കാസർകോട്: രാജ്മോഹൻ ഉണ്ണിത്താനെ കാസർകോട് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി പ്രാദേശിക കോൺഗ്രസ് നേതാക്കൾ. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പ്രാദേശിക തലത്തിൽ വൻ പ്രതിഷേധം ഉയരുകയുകയും ചെയ്തു.
ഉണ്ണിത്താന്റെ രംഗപ്രവേശനത്തോടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രാജി ഭീഷണി ഉയർത്തിയിരുന്നു. പതിനെട്ടുപേർ ഭാരവാഹിത്വം ഉപേക്ഷിച്ച് രാജിവെക്കുമെന്ന് ഡി.സി.സി സെക്രട്ടറി അഡ്വക്കേറ്റ് ഗോവിന്ദൻ പറഞ്ഞു. സ്ഥാനാർത്ഥി പരിഗണനാ പട്ടികയിൽ ഉണ്ടായിരുന്ന സുബയ്യ റേയ്ക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ജില്ലാ നേൃത്വത്തിലെ പിണക്കമാണ് സ്ഥാനാർത്ഥി പട്ടികയിൽ നിന്നും സുബ്ബയ്യ റേയെ ഒഴിവാക്കാൻ കാരണമെന്നാണ് നേതാക്കളുടെ ആരോപണം. പ്രതിഷേധ സൂചകമായി സുബ്ബയ്യ റേയും കെ.പി.സി.സി അംഗത്വം രാജിവയ്ക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റി സെക്രട്ടറി വ്യക്തമാക്കി.
ജില്ലയിൽ നിന്നുള്ള ആളെ മത്സരിപ്പിക്കണമെന്ന ആവശ്യം മുൻ നിർത്തിയാണ് ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം. ഇന്ന് യോഗം ചേർന്ന് നേതൃസ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുന്നതടക്കമുള്ള തീരുമാനങ്ങൾ ഉണ്ടാവും. പാർട്ടിയിൽ പ്രതിഷേധവും എതിർപ്പുകളും രൂക്ഷമായതിനെ തുടർന്ന് പ്രശ്നം പരിഹരിക്കാനായി കോൺഗ്രസ് നേതൃത്വം നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എതിർപ്പുള്ള നേതാക്കന്മാരുമായി ചർച്ച നടത്താനാണ് തീരുമാനം. പ്രതിഷേധത്തിൽ നിന്ന് പിന്മാറാനും ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ആരും പ്രതിഷേധമോ രാജി വിവരങ്ങളോ തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ഡി.സി.സി നേതൃത്വം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി രാജ്മോഹൻ ഉണ്ണിത്താൻ നാളെ കാസർകോട് എത്തും.