തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് പ്രവർത്തകർ. ഒരുഭാഗത്ത് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ടോം വടക്കന്റെ നേതൃത്വത്തിൽ ഇത്തരമൊരു നീക്കം നടക്കുന്നുണ്ട്.
അതേസയം, കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലാണ് നീക്കങ്ങൾ നടക്കുന്നതെന്നാണ് സൂചന. സ്‌മൃതി ഇറാനിയും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനനേതാക്കളാരും ഇതുവരെ ഇതിൽ ഇടപെട്ടിട്ടില്ല. ആവശ്യമെങ്കിൽ സംസ്ഥാനനേതൃത്വത്തെക്കൂടി ഉൾപ്പെടുത്തി ചർച്ച നടത്താനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുക.
കെ.വി തോമസ് ബി.ജെ.പി പാളയത്തിലെത്തിയാൽ ഹൃദയത്തോട് ചേർത്തു നിർത്തുമെന്നാണ് ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ പറഞ്ഞത്. താനും സംസ്ഥാന ബി.ജെ.പി നേതൃത്വവും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. സോണിയ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ടോം വടക്കന്റെ കളം മാറ്റത്തിന് തൊട്ടുപിന്നാലെ സീറ്റ് കിട്ടാത്തതിൽ അതൃപ്തിയുമായി രംഗത്ത് വന്ന കെ.വി തോമസിനെക്കൂടി ബി.ജെ.പി പാളയത്തിലെത്തിക്കാൻ കഴിഞ്ഞാൽ അത് നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
അതേസമയം, തോമസിനെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നതുപോലും ശരിയല്ലെന്നാണ് യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ പ്രതികരിച്ചത്. മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും ഈ സാദ്ധ്യത തള്ളിയിരുന്നു. പാർട്ടിവിട്ട് ബി.ജെ.പി.യിൽ ചേരുമോ എന്ന് ഡൽഹിയിൽ മാദ്ധ്യമങ്ങൾ തോമസിനോട് ചോദിച്ചപ്പോൾ, ഇല്ലായെന്ന വ്യക്തമായ മറുപടി ഉണ്ടായില്ല. അതാണ് പ്രവർത്തകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത്. കെ.വി. തോമസ് ബി.ജെ.പി.യിലേക്ക് പോകുമെന്ന പ്രചാരണം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം പുകഴ്‌ത്തി എന്നതായിരുന്നു അതിനുകാരണമായി പറഞ്ഞിരുന്നത്.
കെ.വി. തോമസ് പാർട്ടിയിലേക്ക് വരുമെന്ന് പ്രചരിപ്പിക്കാൻ ബി.ജെ.പി.യിൽനിന്നും നേരത്തെ ചിലഘട്ടങ്ങളിൽ ശ്രമമുണ്ടായിരുന്നു. കേരളത്തിൽനിന്ന് പല പ്രമുഖരെയും ലക്ഷ്യമിട്ടപ്പോൾ അതിലൊരാൾ കെ.വി. തോമസാണെന്നും ബി.ജെ.പി.നേതാക്കൾ രഹസ്യമായി പറഞ്ഞുനടന്നിരുന്നു. എന്നാൽ, ഒരുഘട്ടത്തിലും പേര് പരസ്യമായി പറയാൻ തയ്യാറായിരുന്നില്ല. അതേസമയം, താൻ ജനങ്ങൾക്കൊപ്പം നിൽക്കുന്ന ആളാണെന്നും അവരോടൊപ്പം എപ്പോഴുമുണ്ടാകുമെന്നുമാണ് തോമസ് വ്യക്തമാക്കിയിട്ടുള്ളത്.