ഇന്ത്യൻ നിരത്തിൽ വിജയക്കൊടി പാറിച്ച വലിയ പ്രീമിയം എസ്.യു.വികൾ ഏതെന്ന് ചോദിച്ചാൽ ഒരിക്കലും മറക്കരുതാത്തൊരു പേരുണ്ട്, ഫോഡ് എൻഡവർ. 2016ൽ എൻഡവറിന്റെ മൂന്നാംതലമുറ മോഡൽ പുറത്തിറക്കിയ ഫോഡ്, മൂന്നുവർഷത്തിന് ശേഷം ഒട്ടേറെ പുതുമകളുമായി ആ സൂപ്പർതാരത്തെ വീണ്ടും നിരത്തിലെത്തിച്ചു. പുതുമ മാത്രമല്ല, ശ്രേണിയിൽ തന്നെ ആദ്യമെന്ന ഒരുപാട് ഫീച്ചറുകളാണ് പുതിയ എൻഡവറിലുള്ളത്.
ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്രയുടെ പുതിയ അവതാരമായ അൾട്ടുറാസ് ജി4 എന്നിവയോടാണ് വിപണിയിൽ ഫോഡ് എൻഡവറിന്റെ പോരാട്ടം. ഫോഡിന്റെ ചെന്നൈയിലെ ഇന്റഗ്രേറ്റഡ് മാനുഫാക്‌ചറിംഗ് യൂണിറ്റിൽ അസംബിൾ ചെയ്‌തിറക്കുന്ന പുത്തൻ എൻഡവർ, ആകർഷകമായ ഡിഫ്യൂസ്‌ഡ് സിൽവർ, സൺസെറ്ര് റെഡ്, ഡയമണ്ട് വൈറ്ര്, അബ്‌സൊല്യൂട്ട് ബ്ളാക്ക്, മൂൺഡസ്‌റ്ര് സിൽവർ നിറങ്ങളിൽ ലഭിക്കും. മൂന്നുവർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ വാറന്റിയുമായാണ് വരവ്.
2.2 ലിറ്റർ - നാല് സിലിണ്ടർ - ടി.ഡി.സി.ഐ ഡീസൽ എൻജിൻ, 3.2 ലിറ്റർ - അഞ്ച് സിലിണ്ടർ - ടി.ഡി.സി.ഐ എൻജിൻ ഓപ്‌ഷനുകളാണ് പുതിയ മോഡലിന്. 6-സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സാണുള്ളത്. ഉപഭോക്താക്കളിൽ നിന്ന് ഡിമാൻഡുയർന്ന പശ്ചാത്തലത്തിൽ, 2.2 ലിറ്റർ ഡീസൽ വിഭാഗത്തിൽ 6-സ്‌പീഡ് മാനുവൽ ഗിയർ സംവിധാനവും ഉണ്ട്. ഈ വേരിയന്റിന് വില 28.19 ലക്ഷം രൂപ മുതലാണ്. 2.2 ലിറ്റർ ഓട്ടോമാറ്റിക് വേർഷന് വില 30.60 ലക്ഷം രൂപ മുതൽ. 3.2 ലിറ്റർ എൻജിൻ വേരിയന്റിന്റെ വില 32.97 ലക്ഷം രൂപയിലും ആരംഭിക്കുന്നു. 160 പി.എസ് കരുത്തും 385 ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് 2.2 ലിറ്റർ എൻജിൻ. മാനുവൽ വേരിയന്റ് ലിറ്ററിന് 14.2 കിലോമീറ്ററും ഓട്ടോമാറ്രിക് വേരിയന്റ് 12.6 കിലോമീറ്ററും മൈലേജ് വാഗ്‌ദാനം ചെയ്യുന്നു.
3.2 ലിറ്റർ എൻജിൻ ലിറ്ററിന് 10.6 കിലോമീറ്റർ ഇന്ധനക്ഷമതയും അവകാശപ്പെടുന്നു. 200 പി.എസ് കരുത്തും 470 ന്യൂട്ടൺ മീറ്റർ (എൻ.എം) ടോർക്കും ഉത്‌പാദിപ്പിക്കുന്ന എൻജിനാണിത്. ടൈറ്രാനിയം, ടൈറ്രാനിയം പ്ളസ് എന്നീ വിഭാഗങ്ങളിലായാണ് പുതിയ എൻഡവറിനെ ഫോഡ് അവതരിപ്പിച്ചിരിക്കുന്നത്. ഒറ്രനോട്ടത്തിൽ, എൻഡവറിന്റെ പുറംമോടിയിൽ വലിയ മാറ്റങ്ങൾ കാണാനാവില്ല. എന്നാൽ, പുതിയ ഫീച്ചറുകൾ വാഹനത്തിന് പ്രീമിയം ലുക്ക് ഉറപ്പാക്കുന്നുമുണ്ട്. ക്രോം പ്ളേറ്റുകളോട് കൂടിയ, നല്ല ഫിനിഷിംഗുള്ള പുതിയ ഗ്രില്ലാണ്, ഗൗരവം നിറഞ്ഞ മുൻഭാഗത്തെ പ്രധാന ആകർഷണം. മുന്നിലും പിന്നിലും ബമ്പറുകൾക്ക്, വാഹനത്തിന്റെ അടിഭാഗത്തിന്റെ സംരക്ഷണത്തിനായി സ്‌കിഡ് പ്ളേറ്റുകൾ നൽകിയിരിക്കുന്നു.
പുതിയ 18-ഇഞ്ച് അലോയ് വീലുകൾ സ്‌പോർട്ടീലുക്കും സമ്മാനിക്കുന്നു. പിൻഭാഗത്ത് കാര്യമായ മാറ്റങ്ങളില്ല. അകത്തളത്തിൽ, കറുപ്പും ബീജും ചേർന്ന പുതിയ കളർതീം വന്നതോടെ, മികച്ചൊരു തെളിച്ചം ദൃശ്യമാണ്. ഡ്രൈവർ, കോ-ഡ്രൈവർ സീറ്റുകൾ എട്ട് തരത്തിൽ ഇലക്‌ട്രിക്കലി ക്രമീകരിക്കാം. പനോരമിക് സൺറൂഫ്, പവർ-ഫോൾഡ് മൂന്നാംനിര സീറ്ര്, അത് മടക്കിവയ്‌ക്കുമ്പോൾ കിട്ടുന്ന 2, 000 ലിറ്റർ ബൂട്ട്‌സ്‌പേസ്, വോയിസ് കമാൻഡോടു കൂടിയ എട്ടിഞ്ച് ഇൻഫോടെയ്‌ൻമെന്റ്, ഏഴ് എയർബാഗുകൾ തുടങ്ങിയ നിരവധി സവിശേഷതകളും ഈ 7-സീറ്റർ എസ്.യു.വിയിൽ കാണാം.
ബൂട്ട്, താക്കോൽ ഉപയോഗിക്കാതെ തുറക്കാനുള്ള സെൻസർ ടെക്‌നോളജിയും പ്രത്യേകതയാണ്. പിന്നിലെ, ബമ്പറിന് താഴെ കാൽപാദം അനക്കുന്നതിലൂടെ ബൂട്ട് അടയ്‌ക്കാനും തുറക്കാനും കഴിയും. നാല് ഡ്രൈവിംഗ് മോഡുകൾ, പാർക്ക് അസിസ്‌റ്ര്, പുഷ് സ്‌റ്റാർട്ട് ബട്ടൺ, കീലെസ് എൻട്രി, റിയർ ആൻഡ് ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് കാമറ, ഓട്ടോമാറ്രിക് ഹെഡ്ലാമ്പും വൈപ്പറും, ഡ്യുവൽസോൺ ഓട്ടോമാറ്രിക് ക്ളൈമറ്ര് കൺട്രോൾ എന്നിങ്ങനെയും പുതിയ എൻഡവറിന് സവിശേഷതകൾ ധാരാളം.