വടകര: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകര സീറ്റിലേക്ക് മത്സരിക്കാനില്ലെന്ന് ആർ.എം.പി നേതൃത്വം. ജയരാജന്റെ തോൽവിയാണ് ലക്ഷ്യം. അതുകൊണ്ട് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്നും ആർ.എം.പി നേതാക്കളായ എൻ. വേണുവും, കെ.കെ രമയും പറഞ്ഞു.
ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ഉൾപ്പെടെ പല കൊലക്കേസുകളിലും പങ്കുള്ള ആളാണ് വടകരയിലെ സ്ഥാനാർത്ഥിയായ പി.ജയരാജൻ. ഒരു കൊലയാളി വടകരയിൽ ജയിച്ച് പോകുന്ന സാഹചര്യം ഉണ്ടാവരുത്. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടർമാരും അത് തന്നെയാണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് - കെ.കെ രമ പറഞ്ഞു. സംസ്ഥാന വ്യാപകമായി അക്രമരാഷ്ട്രീയത്തിനെതിരായ പ്രവർത്തനങ്ങളിൽ പങ്കുചേരുമെന്നും രമ കൂട്ടിച്ചേർത്തു.
ആർ.എം.പി രൂപീകരിച്ച ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ ജയരാജന്റെ തോൽവി ഉറപ്പിക്കാനാണ് യു.ഡി.എഫിന്റെ പ്രചരണത്തിൽ പങ്കുചേരുന്നതെന്ന് ആർ.എം.പി സംസ്ഥാന അദ്ധ്യക്ഷൻ വേണു പറഞ്ഞു. ആർ.എം.പിയുടെ അവസാനത്തെ വോട്ടും യു.ഡി.എഫിന് നൽകും. ഒരിക്കൽ പോലും സി.പി.എമ്മുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് തോന്നിയിട്ടില്ലെന്നും വേണു വ്യക്തമാക്കി.