bjp-candidate

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ബി.ജെ.പിയിലും അനിശ്ചിതത്വം തുടരുന്നു. തങ്ങൾ ഉദ്ദേശിച്ച മണ്ഡലങ്ങൾ ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്നാണ് നേതാക്കളുടെ നിലപാട്. ആറ്റിങ്ങലിൽ മത്സരിക്കാൻ ഇല്ലെന്ന് ശോഭാ സുരേന്ദ്രനും കോഴിക്കോട് മണ്ഡലം വേണ്ടെന്ന് എം.ടി.രമേശും കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തൃശൂരോ പത്തനംതിട്ടയോ തനിക്ക് വേണമെന്ന കെ.സുരേന്ദ്രന്റെ വാദവും കേന്ദ്രനേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. പത്തനംതിട്ട സീറ്റിന് വേണ്ടി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള ശക്തമായ വാദമുയർത്തിയതോടെയാണ് നേതൃത്വം വെട്ടിലായത്. എന്നാൽ തൃശൂരിൽ കെ.സുരേന്ദ്രനെയും പത്തനംതിട്ടയിൽ പിള്ളയെയും മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ ധാരണയെന്നാണ് വിവരം. ആലപ്പുഴ മണ്ഡലത്തിൽ മുൻ പി.എസ്.സി ചെയർമാൻ കെ.എസ്.രാധാകൃഷ്‌ണൻ മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഒന്നാംഘട്ട വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാ‌ർത്ഥികളുടെ പേരിനൊപ്പം കേരളത്തിലേക്കുള്ള ആദ്യഘട്ട പട്ടികയും ഇന്നലെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല. കേരളഘടകം തയ്യാറാക്കിയ എൻ.ഡി.എ സ്ഥാനാർത്ഥിപ്പട്ടികയുമായി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള ഇന്നലെ രാവിലെ ഡൽഹിയിലെത്തിയിരുന്നു. തുടർന്ന് ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചർച്ചകളിൽ കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, പി.കെ. കൃഷ്‌ണദാസ്, സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശ്, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ്, കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സത്യകുമാർ എന്നിവരും പങ്കെടുത്തു. എന്നാൽ കേരള ഘടകം തയ്യാറാക്കിയ പട്ടികയിൽ മാറ്റം വരുത്താനാണ്

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും പങ്കെടുത്ത യോഗത്തിൽ കേരളത്തിലെ സ്ഥാനാർത്ഥിപ്പട്ടിക ചർച്ചയായെങ്കിലും തൃശൂർ, പത്തനംതിട്ട സീറ്റുകളുടെ കാര്യത്തിൽ തർക്കം പരിഹരിക്കാനായില്ലെന്നാണ് സൂചന. മത്സരിക്കാനില്ലെന്ന നിലപാട് തുടരുന്ന ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹത്തോട് ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തുഷാറിനു വേണ്ടി ഒഴിച്ചിട്ട തൃശൂരിൽ പരിഗണിച്ച കെ. സുരേന്ദ്രന്, അദ്ദേഹത്തിനു താത്പര്യമുള്ള പത്തനംതിട്ട നൽകാമെന്ന് നിർദ്ദേശം വന്നെങ്കിലും പി.എസ്. ശ്രീധരൻപിള്ളയ്‌ക്കും എം.ടി. രമേശിനും പുറമേ ഇന്നലെ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം കൂടി മണ്ഡലം മോഹിച്ച് എത്തിയതാണ് പുതിയ തർക്കത്തിനു കാരണം.തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സീറ്റിൽ മാത്രമാണ് തർക്കമില്ലാതിരുന്നത്.