കാട്ടിൽ നടക്കുമ്പോൾ പെട്ടെന്ന് വലിയ രണ്ടു ഉരുണ്ട കണ്ണുകൾ നമ്മളെ തുറിച്ചു നോക്കുന്നത് കണ്ടാൽ ആരായാലും ഒന്ന് പേടിച്ചു പോകും. അതൊരു അസാമാന്യ വലിപ്പമുള്ള മൂങ്ങയാണെങ്കിലോ? വലിപ്പമുള്ള മൂങ്ങകളിൽ ഒന്നാണ് മീൻ കൂമൻ എന്ന ബ്രൗൺ ഫിഷ് ഔൾ. കോമൺ ബ്രൗൺ ഫിഷ് ഔൾ എന്ന വിഭാഗമാണ് ഇന്ത്യയിൽ കാണപ്പെടുന്നത്. ഇത് കൂടാതെ വെസ്റ്റേൺ ബ്രൗൺ ഫിഷ് ഔൾ, ഈസ്റ്റേൺ ബ്രൗൺ ഫിഷ് ഔൾ, ശ്രീലങ്കൻ ബ്രൗൺ ഫിഷ് ഔൾ എന്നീ വിഭാഗങ്ങളുമുണ്ട്. ഇന്ത്യയിൽ മിക്ക കാടുകളിലും ഇവരുണ്ട്.
നദിയുടെയോ വെള്ളച്ചാട്ടത്തിന്റെയോ, തടാകത്തിന്റെയോ കരയിലുള്ള വന്മരങ്ങളിൽ ഇവയെ കാണാം. തട്ടേക്കാടും ചിന്നാറിലും നെല്ലിയാമ്പതിയിലും കർണാടകത്തിലെ കബിനിയിലും അസാമിലെ കാസിരംഗയിലും ഒക്കെ കണ്ടിട്ടുണ്ട്.പേര് സൂചിപ്പിക്കുന്നത് പോലെ ബ്രൗൺ നിറം. പുറംഭാഗത്തു തവിട്ടിൽ കറുത്ത വരകൾ നിറഞ്ഞിരിക്കും. പുറംഭാഗത്തെ അപേക്ഷിച്ചു അടിഭാഗം കുറച്ചു കൂടെ നേർത്ത ബ്രൗൺ നിറമാണ്. നേർത്ത ബ്രൗൺ വരകളും. ഉരുണ്ട മഞ്ഞ കണ്ണുകൾ. ചെവികൾ തൂവലുകൾ നിറഞ്ഞു ചെറിയ കൊമ്പു പോലെ മുകളിലേയ്ക്കു ഉയർന്നു നിൽക്കും. കഴുത്തും തൊണ്ടയും വെള്ള നിറമാണ്. കാലുകൾ നേർത്ത മഞ്ഞ നിറം. പച്ചയും ചാരവും കലർന്ന ഇരുണ്ടു കൂർത്ത വളഞ്ഞ ചുണ്ടുകൾ.
ആണും പെണ്ണും ഒരുപോലെയാണെങ്കിലും കുറച്ചു വലിപ്പ വ്യത്യാസമുണ്ടാവാറുണ്ട്. മുതിർന്ന ഒരു മീൻ കൂമന് മുക്കാൽ മീറ്ററോളം നീളവും രണ്ടു രണ്ടര കിലോയോളം തൂക്കവും ഉണ്ടാവും. പേര് സൂചിപ്പിക്കുന്നത് പോലെ മീൻ തന്നെയാണ് ഇഷ്ടവിഭവം. കാലുകളുടെ അടിയിൽ കൂർത്ത ശൽക്കങ്ങളുണ്ട്. മീനിനെ റാഞ്ചിയെടുക്കുമ്പോൾ നല്ല ഗ്രിപ്പ് കിട്ടാൻ ഇത് സഹായിക്കുന്നു. മീൻ കൂടാതെ തവള, ഇഴ ജന്തുക്കൾ, കുഞ്ഞു പക്ഷികൾ, ഷഡ്പദങ്ങൾ ഒക്കെ ഇവയുടെ ആഹാരമാണ്. പ്രജനന കാലം നവംബർ മുതൽ മാർച്ച് വരെയാണ്. ഒന്നുകിൽ മരപ്പൊത്തോ അല്ലെങ്കിൽ മറ്റു വലിയ പക്ഷികൾ ഉപേക്ഷിച്ചു പോയ കമ്പുകൾ കൊണ്ട് കോർത്തെടുത്ത കൂടുകളോ തപ്പിയെടുക്കുന്നു.മരങ്ങളുടെ കവരങ്ങളിലും കൂടുണ്ടാക്കാറുണ്ട് .
ഇത് കൂടാതെ പാറയിടുക്കിലും ആൾപ്പാർപ്പില്ലാത്ത ഇടങ്ങളിലും ഒക്കെ കൂടുണ്ടാക്കാറുണ്ട്. മിക്കവാറും വെള്ളത്തിന്റെ അടുത്ത് തന്നെ. അതിൽ പെൺപക്ഷി രണ്ടോ മൂന്നോ വെളുത്ത മുട്ടകൾ ഇടുന്നു .പെൺപക്ഷി തന്നെ ഒരു മാസത്തിൽ കൂടുതൽ അടയിരുന്നു മുട്ട വിരിക്കുന്നു. ഈ സമയമൊക്കെ കൂട് നോക്കലും പെൺപക്ഷിയ്ക്കു തീറ്റയെത്തിക്കലും ഒക്കെയാണ് ആൺപക്ഷിയുടെ ജോലി.
ഏതാണ്ട് 50 ദിവസത്തോളമെടുത്തു കുഞ്ഞുങ്ങൾ പറക്കാൻ. അതുവരെ മാതാപിതാക്കളുടെ പരിചരണത്തിൽ. പ്രത്യക്ഷത്തിൽ ഇവയ്ക്കു ഭീഷണി ഒന്നുമില്ലെങ്കിൽ മനുഷ്യന്റെ കാടു കയ്യേറ്റവും നദിയുടെ ശോച്യാവസ്ഥയുമൊക്കെ ഇവയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് കണക്കാക്കാം.