india-pak

ന്യൂഡൽഹി: 2025ന് ശേഷം പാകിസ്ഥാൻ ഇന്ത്യയുടെ ഭാഗമാകുമെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ പറഞ്ഞു. ‘കാശ്‌മീർ-മുമ്പോട്ടുള്ള വഴി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.1947ന് മുമ്പ് പാകിസ്ഥാൻ ഉണ്ടായിരുന്നില്ലെന്നും എന്നാൽ,​ 2025ന് ശേഷം പാകിസ്ഥാൻ ഇന്ത്യയുടെ ഭാഗമാകുമെന്നും ഇന്ദ്രേഷ് കുമാർ കൂട്ടിച്ചേർത്തു.

അഞ്ച് വർഷം കഴിഞ്ഞാൽ കറാച്ചിയിലും ലാഹോറിലും സിയാൽകോട്ടിലുമെല്ലാം ഇന്ത്യക്കാർക്ക് വീട് നിർമ്മിക്കാനും കച്ചവടം തുടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘അഖണ്ഡ ഭാരത’മാണ് ഉണ്ടാവുക. ഇന്ത്യയുടെ നീക്കങ്ങൾക്ക് അനുകൂലമായി നിൽക്കുന്ന ഒരു സർക്കാരാണ് ബംഗ്ലാദേശിലുള്ളതെന്ന് തങ്ങൾ ഉറപ്പുവരുത്തിയതായും ആർ.എസ്.എസ് നേതാവ് വ്യക്തമാക്കി.

‘കാശ്മീരിൽ ഇന്ത്യൻ സർക്കാർ ആദ്യമായൊരു കടുത്ത നിലപാടെടുത്തു. രാഷ്ട്രീയ ഇച്ഛാശക്തിയ്‌ക്കൊപ്പം സൈന്യം പ്രവർത്തിച്ചതിന്റെ ഫലമാണിത്. ഇപ്പോൾ രാഷ്ട്രീയത്തിൽ മാറ്റമുണ്ടായിരിക്കുകയാണ്. ലാഹോറിൽ താമസിക്കുന്നതിനും ചൈനയുടെ അനുമതിയില്ലാതെ മാനസസരോവറിലേക്ക് പോകാനുള്ള നമ്മുടെ സ്വപ്‌നങ്ങളും അവശേഷിക്കുകയാണ്’- ഇന്ദ്രേഷ് പറഞ്ഞു. മോദിയെ എതിർക്കാനായി പാകിസ്ഥാനെ അനുകൂലിക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു.