തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വാങ്ങുന്ന മരുന്നുകളുടെയും കൈയുറ ഉൾപ്പെടെയുള്ള അനുബന്ധ സാമഗ്രികളുടെയും ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.
സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യാൻ വാങ്ങിയ 1.61കോടിയുടെ കൈയുറകൾക്ക് മതിയായ ഗുണമേന്മയില്ലെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ദേശീയ തലത്തിൽ ക്ഷണിക്കുന്ന മത്സരാധിഷ്ടിത സുതാര്യ ഇ-ദർഘാസുകൾ മുഖേനയാണ് സാധനങ്ങൾ വാങ്ങുന്നതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
കോട്ടയം സെന്റ് മേരീസ് റബേഴ്സാണ് കൈയുറകൾ വിതരണം ചെയ്യാൻ ദർഘാസ്‌നേടിയത്. കമ്മീഷന്റെ നിർദ്ദേശാനുസരണം നിർമ്മാണ യൂണിറ്റിൽ പരിശോധന നടത്തിയതായി ഡയറക്ടർ അറിയിച്ചു.