kv-thomas-bjp

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ കെ.വി.തോമസ് എം.പിയെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ ബി.ജെ.പി സജീവ ശ്രമങ്ങൾ തുടങ്ങി. എറണാകുളം മണ്ഡലത്തിൽ നിന്നും ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ കെ.വി.തോമസിനെ സംസ്ഥാന നേതൃത്വം ക്ഷണിച്ചു. പുതിയ നേതാക്കളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്‌ണൻ പറഞ്ഞു. കെ.വി.തോമസിനെ പോലുള്ള മുതിർന്ന നേതാക്കളെ ബി.ജെ.പി സ്വീകരിക്കുമെന്നും അസന്തുഷ്‌ടരായ നിരവധി പേർ ഇനി കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ ടോം വടക്കന്റെ നേതൃത്വത്തിലാണ് ഡൽഹിയിൽ നീക്കങ്ങൾ നടക്കുന്നത്.

അതേസമയം, കെ.വി.തോമസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് സംസ്ഥാന, ദേശീയ നേതൃത്വവും ശ്രമം തുടങ്ങി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.വി.തോമസുമായി ചർച്ച നടത്തി. എറണാകുളം സീറ്റിന് പകരം തോമസിന് പാർട്ടിയിലെ ഉന്നത സ്ഥാനങ്ങൾ എന്തെങ്കിലും നൽകുന്ന കാര്യവും നേതൃത്വം പരിഗണിക്കുന്നുണ്ട്. മുതിർന്ന നേതാവ് അഹമ്മദ് പട്ടേൽ അൽപ്പസമയത്തിനുള്ളിൽ തന്നെ തോമസിനെ സന്ദർശിച്ച് ചർച്ച നടത്തുമെന്നും വിവരമുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാവായ കെ.വി.തോമസ് ബി.ജെ.പിയിലേക്ക് പോകില്ലെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയിൽ ചേരുമോ എന്ന ചോദ്യത്തിന് വ്യക്തമായി പ്രതികരിക്കാൻ കഴിഞ്ഞ ദിവസം തോമസ് തയ്യാറായില്ല. കെ.വി.തോമസ് ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം തെറ്റാണെന്നും താൻ അങ്ങനെ വിശ്വാസിക്കുന്നില്ലെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ പ്രതികരിച്ചു.