കൊല്ലം: അഞ്ചാലുംമൂടിൽ നിന്ന് കാണാതായ ഷബ്ന(18)യെ കണ്ടെത്തുന്നതിനായി രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. ആക്‌ഷൻ കൗൺസിലുമായി ചേർന്ന് 50,000 രൂപ മാതാവ് റജില പാരിതോഷികം നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ചിട്ടുള്ള നോട്ടിസ് എല്ലാ പ്രധാന സ്ഥലങ്ങളിലും എത്തിക്കാനാണ് ശ്രമം.
കഴിഞ്ഞ ജൂലൈ 17-ന് രാവിലെ വീട്ടിൽനിന്ന് കടവൂരിൽ പി.എസ്.സി കോച്ചിംഗിനായി പോയതാണ് ഷബ്ന. പകൽ 11 മണിയോടെ വിദ്യാത്ഥിനിയുടെ ബാഗും സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും കൊല്ലം ബീച്ചിൽനിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ബന്ധുവായ യുവാവുമായി അടുപ്പം പുലർത്തിയിരുന്നതായും കാണാതാകുന്നതിനു മുൻപ് ഇയാളുമായി ഫോണിൽ സംസാരിച്ചതുമായുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. എന്നാൽ, യുവാവിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
കോടതിനിർദേശത്തെ തുടർന്ന് യുവാവിനെ നുണപരിശോധനയ്‌ക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും പരിശോധന നടന്നില്ല. ഷബ്‌നയെ പാറശാലയിലും കോഴിക്കോട്ടും കണ്ടതായുള്ള വിവരത്തെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. വിവരം ലഭിക്കുന്നവർ സിറ്റി പൊലീസ് കമ്മിഷണർ: 9497996984, അസി. കമ്മിഷണർ: 9497990021, ഡി.സി.ആർ.ബി. ഓഫീസ്: 9497976021 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.