ന്യൂഡൽഹി: പദ്മ പുരസ്കാരം ഏറ്റുവാങ്ങുന്നതിനിടയിൽ രാഷ്ട്രപതിക്ക് 'വൃക്ഷമാതാവിന്റെ അനുഗ്രഹം.പ്രോട്ടോക്കോൾ മറന്ന് രാഷ്ട്രപതി നിറഞ്ഞ മനസോടെ അനുഗ്രഹം സ്വീകരിക്കുകയും ചെയ്തു. സാധാരണ പത്മ പുരസ്കാരങ്ങൾ സ്വീകരിക്കുന്നവർ രാഷ്ട്രപതിയെ ബഹുമാനിച്ചു വേദി വിടുകയാണ് പതിവ്. എന്നാൽ വൃക്ഷമാതായെന്ന് അറിയപ്പെടുന്ന കർണാടക സ്വദേശി ശാലുമരഡ തിമ്മക്ക എന്ന 107കാരി ഏവരെയും അമ്പരപ്പിക്കുകയായിരുന്നു.
ബഹുമതി സ്വീകരിച്ച തിമ്മക്ക രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ തലയിൽ കൈവച്ച് അനുഗ്രഹിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാർ ഉൾപ്പെടുന്ന സദസ് തിമ്മക്കയുടെ നിഷ്കളങ്കമായ മനസിനെ ഹസ്താരവങ്ങളോടെയായിരുന്നു സ്വീകരിച്ചത്. രാഷ്ട്രപതി ഭവനിലെ സുരക്ഷാ ഭടനാണ് ബഹുമതി സ്വീകരിക്കാനായി തിമ്മക്കയെ വേദിയിലേക്ക് കൈപിടിച്ചു കയറ്റിയത്.
ബഹുമതി പത്രം നൽകിയ രാംനാഥ് കോവിന്ദ് ഫോട്ടോ എടുക്കുന്നതിനായി കാമറയിലേക്കു നോക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തിമ്മക്കയിലെ അമ്മ മനസ് ഉണർന്നത്. തന്നോടു സംസാരിക്കാൻ തലകുനിച്ച രാംനാഥ് കോവിന്ദിന്റെ ശിരസിൽ കൈവച്ച് അനുഗ്രഹിക്കുകയായിരുന്നു തിമ്മക്ക.നിറമനസ്സോടെയാണ് തിമ്മക്കയുടെ അനുഗ്രഹം രാഷ്ട്രപതി സ്വീകരിച്ചത്.
കർശനമായ പ്രോട്ടോകോൾ പ്രകാരം നടത്തുന്ന ചടങ്ങിൽ ഇളംപച്ച നിറത്തിലുള്ള സാരി ധരിച്ച് നെറ്റിയിൽ വിഭൂതിയും തിലകവും അണിഞ്ഞാണ് തിമ്മക്കയെത്തിയത്. 400 പേരാലുകൾ ഉൾപ്പെടെ 8000 വൃക്ഷത്തൈകൾ നട്ടുപരിപാലിച്ചതിനാണു രാഷ്ട്രം നൽകുന്ന സിവിലിയൻ ബഹുമതിക്കു തിമ്മക്കയെ തെരഞ്ഞെടുത്തത്.
വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടാകാത്തതിൽ മനംനൊന്ത് നാൽപ്പതാം വയസിൽ തിമ്മക്ക ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. എന്നാൽ ഭർത്താവിന്റെ പിന്തുണയോടെ ജീവിത്തിലേക്ക് തിരികെയെത്തിയ തിമ്മക്ക പിന്നീടു പ്രകൃതി സംരക്ഷണത്തിലേക്ക് തിരിയുകയായിരുന്നു.
പകൽ മുഴുവൻ ജോലി ചെയ്തശേഷം ഇരുവരും ചേർന്ന് വൈകിട്ട് വഴിയരികിലും പൊതുസ്ഥലങ്ങളിലും മരം വച്ചുപിടിപ്പിക്കാൻ തുടങ്ങി. ആദ്യ വർഷം പത്തു വൃക്ഷത്തൈകളായിരുന്നു വച്ചു പിടിപ്പിച്ചത്. പിന്നീട് ഓരോ വർഷവും തൈകളുടെ എണ്ണം കൂട്ടുകയും ചെയ്തു. എന്നാൽ മറ്റുള്ളപരെ പോലെ വെറുതെ തൈകൾ വച്ച് പോവുകയല്ല അതിന് വെള്ളമൊഴിച്ച് പരിപാലിക്കുകയും ചെയ്തു.
ദിവസവും നാലു കിലോമീറ്ററിലേറെ വെള്ളം ചുമന്നു കൊണ്ടുപോയി തൈകൾക്കു നനച്ച് പരിപാലിക്കുകയും ചെയ്തിട്ടുണ്ട് തിമ്മക്ക. കഴിഞ്ഞ 65 വർഷം കൊണ്ട് 8000ലേറെ വൃക്ഷങ്ങളാണ് തിമ്മക്ക വച്ച് പിടിപ്പിച്ചത്. ഇന്നു ഹുളിക്കൽ മേഖലയിൽ തിമ്മക്കയും ഭർത്താവും ചേർന്നു നട്ടുവളർത്തിയ വൃക്ഷങ്ങൾ ഇന്നും മനുഷ്യന് തണലും ഒരുപാട് ജീവജാലങ്ങളുടെ വാസകേന്ദ്രവുമായി നിലനിൽക്കുന്നു.