യാത്രയുടെ അവസാനം ഹരിതാഭ നിറയുന്ന പാടശേഖരങ്ങളെ വകഞ്ഞു മാറ്റിയൊഴുകുന്ന ടാറിട്ട പാത മലമുകളിലേക്കെത്തുന്നു. ദൂരെ സ്വപ്നസാന്ദ്രമായ കുന്നിൻ മുകളിൽ അമിത ആഢംബരങ്ങളില്ലാത്ത ക്ഷേത്രം പൊട്ടു പോലെ കാണാം. ചക്രവാളത്തോളം പരന്നു കിടക്കുന്ന പച്ചപ്പിന്റെ അലകൾ...ജലാർദ്രമായ പാടവരമ്പുകൾ. ചെമ്പിച്ച നാട്ടുവെളിച്ചത്തിൽ തിളങ്ങുന്ന പ്രകൃതി. ചേക്കേറാനായി പറന്നകലുന്ന പക്ഷികൾ.വയലേലകൾക്കപ്പുറം ചുവന്നു ചായുന്ന സൂര്യൻ. ഈ ദൃശ്യംകണ്ടാൽ തെക്കൻ കേരളത്തിൽഏറ്റവും മനോഹരമായി സൂര്യൻ അസ്തമിക്കുന്നത് ഇവിടെ... ഈ കുന്നിൻ ചെരുവുകളിലെന്നു തോന്നിപ്പോകും. അത്രയും അതിമനോഹരമായ കാഴ്ച. മൺസൂൺ കാലങ്ങളിൽ ഇവിടം ഇതിലും അതീവ സുന്ദരിയാണ്. ജലനിബിഡമായ ഒരു ഹരിത ചിത്രം പോലെ കണ്ണുകളിൽ നിറയുന്ന സുന്ദരമായ പ്രകൃതി. മലമുകളിൽ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ക്ഷേത്രം.
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ പോരുവഴി ഗ്രാമത്തിലാണ് ദക്ഷിണേന്ത്യയിലെ ഈ ഒരേയൊരു ദുര്യോധനക്ഷേത്രമുള്ളത്. പോരുവഴി പെരുവിരുത്തി മലനട. പോരിന്റെ വഴിയെന്നും പെരിയവരെ ഇരുത്തിയതെന്നും ഒക്കെ പേരുകളുടെ പിന്നിലെ കഥകൾ. (ഇന്ത്യയിൽ പിന്നീട് ദുര്യോധന ക്ഷേത്രമുള്ളതു ഉത്തർഖണ്ഡിലാണ്. ഗഡ്വാൾ ഹിമാലയത്തിൽ യമുനയും ഭാഗീരഥിയും ബാലഗംഗയുമൊക്കെ അതിരിടുന്ന ഓസ്ല ക്ഷേത്രം..സാംക്രിയിൽ നിന്നും 13 കിലോമീറ്റർ അകലെ)
ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതത്തിലെ പ്രതിനായകൻ ദുര്യോധനൻ ആണിവിടുത്തെ സങ്കൽപ്പ മൂർത്തി. ഹസ്തിനപുരിയിലെ തന്റെ ജനനസമയം മുതൽ ദുർനിമിത്തങ്ങൾ മാത്രമെന്ന് പഴി കേട്ട ധൃതരാഷ്ട്രജൻ. സഹോദര സ്നേഹത്തേക്കാൾ സുഹൃദ്ബന്ധത്തിനു വില നൽകി സൂതപുത്രന് അംഗരാജ്യം പതിച്ചു നൽകിയ കൗരവേന്ദ്രൻ. അധർമ്മിയെങ്കിലും ധീരൻ. ക്ഷാത്രകുലീനതയും പൗരുഷവും തികഞ്ഞ, അത്യാപത്തിൽ പോലും ഉറച്ചു നിൽക്കുന്ന വീരൻ. മഹായുദ്ധത്തിനൊടുവിൽ സ്യമന്ത പഞ്ചക തീരത്തു ഭീമസേനന്റെ രൗദ്ര ഗദയാൽ തുടയെല്ല് തകർന്നു മരണം കാത്തു കിടക്കുമ്പോൾ പോലും മനഃധൈര്യം കൈ വിടാത്ത. ക്ഷത്രിയോചിതമായ മരണശേഷം ശ്രേഷ്ഠ സ്വർഗ്ഗം തന്നെ ലഭിച്ച അപ്രമാദി. ആത്മവിശ്വാസത്തോടെ ആജീവനാന്തം രാജാവായി ജീവിച്ച നിർഭയൻ. പല ചരിത്രആഖ്യായികകളിലും ദുര്യോധനൻ കരുത്തനാണ്. അഭിമാനത്തിന്റെയും കൂസലില്ലായ്മയുടെയും പ്രതീകമാണ്. വിഗ്രഹമോ ചുറ്റമ്പലമോ ഇല്ലാത്ത ക്ഷേത്രം. ഉയർത്തിക്കെട്ടിയ കൽത്തറയിൽ ഏകാകിയെങ്കിലുംപ്രതാപത്തോടെയിരിക്കുന്ന ലോഹനിർമ്മിതമായ ഗദ.
പട്ടയധരന്റെ സ്ഥാനത്ത് ദുര്യോധനൻ എന്ന പേരിലാണ് ഈ മണ്ണിനു നികുതി നൽകുന്നത് . ഭക്തർക്ക് ദുര്യോധനൻ ഇവിടെ മലയപ്പൂപ്പനാണ്.തങ്ങളുടെ കൃഷിയെയും ജീവിതത്തെയും കുഞ്ഞുങ്ങളെയും സർവൈശ്വര്യങ്ങളെയും സംരക്ഷിക്കുന്ന അവരുടെ പ്രിയപ്പെട്ട മലയപ്പൂപ്പൻ. കള്ളും അടുക്കും (വെറ്റില, പുകയില , പാക്ക്, ചുണ്ണാമ്പ് , മുറുക്കാൻ തുടങ്ങിയവ) ഇഷ്ടപ്പെടുന്ന ആട്, കാളക്കുട്ടി,തീവെട്ടി, കറുപ്പു കച്ച, പട്ട്, കൊടി, വാൾ, , ആൾരൂപങ്ങൾ, ഗദ, ഓലക്കുട, ഉടയാട, പിടിപ്പണം, നേർച്ചക്കാള, ഇങ്ങനെ യുദ്ധവുമായും, ആഘോഷങ്ങളുമായും ബന്ധപ്പെട്ടതെല്ലാം നേർച്ചയായി സ്വീകരിക്കുന്ന മുതിർന്ന കാരണവരാണ് ഇവിടുത്തെ ആരാധനാമൂർത്തി.വെളിച്ചപ്പാടിന് പകരം ഇവിടെയുള്ളത് ഊരാളിയാണ്.ശൈവ ചൈതന്യമാണ് ഇവിടുത്തെ ശക്തി. കുന്നിൻ മുകളേറി ക്ഷേത്രമെത്തുമ്പോൾ പ്രശാന്തിയുടെ ഒരു കടലിൽ അകപ്പെട്ട പോലെ നാം വിസ്മയിക്കുന്നു. പ്രകൃതിയുമായി അത്രകണ്ട് ഇഴ ചേർന്ന ക്ഷേത്രം. തണൽ മരങ്ങളും വയലേലകളും പുൽപ്പരപ്പുകളും ചേർന്ന അപൂർവ ലയനം.
ആൽത്തറയിൽ നേർച്ചയുരുവായ പൂവൻ കോഴി അങ്കവാലുയർത്തി ഗാംഭീര്യത്തോടെ നിൽക്കുന്നു. ധാരാളം ഐതിഹ്യങ്ങൾ കെട്ട് പിണഞ്ഞ ഭൂമിയാണിത്. പാഞ്ചാലീ സ്വയംവരത്തിനു ശേഷം ബന്ധുബലത്താൽ അതിശക്തരായിത്തീർന്ന പാണ്ഡവർക്ക് അർദ്ധരാജ്യം നൽകാൻ ദുര്യോധനൻ നിർബന്ധിതനാവുകയായിരുന്നു.
ഒന്നിനും കൊള്ളാത്ത ഖാണ്ഡവമെന്ന ഘോരവനം പാണ്ഡവർക്ക് ദാനം ചെയ്യുമ്പോൾ അസുരശില്പിയായ മയൻ അവിടെ അത്ഭുതങ്ങൾ രചിക്കുമെന്നു കൗരവർ സ്വപ്നേപി നിനച്ചില്ല.പാണ്ഡവരുടെ വർധിച്ചു വരുന്ന ഐശ്വര്യത്തിൽ അസ്വസ്ഥനായ ദുര്യോധനന് മാതുലൻ ശകുനി ഉപദേശിച്ച നീചതന്ത്രമായിരുന്നു ചൂതുകളി. കളിയിൽ സർവ്വം നഷ്ടപെട്ട പാണ്ഡവരുടെ വനവാസകാലത്തു അവരെ അന്വേഷിച്ചു വന്ന ദുര്യോധനൻ ക്ഷീണിതനായി ഇവിടെയെത്തിയത്രെ. തളർന്നവശനായ കൗരവപുത്രനു ഒരു കുറവസ്ത്രീ മധുചഷകം നൽകി ദാഹം ശമിപ്പിച്ചു. മുറുക്കാനായി വെറ്റിലയും മാറിയുടുക്കാൻ ചുവന്നപട്ടും കഴിക്കാൻ മാംസവും നൽകി. സംപ്രീതനായ സുയോധനൻ 101 ഏക്കർ നൽകി അവരെ അനുഗ്രഹിച്ചുവെന്നു ഐതിഹ്യം. ഒരു കാലത്ത് കൊല്ലം ഉൾപ്പെട്ടിരുന്ന വേണാട് ഭരിച്ചിരുന്നത് കുറവരാജാക്കന്മാരെന്നും നാഞ്ചി നാട്ടിലെ പ്രബലരായിരുന്നു അവരെന്നും ചരിത്രം പറയുന്നുണ്ട്.
മറ്റൊന്ന് ഭരതമലയനുമായി ബന്ധപ്പെട്ടാണ്. ക്ഷുദ്രകർമ്മത്തിൽഅഗ്രഗണ്യനായിരുന്ന ഭരതമലയൻ ഈ പ്രദേശവാസി ആയിരുന്നുവെന്നും നിഴൽകുത്തിനാൽ പാണ്ഡവരെ വധിച്ച ഭരതമലയനെ ദുര്യോധനൻ പ്രശംസിച്ചുവെന്നും കൃഷ്ണാനുഗ്രഹത്താൽ പാണ്ഡവർ പുനർജ്ജനിച്ചുവെന്നും പഴമൊഴി. നിഴൽക്കുത്തിൽ ആഭിചാര സമയത്തു ശത്രുവിന്റെ രൂപങ്ങൾ നിർമ്മിച്ചു അതിൽ പ്രയോഗങ്ങൾ നടത്തുമ്പോൾ ശത്രുവും അതുപോലുള്ള പ്രയോഗങ്ങൾ ഏറ്റു മരണപ്പെടും എന്നാണു വിശ്വാസം.
എന്തായാലും ദുര്യോധനന് ഏറെ പ്രിയപ്പെട്ട നിഴൽക്കുത്ത് എന്ന കഥകളിയാണ് ഇന്നും ഈ ക്ഷേത്രത്തിലെ ആദ്യ ദിന ഉത്സവത്തിനു അരങ്ങേറാറുള്ളത്. മീനമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ഉത്സവം കൊടിയേറുന്നത്.
കുരുക്ഷത്രയുദ്ധത്തിന് പോയ ദുര്യോധനന് വിജയ സൂചകമായി നടത്തുന്ന ഉത്സവം. അതോടെ മലരും പൊരിയും ശർക്കരതുണ്ടുകളും വിൽക്കുന്ന കച്ചവടക്കാരും വച്ചു വാണിഭക്കാരും വിശാലമായ മൈതാനം കൈയ്യടക്കും. മുളക് ബജിയും വറുത്ത കപ്പലണ്ടിയും കൊറിച്ചു ജനം അമ്പലപ്പറമ്പിലൊഴുകി നടക്കും. ഏഴ് ദിവസം രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ആഘോഷത്തിമിർപ്പിൽ നാടും നാട്ടുകാരുമുണർന്നിരിക്കും. മീനമാസത്തിലെ രണ്ടാം വെള്ളിയാഴ്ചയിലെ മലക്കുട ഉത്സവം ലോകപ്രശസ്തമാണ്.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന തദ്ദേശവാസികൾ തങ്ങൾ ഏതു നാട്ടിലായിരുന്നാലും തന്നെ ഒന്നു ചേരുന്ന ദിവസമാണ് അന്ന്. ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ഊഷ്മളമായ ഒത്തുചേരൽ. ജയിലിലുള്ള കുറ്റവാളി പരോളിലെങ്കിലും അന്നിവിടെയെത്തിച്ചേരും.പ്രിയബന്ധുക്കൾക്കായി അക്ഷയപാത്രത്തിലെന്ന പോലെ ആഹാരം നിറച്ചു കുടുംബക്കാർ കാത്തിരിക്കും. മീനമാസത്തിലെ തിളയ്ക്കുന്ന വെയിലിനെയും ചൂടിനേയും വകവയ്ക്കാത്തസ്നേഹസംഗമങ്ങൾ. ആനകളും അമ്പാരിയുമില്ലാത്ത ഉത്സവം. കലശത്തിനായി കള്ള് ഉപയോഗിക്കുന്ന ക്ഷേത്രം. ഉച്ചനീചത്വങ്ങളുടെ അതിർ വരമ്പുകളില്ലാത്ത ക്ഷേത്രാചാരങ്ങൾ. ആറു കരകളിൽ നിന്നായി 80 അടിയോളം ഉയരമുള്ള എടുപ്പുകുതിരകൾ... കൊയ്ത്തു കഴിഞ്ഞു നെല്ലിൻ കുറ്റികൾ നിറഞ്ഞ പാടശേഖരങ്ങളിൽ ഗാംഭീര്യത്തോടെ നിരന്നു നിൽക്കും.
തനതു കരയിൽ നിന്നുമെത്തുന്ന ലക്ഷണമൊത്ത കെട്ടുകാളയും നേർച്ചക്കാളകളും കാഴ്ചക്കാരിൽ ആവേശം ജനിപ്പിച്ചു മുരവ് കണ്ടങ്ങളിൽ ഇളകിയാടും. ഓലക്കുട ചൂടി ഒറ്റക്കാലിൽ ഉറഞ്ഞു തുള്ളിയെത്തുന്ന മലയൂരാളി കെട്ടുകാഴ്ചകളെ അനുഗ്രഹിക്കും. മലയപ്പൂപ്പന്റെ ഉണ്ണി എന്നറിയപ്പെടുന്ന തനതു കരയിലെ കെട്ടുകാള എക്കാലവും അപ്പൂപ്പന്റെ പ്രിയ ഭാജനമാണ്. ഊരാളി അനുഗ്രഹിക്കുന്നതോടെ നൂറു കണക്കിന് ആളുകൾ തോളിലേറ്റുന്ന എടുപ്പുകുതിരകൾ ക്ഷീണമില്ലാതെ മല കയറും. ആവേശത്തിമിർപ്പിൽ ജനസാഗരം ആർപ്പുവിളിക്കും. യുദ്ധത്തിന് പോയി തിരിച്ചുവന്നില്ലെങ്കിൽ താൻ മരിച്ചതായി കണക്കാക്കണമെന്നു പറഞ്ഞ ധീരനായ ഗാന്ധാരീ തനയനുള്ള വായ്ക്കരി പൂജയും അന്നേ ദിവസം അർദ്ധരാത്രിയിൽ നടത്തുന്നുണ്ട്. അതോടെ ഉത്സവത്തിനു കൊടിയിറങ്ങുന്നു. വീണ്ടും അടുത്ത മീനമാസപ്പകലിനായി നാട് നെഞ്ചിടിപ്പോടെ കാത്തിരിക്കും.
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഈ കെട്ടുത്സവം കാണാൻ ഇന്നു ധാരാളം വിദേശികൾ എത്തുന്നുണ്ട്. (ഈ വർഷത്തെ ഉത്സവം മാർച്ച് 22 ന് ആണ് ). പന്ത്രണ്ടു വർഷത്തിലൊരിക്കൽ ഇവിടെ നടക്കുന്ന പള്ളിപ്പാനയും വളരെ പ്രശസ്തമാണ്. കുരുക്ഷേത്ര യുദ്ധത്തിലെ ശരശയ്യയെ അനുസ്മരിപ്പിക്കുന്ന ആചാരം. ദേഹം മുഴുവൻ ചൂരൽ വള്ളികൾ ചുറ്റി ക്ഷേത്രാങ്കണത്തിൽ ഉരുളുന്ന ചടങ്ങാണ് ഇതിൽ പ്രധാനം. 2023 ലാണ് അടുത്ത പള്ളിപ്പാന. മത്സരക്കമ്പത്തിനു ഏറെ പ്രശസ്തമായിരുന്നു പെരുവിരുത്തി മലനട. 90 കളിലെ വൻ വെടിക്കെട്ട് ദുരന്തത്തിന് ശേഷം വെടിക്കെട്ടിന് എന്നെന്നേക്കുമായി ഇവിടെ തിരശീല വീണിരിക്കുകയാണ്. 33 പേരുടെ മരണത്തിനു ഇടയാക്കിയ, 80 ഓളം പേർക്ക് ഗുരുതരമായി മുറിവേറ്റ, ഗ്രാമം ഇന്നും മറക്കാനാഗ്രഹിക്കുന്ന ഒരേട്. തിരികെ പോരുമ്പോൾ നാട്ടുവെളിച്ചം അസ്തമിച്ചു തുടങ്ങിയിരുന്നു. മനസ് എല്ലാ തൃഷ്ണകളും ശമിച്ചു തണുത്തിരുന്നു.
(ലേഖികയുടെ ഇമെയിൽ:
remyasanand@gmail.com)