v

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വിമർശിച്ചുവെന്ന കുറ്റത്തിന് സസ്‌പെൻഷനിൽ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അഴിമതിക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി കൂടിയാലോചനകൾ നടത്തിയതായി ഒരു മലയാള ഓൺലൈൻ മാദ്ധ്യമം റിപ്പോർട്ട് ചെയ‌്തു. സർക്കാർ ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുള്ളതിനാൽ സർവീസിൽ നിന്ന് വിരമിക്കാൻ അപേക്ഷ നൽകിയേക്കും.

കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബർ മാസം മുതൽ സസ്‌പെൻഷനിലാണ്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഇനിയും ഒന്നര വർഷത്തോളം സർവീസ് ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെൻഷൻ. സംസ്ഥാന സർക്കാരിനെ പുസ്‌തകത്തിലൂടെ വിമർശിച്ചുവെന്ന് ആരോപിച്ച് ആറ് മാസത്തിന് ശേഷം വീണ്ടും സസ്‌പെൻഡ് ചെയ്‌തു. തുറമുഖ ഡയറക്‌ടറായിരിക്കെ ക്രമക്കേടുകൾ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തിന്റെ പേരിൽ മൂന്നാമതും സസ്‌പെൻഷൻ ലഭിച്ചു. സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവഷ്യപ്പെട്ട് കേന്ദ്രസർക്കാരിനും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിനും പരാതി നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.

ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനകൾ നേരത്തെയും ഉണ്ടായിരുന്നുവെങ്കിലും ഇതേക്കുറിച്ച് അദ്ദേഹം വ്യക്തമായി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇത്തവണ മദ്ധ്യതിരുവിതാകൂറിലെയും മലബാർ മേഖലയിലെയും രണ്ട് സീുകളിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ജേക്കബ് തോമസിന്റെ ആലോചനയെന്നാണ് വിവരം. ജനങ്ങൾ തന്നെ പിന്തുണയ്‌ക്കുമെന്ന് വിശ്വാസിക്കുന്ന ജേക്കബ് തോമസ് ഇതിനായുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചതായും വിവരമുണ്ട്.