ramya-haridas

തിരുവനന്തപുരം: ഇടതു കോട്ടയായ ആലത്തൂർ പിടിക്കാൻ യു.ഡി.എഫ് അപ്രതീക്ഷിതമായി ഇറക്കിയ സ്ഥാനാർത്ഥിയാണ് രമ്യ ഹരിദാസ്. 12 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ അതിലെ ഏക സ്ത്രീ സാന്നിധ്യമാണ് രമ്യ. കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.

29ാമത്തെ വയസ്സിലാണ് രമ്യ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തിയത്. ജവഹർ ബാലജനവേദിയിലൂടെയാണ് രമ്യ രാഷ്ട്രീയത്തിലേയ്‌ക്ക് കടന്നുവരുന്നത്. പിന്നീട് കെ.എസ്.യുവിലൂടെ സജീവ പ്രവർത്തകയായി. ഗാന്ധിജിയുടെ സബർമതി ആശ്രമത്തിലെ ശിക്ഷണം. തുടർന്ന് ഗാന്ധിയൻ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായി. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളിൽ സജീവമായി പങ്കെടുത്തു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആറ് വർഷം മുമ്പ് ഡൽഹിയിൽ നടന്ന ടാലെന്റ് ഹണ്ട് വഴിയാണ് ബി.എ മ്യൂസിക് ബിരുധദാരിയായ രമ്യയുടെ നേതൃത്വ മികവ് ശ്രദ്ധിക്കപ്പെട്ടത്. നാല് ദിവസമായി നടന്ന പരിപാടിയിൽ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കിയ രമ്യ ശ്രദ്ധ പിടിച്ചു പറ്റി. രമ്യയിലെ നേതൃപാടവം തിരിച്ചറിഞ്ഞ രാഹുൽ തന്റെ പ്രത്യേക പരിഗണന ടീമിൽ ഉൾപ്പെടുത്തി.

ഗാന്ധിയൻ ഡോ.പി.വി രാജഗോപാലിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സമരങ്ങളിൽ അണിചേർന്നു. യൂത്ത് കോൺഗ്രസ് കോഴിക്കോട് പാർലമെന്റ് സെക്രട്ടറിയായി. ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ കൂടിയാണ്. കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ 2007 ലെ പൊതു പ്രവർത്തക അവാർഡ് നേടി. 2012ൽ ജപ്പാനിൽ നടന്ന ലോകയുവജന സമ്മേളനത്തിൽ പങ്കെടുത്തു.


എന്നാൽ,​ സംവരണ മണ്ഡലമായ ആലത്തൂരിൽ രമ്യയ്‌ക്ക് മത്സരം കടുത്തതായിരിക്കും. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ പി.കെ. ബിജുവായിരുന്നു വിജയി. രമ്യാ ഹരിദാസിന് വിജയം എളുപ്പമാവില്ലെന്നാണ് കണക്കു കൂട്ടൽ.