ല കുടുംബജീവിതം നയിക്കാം എന്നതിനെപ്പറ്റി ക്ളാസെടുക്കാനും പോകും. അത് സംബന്ധിച്ച പത്രവാർത്തകൾ ആൽബത്തിൽ ഒട്ടിക്കും. അതെടുത്ത് നോക്കുമ്പോൾ പ്രതാപന് ഉള്ളിൽ ചിരിവരും. ഭാര്യ അത് കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.
അവിവാഹിതനായതിനാൽ വീട്ടിൽ ഒരു പൈസയും നൽകാറില്ല. പ്രതാപനാകട്ടെ ചോദിക്കാറുമില്ല. അങ്ങനെ മക്കളോട് ചോദിച്ച് വാങ്ങുന്നതും ഭിക്ഷ യാചിക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസം എന്ന പക്ഷക്കാരൻ. സുഹൃത്തിന്റെ സ്കൂട്ടറിൽ കുമ്മായച്ചാക്കെടുത്ത് വച്ചിട്ട് പ്രതാപൻ ഗദ്ഗദത്തോടെ പഞ്ഞു: കഴുതകൾക്ക് അവസാന കാലം വരെ ഭാരം ചുമക്കാനാണ് വിധി. ഭാരമില്ലാത്തൊരു കാലം സ്വപ്നം കാണാനേ പറ്റൂ. സുഹൃത്ത് വണ്ടിയോടിച്ചു പോകുമ്പോൾ ചൂളയിൽ നീറുന്നത് കക്കയോ തന്റെ ഹൃദയമോ എന്ന് പ്രതാപൻ സംശയിച്ചു.
ഫോൺ : 9946108220