വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വം നേടിയെടുക്കാനായി വ്യാജ വിവാഹ റാക്കറ്റ് നടത്തിയ ഇന്ത്യക്കാരൻ അറസ്റ്റിലായി. ഫ്ലോറിഡയിൽ താമസിക്കുന്ന രവി ബാബു(47)വിനെയാണ് പൊലീസ് പിടികൂടിയത്.
രാജ്യത്ത് പൗരത്വം നേടിയെടുക്കാനായി അമേരിക്കൻ പൗരന്മാരെ വിവാഹം കഴിച്ചാൽ മതിയാകുമെന്ന സാദ്ധ്യത ഉപയോഗിച്ചാണ് വിവാഹ റാക്കറ്റുകൾ പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിൽ നിന്നുള്ളവരാണ് പ്രധാനമായും വിവാഹ റാക്കറ്റിന്റെ ഗുണഭോക്താക്കളിലേറെയും. ഫെബ്രുവരി 2017 മുതൽ ഓഗസ്റ്റ് 2018 വരെ രവി ബാബു വ്യാജ വിവാഹത്തിലൂടെ നിരവധി പേർക്ക് പൗരത്വം നേടിക്കൊടുത്തിരുന്നു. ഇക്കാര്യം പ്രോസിക്ക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
വിവാഹ റാക്കറ്റുകളുടെ സഹായത്താൽ അലബാമയിൽ മാത്രം 80 പേർ അമേരിക്കൻ പൗരത്വം നേടിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ രവി ബാബുവിന്റെ സഹായിയായി പ്രവർത്തിച്ച ക്രിസ്റ്റൽ ക്ലൗഡിന് കോടതി രണ്ടു വർഷത്തെ തടവു ശിക്ഷ വിധിച്ചു. കേസിനെ തുടർന്ന് കോടതിയിൽ വിചാരണ നടപടികൾ പുരോഗമിച്ചുവരികയാണ്. മെയ് 22നാണ് കോടതി ശിക്ഷ വിധിക്കുന്നത്.