ഡെറാഡൂൺ: മകന്റെ വിവാഹ ക്ഷണക്കത്തിൽ നരേന്ദ്രമോദിക്ക് വോട്ട് ചെയ്യണമെന്ന അഭ്യർത്ഥിച്ച കർഷകനെതിരെ നോട്ടീസ്. ഉത്തരാഖണ്ഡുകാരനായ ജഗദീഷ് ചന്ദ്ര ജോഷിയാണ് മകന്റെ വിവാഹ ക്ഷണക്കത്തിൽ മോദിക്ക് വോട്ട് ചെയ്യണമെന്ന് അപേക്ഷിച്ചതിനെ തുടർന്ന് പുലിവാല് പിടിച്ചത്. ക്ഷണക്കത്ത് പിൻവലിക്കാനും എത്രയും പെട്ടെന്ന് ഹാജരാകണമെന്നും കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി.
ഡെറാഡൂണിലെ ഝോഷിഖോല ഗ്രാമത്തിലെ കന്നുകാലി കർഷകനാണ് ജഗദീഷ് ചന്ദ്ര ജോഷി. 'വിവാഹത്തിന് സമ്മാനങ്ങൾ സ്വീകരിക്കുന്നതല്ല. പക്ഷേ, വിവാഹത്തിൽ പങ്കെടുക്കാൻ എത്തും മുമ്പ് ദേശീയ താല്പര്യം പരിഗണിച്ച് ഏപ്രിൽ 11ന് മോദിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തണം' എന്നായിരുന്നു. ജോഷിയുടെ മകന്റെ വിവാഹ ക്ഷണക്കത്തിൽ പറയുന്നത്. ബി.ജെ.പിയുടെ ചിഹ്നമായ താമരയുടെ ചിത്രവും ക്ഷണക്കത്തിലുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് ബാഗേശ്വറിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് ജോഷിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്നാണ് ജോഷി പറയുന്നത്. തനിക്ക് രാഷ്ട്രീയതാല്പര്യങ്ങൾ ഇല്ലെന്നും മക്കൾ നല്കിയ സന്ദേശം അതേപടി ക്ഷണക്കത്തിൽ അച്ചടിപ്പിക്കുകയാണ് താൻ ചെയ്തതെന്നും ജോഷി പറയുന്നു. ഏപ്രിൽ 22നാണ് ജോഷിയുടെ മകന്റെ വിവാഹം.പക്ഷേ ഇവിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുക ഏപ്രിൽ 11നാണ്.