സാഹചര്യങ്ങൾ വിപ്ലവകാരിയാക്കിയ കഥയാണ് ശൂരനാട് ബാലചന്ദ്രന് പറയാനുള്ളത്. ഉള്ളിൽ വിപ്ലവജ്വാലയുമായി നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് എടുത്ത് ചാടുമ്പോൾ ബാലചന്ദ്രന്റെ മനസിലെ സ്നേഹത്തിന്റെ ഉറവ വറ്റിയിരുന്നില്ല. ഇപ്പോൾ വിപ്ലവത്തിന്റെ കനൽപ്പാതകളിൽ നിന്ന് മാറി നടക്കുന്ന ബാലചന്ദ്രൻ എഴുത്തിന്റെ വഴിയിലാണ്. വാളിനെക്കാൾ മൂർച്ച വാക്കിനാണെന്ന് കരുതുന്ന ബാലചന്ദ്രൻ ഇതിനോടകം നിരവധി പുസ്തകങ്ങൾ രചിച്ചു കഴിഞ്ഞു. വിപ്ലവത്തിന്റെ നൂതന വഴിത്താരകൾ. ദ അവന്യൂ ഒഫ് റെവല്യൂഷൻ, വിപ്ലവം യുഗാന്തരങ്ങളിലൂടെ, ചുവപ്പിന്റെ അത്ഭുത പ്രപഞ്ചം. പൊതുജീവിതത്തിലെ വിപ്ലവകനലുകൾ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
ശാസ്താംകോട്ട ഡി.ബി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ശൂരനാട് ബാലചന്ദ്രൻ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചത്. ആദ്യം സി.പി.എം അനുഭാവിയായിരുന്നു. സി.പി.എമ്മിന്റെ നയങ്ങളിൽ ആകൃഷ്ടനായായിരുന്നു അദ്ദേഹം. എന്നാൽ പിന്നീട് സി.പി.ഐ (എം.എൽ)ന്റെ സജീവ പ്രവർത്തകനായി. ഇതിന്റെ വിദ്യാർത്ഥി വിഭാഗത്തിലും പ്രവർത്തിച്ചു.1968ൽ ശാസ്താംകോട്ടയ്ക്ക് അടുത്തുള്ള ചേലൂർ കായൽ സമരത്തിൽ പങ്കെടുത്തു.
1969ൽ ശാസ്താംകോട്ട കോളേജിൽ വിദ്യാർത്ഥിയായിരിക്കെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ബാലറ്റ് പെട്ടി കത്തിച്ച ചരിത്രവും ബാലചന്ദ്രനുണ്ട്. തുടർന്ന് പൊലീസ് പിടിയിലായ ബാലചന്ദ്രൻ ഏറെനാൾ പത്തനംതിട്ട ജയിലിൽ കഴിഞ്ഞു. പിന്നീട് അവിടെ പഠിക്കാനാകാത്തതിനാൽ സർവകലാശാലയിൽ നിന്ന് അനുമതി വാങ്ങി പന്തളം എൻ.എസ്.എസ് കോളേജിൽ പരീക്ഷ എഴുതുകയാണ് ചെയ്തത്. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബി.എയ്ക്ക് ചേർന്നു. 1970ൽ നഗരൂർ കുമ്മിൾ സംഭവത്തിലെ പങ്കാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ചക്കുവള്ളി, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ വച്ച് കൊടിയ മർദ്ദനമേറ്റുവാങ്ങേണ്ടി വന്നു ബാലചന്ദ്രന്. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിൽ നിന്ന് രക്ഷനേടുന്നതിന് ഒളിവിൽ പോകുകയും ചെയ്തു. ഭോപ്പാലിൽ ഒളിവിൽ കഴിയുമ്പോഴാണ് പഠനം തുടർന്നതും ചരിത്രത്തിൽ എം.എ ബിരുദം നേടിയതും.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും സി.പി.ഐ എം.എൽ.എയുമായിരുന്ന പന്തളം പി.ആർ.മാധവപിള്ളയുടേയും എൻ.സരോജിനിയമ്മയുടേയും മകനായ ബാലചന്ദ്രൻ പക്ഷേ, ഇത്രയുംകാലം തന്റെ വഴികളിലൂടെയാണ് സഞ്ചരിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകളോട് എതിർപ്പുണ്ടായപ്പോഴാണ് ബാലചന്ദ്രൻ സി.പി.ഐ.എം.എല്ലിൽ എത്തിയത്. വ്യക്തിപൂജയേയും അഴിമതിയേയും ഏകാധിപത്യത്തേയും തുറന്നെതിർക്കുന്നു ബാലചന്ദ്രൻ. അടിയന്തരാവസ്ഥക്കാലത്ത് നക്സൽ ഗ്രൂപ്പുകളിൽ ഭിന്നിപ്പുണ്ടായപ്പോൾ ബാലചന്ദ്രൻ തനിച്ച് യാത്ര തുടങ്ങാൻ തീരുമാനിച്ചു. ഇന്നുവരെ ഒരു തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടില്ലാത്ത ബാലചന്ദ്രൻ ആശയപ്രചരണത്തിലാണ് ഇപ്പോൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് എഴുത്തിനെ കാണുന്നതും. തന്റെ അനുഭവങ്ങളെ പുതുതലമുറയ്ക്ക് മനസിലാക്കി കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം എഴുന്നത്. യുവ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നീണാൾ വാഴട്ടെ, വിപ്ലവകാരികളെ സംഘടിക്കുക എന്നീ ലേഖനങ്ങൾ വിപ്ലവപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ യുവാക്കളോടുള്ള ആഹ്വാനമാണ്. രാഷ്ട്രീയത്തിൽ നിന്ന് മാറി സഞ്ചരിച്ച് അട്ടപ്പാടിയിലേക്ക് നടത്തിയ യാത്രയുടെ അനുഭവം പങ്കുവച്ചുകൊണ്ട് അട്ടപ്പാടി മലനിരകളിൽ എന്നൊരു ലേഖനവും ശൂരനാട് ബാലചന്ദ്രൻ എഴുതി.
വിപ്ലവത്തിന്റെ വേരോട്ടമുള്ള ബാലചന്ദ്രന്റെ മനസിൽ കലയോടുള്ള അഭിനവേശവും പാറിക്കളിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ബാലചന്ദ്രൻ നടനായത്. അമച്വർ നാടകങ്ങളിൽ അഭിനയിച്ചതിന്റെ പരിചയം മാത്രമുണ്ടായിരുന്ന ബാലചന്ദ്രൻ തുടർന്ന് സീരിയലുകളിലെത്തി.
(ഫോൺ: 9847852972)