kv-thomas

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് നിന്നും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളെ തള്ളി കെ.വി.തോമസ് എം.പി രംഗത്തെത്തി. തന്റെ പാർട്ടി കോൺഗ്രസ് തന്നെയാണ്. പാർട്ടിക്ക് ക്ഷീണം വരുന്നതൊന്നും താൻ ചെയ്യില്ല. എറണാകുളം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. അവിടെ ഹൈബി ഈഡൻ തന്നെ വിജയിക്കും. ഇതിന് വേണ്ടി എറണാകുളത്ത് താൻ രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീറ്റ് നൽകാത്തതിനെ തുടർന്ന് ആദ്യം നേതൃത്വവുമായി ഇടഞ്ഞ് നിന്ന തോമസ് പിന്നീട് അഹമ്മദ് പട്ടേൽ, മുകുൾ വാസ്‌നിക് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇടപെട്ടതോടെ തന്റെ നിലപാട് മയപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

പാർട്ടിയിൽ എല്ലായ്‌പ്പോഴും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്ന ആളാണ് താൻ. എന്നാൽ ഇത്തവണ പ്രത്യേക സാഹചര്യത്തിൽ ചില കാര്യങ്ങൾ പുറത്ത് പറയേണ്ടി വന്നു. അതാണ് ചർച്ചയായത്. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്.പദവികളല്ല പ്രശ്നം. വിഷമിപ്പിച്ചത് പാർട്ടിയുടെ സമീപനമാണ്. ആര് സ്ഥാനാർത്ഥിയായാലും എറണാകുളത്ത് ജയിക്കും. എറണാകുളം പാർട്ടിയുടെ കോട്ടയാണ്. പാർട്ടി ഏത് പദവി ഏൽപ്പിച്ചാലും സ്വീകരിക്കും. പറഞ്ഞു തീർത്തപ്പോൾ പ്രതിഷേധങ്ങൾ അവസാനിച്ചു. ഞാൻ അടിസ്ഥാന പരമായി കോൺഗ്രസുകാരനാണ്. മറ്റ് പാർട്ടികളിലെ നേതാക്കളുമായി ബന്ധമുണ്ട്. അത് രാഷ്ട്രീയ ജീവിതത്തിൽ നിന്ന് ലഭിക്കുന്നതാണ്. ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് തന്നോട് വലിയ കരുതൽ കാട്ടിയിട്ടുണ്ടെന്നും ഹൈബി ഈഡനായി പ്രചാരണത്തിന് ഇറങ്ങുമെന്നും കെ.വി തോമസ് വ്യക്തമാക്കി. ബി.ജെ.പി തനിക്ക് വാഗ്‌ദ്ധാനങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാൻ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ കോൺഗ്രസിന് വലിയൊരു ആശ്വാസമാണ് കെ.വി.തോമസിന്റെ പുതിയ നിലപാട്. പാർട്ടിയുടെ മുൻ ദേശീയ വക്താവ് ബി.ജെ.പിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ ഗാന്ധി കുടുംബത്തോട് ഏറെ അടുപ്പമുള്ള മറ്റൊരാൾ കൂടി പാർട്ടി വിടുന്നതിന്റെ ക്ഷീണം ഒഴിവാക്കാനും കോൺഗ്രസിന് കഴിഞ്ഞു. ഒപ്പം പാർട്ടിയിലെ അസന്തുഷ്‌ടരെ അടർത്തിയെടുക്കാൻ നോക്കേണ്ടതില്ല എന്നൊരു സന്ദേശം കൂടി ബി.ജെ.പിക്ക് നൽകാൻ കോൺഗ്രസിന്റെ പെട്ടെന്നുള്ള നീക്കങ്ങൾക്ക് കഴിഞ്ഞതായി രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.