അജ്മാൻ: തൊഴിലുടമയുടെ കുടുംബാംഗങ്ങളുടെ സ്വകാര്യത ലംഘിച്ച പ്രവാസി യുവതിക്ക് ജയിൽ ശിക്ഷ. യു.എ.ഇയിലെ അജ്മാനിൽ വീട്ടുജോലിക്കായി എത്തിയ 29കാരിയായ യുവതിക്കാണ് കോടതി ആറുമാസം ജയിൽ ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് ശേഷം ഇവരെ നാട് കടത്താനാണ് തീരുമാനം.
തൊഴിലുടമയായ സ്വദേശി പൗരന്റെ പരാതിയെ തുടർന്നാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ തന്റെ കുടുംബത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. അമ്മയുടെയും മകളുടെയും ചിത്രങ്ങൾ ഇവർ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
നിരവധി പേരാണ് ചിത്രത്തിന് താഴെ മോശമായ കമന്റുകൾ രേഖപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഭാര്യയുടെ വസ്ത്രങ്ങൾ ധരിച്ച് എടുത്ത ഫോട്ടോകളും യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തെന്നും യുവാവ് വ്യക്തമാക്കി. പരാതിയെ തുടർന്ന് പിടിയിലായ യുവതി കുറ്റങ്ങൾ സമ്മതിക്കുകയും ചെയ്തതോടെയാണ് കോടതി ശിക്ഷവിധിച്ചത്.