ന്യൂഡൽഹി: പത്തുവയസുകാരിയെ 53കാരനായ ബിസിനസുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്തു. ട്യൂഷൻ അദ്ധ്യാപികയാണ് പെൺകുട്ടിയെ ബിസിനസുകാരനായ വ്യക്തിക്ക് കൈമാറിയത്. ഗുരുഗ്രാമിലായിരുന്നു സംഭവം. എൻ.ജി.ഒ നൽകിയ പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് പിടികൂടി.
പ്രതിയുടെ ബന്ധുവും ട്യൂഷൻ അദ്ധ്യാപികയും സഹപ്രവർത്തകരാണ്. ഈ പരിചയം മുതലെടുത്താണ് ബിസിനസുകാരൻ ഇവരുമായി ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അദ്ധ്യാപികയുടെ വീട്ടിൽ വച്ച് കഴിഞ്ഞ മാസം നാലു തവണ തന്നെ ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി കൗൺസിലിംഗിൽ തുറന്നു പറഞ്ഞു.
അദ്ധ്യാപികയുമായി ഫേസ്ബുക്ക് വഴി ബന്ധമുള്ള അമേരിക്കൻ സ്വദേശിയായ വ്യക്തി പ്രതിയും അദ്ധ്യാപികയുമായുള്ള ചാറ്റ് അവിചാരിതമായി കണ്ടതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഇവർ തമ്മിലുള്ള ചാറ്റ് സ്ക്രീൻ ഷോട്ട് എടുത്ത് കൊൽകത്തയിൽ എൻ.ജി.ഒയിൽ പ്രവർത്തിക്കുന്ന സുഹൃത്തിന് കൈമാറുകയും ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.