ഇനി ഇതു കൂടിയേ ബാക്കിയുള്ളൂ, ദാ വിൽക്കുകയോ പണയം വയ്ക്കുകയോ എന്തു വേണമെങ്കിലും ചെയ്യ്..." സിനിമാ മോഹം തലയ്ക്കു പിടിച്ച ഭർത്താവിന് അവസാനത്തെ പൊൻതരിയും ഊരി നൽകി അവൾ പറഞ്ഞതാണിത്. ടാപ്പിംഗ് തൊഴിലാളിയായ ഷെരീഫ് ഇസ സിനിമാ പിടിക്കാനിറങ്ങി കടം കയറിയപ്പോഴാണ് ഭാര്യ ആകെയുള്ള ഇത്തിരി പൊന്ന് നൽകിയത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിച്ചപ്പോൾ മികച്ച ചിത്രമായത് ഷെരീഫിന്റെ 'കാന്തൻ ദി ലവർ ഓഫ് കളർ" ആണെന്നറിഞ്ഞപ്പോൾ 20 ലക്ഷത്തിന്റെ കടമൊക്കെ മറന്ന് സന്തോഷിക്കാൻ മാത്രമെ ഈ തളിപ്പറമ്പ് കൂവേരിക്കാരന് കഴിഞ്ഞുള്ളൂ.
കാടും പുഴയും ഇഞ്ചിഞ്ചായി മരിക്കുമ്പോൾ ഉള്ളുരുകിത്തീരുന്ന ഒരുപറ്റം മനുഷ്യരുടെ നിറമില്ലാത്ത ജീവിതമാണ് 'കാന്തൻ ദി ലവർ ഓഫ് കളർ". ചമയങ്ങളില്ലാതെ ഗോത്രവർഗ ഭാഷയായ റാവുള്ളയിൽ ഒരുക്കിയ ചിത്രത്തിന്റെ ഈണം പോലും ഗോത്രവർഗക്കാരുടേത്. കർഷകരായ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുന്നതോടെ അനാഥമാവുന്ന കാന്തൻ എന്ന ബാലനും അവനെ എടുത്തുവളർത്തുന്ന ഇറ്റിയാമ എന്ന മുത്തശ്ശിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ.
രണ്ടു വർഷമായി ഈ സിനിമയുടെ ജോലി തുടങ്ങിയിട്ട്. വയനാട് തിരുനെല്ലിയിലാണ് ഷൂട്ടിംഗ്. മഴക്കാലത്തു മാത്രമേ ഷൂട്ടിംഗ് നടത്താൻ കഴിഞ്ഞിരുന്നുള്ളൂ. ഇല്ലെങ്കിൽ കുടുംബം പട്ടിണിയായി പോകുമെന്ന് ഷെഫീക്കിന് നന്നായിട്ടറിയാം. മഴക്കാലത്ത് ടാപ്പിംഗ് ഇല്ലല്ലോ. ഒരു മരം ടാപ്പ് ചെയ്താൽ രണ്ടു രൂപയാണ് കിട്ടുക. രാവിലെ നാലിന് ടാപ്പിംഗിനിറങ്ങിയാൽ പത്ത്, പതിനൊന്നു മണിയാകുമ്പോഴേക്ക് 350 മരം ടാപ്പ് ചെയ്തു കഴിയും. 700 രൂപ ഉറപ്പാകും. അതിൽ നിന്നു മിച്ചം പിടിച്ചാൽ എങ്ങനെ സിനിമ ഉണ്ടാകും? ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അരമണിക്കൂർ ദൈർഘ്യമുള്ള ഒരു ഹ്രസ്വചിത്രമായിരുന്നു ആദ്യം പ്ളാൻ ചെയ്തത്. എന്നാൽ പ്രശ്നങ്ങളെ സമീപിച്ചപ്പോൾ അരമണിക്കൂറിൽ പറഞ്ഞാൽ തീരില്ലെന്നായി. സിനിമയുടെ സബ്ജക്ടുമായി നിർമ്മാണത്തിനായി ഒരുപാട് പേരെ കണ്ടു. ആരും തയ്യാറായില്ല. ഒടുവിൽ കിട്ടിയവരിൽ നിന്നൊക്കെ ഒരു ലക്ഷം, അമ്പതിനായിരം, പതിനായിരമൊക്കെ കടമായി വാങ്ങി. 20 ലക്ഷം വേണ്ടി വന്നു പൂർത്തിയാക്കാൻ.
ശേഷം ഷെറീഫ് പറയുന്നു
''സെൻസറിംഗിനു തന്നെ ഒരു ലക്ഷത്തിലേറെ വേണമായിരുന്നു. അതും കടംവാങ്ങി. ഏറെ പ്രതീക്ഷകളോടെയാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് എൻട്രി അയച്ചത്. പ്രളയത്തിനു ശേഷം നടക്കുന്ന മേള. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന സിനിമ. മാത്രമല്ല ലിപിയില്ലാത്ത റാവുള്ള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. അത്തരത്തിലുള്ള സിനിമ ഇത് ആദ്യമാണ്. അതൊക്കെ അംഗീകരിക്കപ്പെടുമെന്ന് ചിന്തിച്ചു. എന്നാൽ തള്ളിക്കളയുകയാണ് ഉണ്ടായത്. അത് വലിയ നിരാശയും സങ്കടവുമാണ് ഉണ്ടാക്കിയത്. അതുകൊണ്ടു തന്നെ സംസ്ഥാന അവാർഡിന് അയക്കുമ്പോൾ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എൻട്രി ഫീസായ പതിനായിരം രൂപ സ്വരൂപിക്കാൻ ആദ്യമൊന്നും കഴിഞ്ഞതുമില്ല. പിന്നെ, അതും കടം വാങ്ങി. അവസാന ദിവസമാണ് എൻട്രി അയച്ചത്. അവാർഡ് കിട്ടിയപ്പോൾ സന്തോഷമായി. സിനിമയുമായി നടന്നപ്പോൾ പുച്ഛിച്ചവരും ഒഴിഞ്ഞു മാറിയവരും ഇപ്പോൾ ബഹുമാനത്തോടെയാണ് കാണുന്നത് "".
ഒടുവിൽ കുമാർ സാഹ്നി വിളിച്ചു
മികച്ച ചിത്രമായ 'കാന്തൻ ദി ലവർ ഓഫ് കളർ" നു തന്നെ മികച്ച സംവിധായകനുള്ള പുരസ്കാരവും നൽകണമെന്ന് ജൂറി ചെയർമാൻ കുമാർ സാഹ്നി സാർ ആവശ്യപ്പെട്ട വാർത്ത ഞാൻ വായിച്ചറിഞ്ഞിരുന്നു. എനിക്ക് സംവിധായകനുള്ള അവാർഡ് നൽകണമെന്നുള്ള ചെയർമാന്റെ തീരുമാനത്തിനെ മറ്റ് അംഗങ്ങൾ എതിർത്തത്തിനെ കുറിച്ചുള്ള വിശദമായ വാർത്ത് 'കേരളകൗമുദി"യിലും വായിച്ചു. എന്നാൽ ഇവിടെ കണ്ണൂരിൽ മറിച്ചൊരു പ്രചരണമാണ് ഉണ്ടായത്. എന്റെ ചിത്രത്തിന് അവാർഡ് നൽകുന്നതിനെ ചെയർമാൻ ശക്തിയോടെ എതിർത്തുവെന്നും മറ്റ് അംഗങ്ങൾ നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് കിട്ടിയതെന്നുമായിരുന്നു പ്രചാരണം.
അടുത്ത ദിവസം തന്നെ എനിക്കൊരു ഫോൺ കാൾ വന്നു. സാക്ഷാൽ കുമാർ സാഹ്നിയായിരുന്നു അങ്ങേ തലയ്ക്കൽ. എന്റെ ചിത്രം ഏറെ ഇഷ്ടപ്പെട്ടുവെന്നും നല്ല ഛായാഗ്രഹണമായിരുന്നു ചിത്രത്തിലേതെന്നും പറഞ്ഞ അദ്ദേഹം 'കാന്തൻ ദി ലവർ ഓഫ് കളറി"ന് അഞ്ച് അവാർഡ് കിട്ടാൻ അർഹതയുണ്ടായിരുന്നുവെന്നും പറഞ്ഞു.
''ഷെഫീക്കിൽ കാലത്തിന്റെ പൾസറിയുന്ന നല്ല ഡയറക്ടറെ ഞാൻ കാണുന്നു. നിങ്ങൾക്ക് ബോളിവുഡിൽ നന്നായി തിളങ്ങാൻ കഴിയും, മലയാളത്തിന്റെ പരിമിതി വിട്ട് വരൂ, ഞാൻ താങ്കളെ അവിടേക്ക് ക്ഷണിക്കുന്നു...""എന്നു പറഞ്ഞ അദ്ദേഹം ഇനി കേരളത്തിൽ എത്തുമ്പോൾ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും കാണണമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ വലിയ ഊർജ്ജമായിരുന്നു എനിക്ക്.
ഇറ്റിയാമ്മ ആര് ? ഉത്തരം ദയാബായി
കർഷകരായ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുന്നതോടെ അനാഥമാവുന്ന കാന്തൻ എന്ന ബാലനെ എടുത്തുവളർത്തുന്ന ഇറ്റിയാമ്മ ആരാകുമെന്ന് ചിന്തിച്ചപ്പോൾ ഒറ്റമുഖമേ മനസിൽ വന്നുള്ളൂ. അത് ആദിവാസികൾക്കു വേണ്ടി ജീവിക്കുന്ന ദയാബായിയുടേതായിരുന്നു. ആദ്യം സമീപിച്ചപ്പോൾ അവർ സമ്മതിച്ചില്ല. പിന്നെ സിനിമയുടെ സബ്ജക്ട് പറഞ്ഞു. ഒടുവിൽ സ്ക്രിപ്ട് വായിക്കണമെന്നു പറഞ്ഞു. പൂനയിൽ വച്ച് സ്ക്രിപ്ട് വായിക്കുന്നതിനിടയിൽ ദയാബായിയുടെ മുഖത്ത് സങ്കടം ഇരച്ചു കയറുന്നത് ഞാൻ കണ്ടു. യാത്രാ ചെലവ് അല്ലാതെ ഒരു രൂപ പോലും വാങ്ങാതെയാണ് ദയാബായി അഭിനയിച്ചത്. ഛായാഗ്രാഹകനായ പ്രിയൻ, എഡിറ്ററായ പ്രശോഭ്, ഷെബി ഫിലിപ്പ് എന്നിവരുൾപ്പെടെ അഞ്ചുപേർ മാത്രമാണ് അണിയറക്കാർ. കാന്തനെ അവതരിപ്പിച്ച പ്രജിത് നേരത്തെ 'ആദിമദ്ധ്യാന്ത"ത്തിൽ അഭിനയിച്ച ബാലനായിരുന്നു. സുജയൻ, ആകാശ് എന്നിവരൊഴികെ ബാക്കിയെല്ലാവരും ആദിവാസികളായിരുന്നു. തിരുനെല്ലിയിൽ അവരുടെ വീടുകളിൽ താമസിച്ചു. അവർ വച്ചു വിളമ്പിയത് കഴിച്ചാണ് ഞങ്ങൾ ചിത്രീകരണം പൂർത്തിയാക്കിയത്.
സിനിമയ്ക്കു മുമ്പ് നാടകം
എട്ടാംക്ലാസ് മുതൽ നാടകം എഴുതാനും സംവിധാനം ചെയ്യാനുമൊക്കെ തുടങ്ങി. സിനിമയെക്കുറിച്ചുള്ള ബാലപാഠങ്ങൾ പഠിക്കാനായി കല്യാണവീഡിയോ പഠിച്ചു. സ്വന്തമായി ഷോർട്ട് ഫിലിമുകൾ ചെയ്തു. ഇളംവെയിൽ, നന്മകൾ പൂക്കുന്ന നാട്ടിൽ എന്നീ രണ്ട് ജനകീയ സിനിമകളിൽ വർക്ക് ചെയ്യാനായത് ആത്മവിശ്വാസം നൽകി. കഥാകൃത്തും സുഹൃത്തുമായ പ്രമോദ് കൂവേരിയാണ് സിനിമയുടെ കഥ പറഞ്ഞത്. എന്റെ കൂടെ കല്യാണവർക്കിന് വരുന്ന കൂട്ടുകാർ തന്നെ ബാക്കി ജോലികളെല്ലാം പങ്കിട്ടെടുത്തു. പുതിയചിത്രത്തിന്റെ പണി ആരംഭിച്ചിട്ടുണ്ട്. 'എലിയേട്ടൻ" എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. അരികുവൽക്കരിക്കപ്പെട്ട ഒരു സാധാരണക്കാരന്റെ ചിത്രമാണ്. ഈ ചിത്രത്തിന് നിർമ്മാതാവിനെ തേടി അലയേണ്ടി വന്നില്ല.
ഭാര്യ ഡബിൾ ഹാപ്പി
അവാർഡ് കിട്ടിയതിൽ ഭാര്യ ഷബ്നയ്ക്ക് വലിയ സന്തോഷമാണ്. അവൾക്ക് നഷ്ടപ്പെട്ട സ്വർണമൊക്കെ എന്ന് വീണ്ടെടുക്കാൻ കഴിയുമെന്നറിയില്ല. നിലവിൽ 16 ലക്ഷത്തിന്റെ കടമുണ്ട്. ഇപ്പോഴും ജീവിക്കുന്നത് ടാപ്പിംഗ് ചെയ്തു തന്നെയാണ്. അവാർഡുകൾ കുറച്ചു കടം വീട്ടാനുള്ള വക കൂടി തരുന്നുണ്ട്. ഇപ്പോഴിതൊക്കെ കാണാൻ എനിക്കൊരു മകനുണ്ട്, എട്ടു മാസമേ ആയുള്ളൂ ആദിൽ ഇസ എന്നാണ് പേര്.