pinaki-

ന്യൂഡൽഹി:പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർക്കും ജഡ്ജിമാ‌ർക്കും മറ്റ് ഉന്നതർക്കും എതിരെയുള്ള അഴിമതിക്കേസുകൾ അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനുമുള്ള പൂർണ അധികാരത്തോടെ, ഇന്ത്യയുടെ ആദ്യത്തെ ലോക്‌പാൽ ( ദേശീയ അഴിമതി വിരുദ്ധ ഓംബുഡ്‌സ്‌മാൻ ) ആയി മുൻ സുപ്രീംകോടതി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ ( 66 ) നിയമിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ സെലക്‌ഷൻ കമ്മിറ്റി അദ്ദേഹത്തെ തിരഞ്ഞെടുത്തു എന്നാണ് സൂചന. ഔദ്യോഗിക അറിയിപ്പ് വന്നില്ല. ഭരണാധികാരികളുടെ ഉദാസീനത കാരണം അൻപത് വർഷത്തോളം നീണ്ട ഇഴച്ചിലിന് ശേഷമാണ് ചരിത്രം കുറിക്കുന്ന നിയമനം. ഇതോടെ രാജ്യത്താകെ അഴിമതിക്കെതിരെ ജനകീയ ജാഗ്രത ശക്തമാകും.


ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ അന്ന ഹസാരെ 2011ൽ അഴിമതിക്കെതിരെ ലോക്പാൽ നിയമനം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് 2013ൽ പാർലമെന്റ് പാസാക്കിയ ലോക്പാൽ നിയമ പ്രകാരമാണ് നിയമനം. അഴിമതി അന്വേഷിക്കാൻ ദേശീയതലത്തിൽ ലോക്‌പാലിനെയും സംസ്ഥാനങ്ങളിൽ ലോകായു‌ക്‌തയെയും നിയമിക്കാനുള്ളതാണ് നിയമം.

ഫെബ്രുവരി അവസാനത്തോടെ ലോക് പാൽ നിയമന നടപടികൾ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു. തുടർന്നാണ് കഴിഞ്ഞ വെള്ളിയാഴ്‌ച ചേർന്ന സെലക്‌ഷൻ കമ്മിറ്റി ജസ്റ്റിസ് പി. സി ഘോഷിനെ തീരുമാനിച്ചത്. അദ്ദേഹം അദ്ധ്യക്ഷനായ ലോക്‌പാൽ സമിതിയിൽ ഒരു വനിത ഉൾപ്പെടെ നാല് മുൻ ഹൈക്കോടതി ജഡ്‌ജിമാരും നാല് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും അംഗങ്ങളായിരിക്കും.

പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്‌ഷൻ പാനലിൽ ലോക്‌സഭാ സ്‌പീക്കർ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ അദ്ദേഹം നിയോഗിക്കുന്ന സുപ്രീംകോടതി ജഡ്‌ജി, രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന നിയമജ്ഞൻ എന്നിവരാണ് അംഗങ്ങൾ. മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്‌ത്തഗിയെ നിയമജ്ഞനായി രാഷ്‌ട്രപതി രാംനാഥി കോവിന്ദ് നോമിനേറ്റ് ചെയ്‌തിരുന്നു.

ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്

കൊൽക്കത്ത സ്വദേശി

കൽക്കട്ട ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അന്തരിച്ച ശംഭു ചന്ദ്ര ഘോഷിന്റെ പുത്രൻ

1997ൽ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി.

തുടർന്ന് ആന്ധ്ര ചീഫ് ജസ്റ്റിസായി

2013ൽ സുപ്രീംകോടതി ജഡ്‌ജിയായി

2017ൽ വിരമിച്ചു

നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗം

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ അഴിമതിക്കേസിൽ ശിക്ഷിച്ചത് ജസ്റ്റിസ് പി. സി ഘോഷ് ആന്ധ്ര ഹൈക്കോടതി ചീപി ജസ്റ്റിസ് ആയിരുന്നപ്പോഴാണ്.

രാജ്യത്തിന്റെ ആദ്യ ലോക്‌പാലിനെ നിയമിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഇതിന് വേണ്ടി 48 വർഷമായി ജനങ്ങൾ നടത്തുന്ന പോരാട്ടം ഒടുവിൽ വിജയിച്ചിരിക്കുന്നു

--അന്ന ഹസാരെ

സെലക്‌ഷൻ പാനലിൽ വിവാദം

ലോക്പാലിനെ തിരഞ്ഞെടുക്കാനുള്ള സെലക്‌ഷൻ കമ്മിറ്റി യോഗങ്ങളിൽ പ്രതിപക്ഷ നേതാവായ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പങ്കെടുക്കാത്തത് ലോക്‌പാൽ നിയമനത്തെ വിവാദത്തിലാക്കും. തന്നെ പ്രത്യേക ക്ഷണിതാവാക്കിയതിൽ പ്രതിഷേധിച്ചാണ്

അദ്ദേഹം യോഗങ്ങൾ ബഹിഷ്‌കരിച്ചത്. പ്രത്യേക ക്ഷണിതാവിന് ലോക്‌പാലിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ

പങ്കെടുക്കാനാവില്ല. വെള്ളിയാഴ്‌ചത്തെ യോഗത്തിലും ഖാർഗെ പങ്കെടുത്തില്ല. നിലവിലുള്ള ലോക്‌സഭയിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് മതിയായ അംഗബലം ഇല്ലാത്തതിനാൽ അവർക്ക് പ്രതിപക്ഷ നേതാവിന്റെ പദവി ഇല്ല.പകരം ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ് എന്ന പദവിയാണ് ഖാർഗെയ്‌ക്ക്. സി. ബി. ഐ ഡയറക്‌ടർ നിയമനത്തിൽ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിനെ സലക്ഷൻ പാനലിൽ ഉൾപ്പെടുത്താനായി ചട്ടങ്ങൾ ഭേദഗതി ചെയ്‌തിരുന്നു.

താൻ യോഗങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്റെ മറവിൽ സർക്കാർ ലോക്‌പാൽ നിയമനം അഞ്ച് വർഷം വൈകിപ്പിക്കുകയായിരുന്നു

--മല്ലികാർജുൻ ഖാർഗെ