kk-rema

കോഴിക്കോട്: വടകരയിൽ റവലൂഷനറി മാർക്സിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (ആർ.എം.പി.ഐ) യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ജയരാജനെ തോൽപിക്കുക എന്ന ലക്ഷ്യം മുൻനിറുത്തയാണ് ആർ.എം.പി.ഐ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്ന് സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു. ഇത്തവണ കേരളത്തിൽ ഒരിടത്തും തങ്ങൾ മത്സരിക്കുന്നില്ലെന്നും വടകരയിൽ മാത്രേമേ യു.ഡി.എഫിന് പിന്തുണ നൽകുന്നുള്ളൂവെന്നും വേണു അറിയിച്ചു. നേരത്തേ വടകര ഉൾപ്പെടെ സംസ്ഥാനത്തെ നാല് ലോക്സഭമണ്ഡലങ്ങളിൽ മത്സരിക്കാൻ ആർ.എം.പി.ഐയിൽ ആലോചനയുണ്ടായിരുന്നു.

വടകരയിൽ ജയരാജന്റെ തോൽവി ഉറപ്പ് വരുത്തേണ്ട ബാദ്ധ്യത ആർ.എം.പി.ഐയ്ക്കുണ്ട്. സ്ഥാപക നേതാവിനെ കൊലചെയ്ത സംവിധാനത്തെ വിജയിപ്പിക്കാനാകില്ല. യു.ഡി.എഫിന് അനുകൂലമായി പ്രചാരണത്തിന് ഇറങ്ങും. യു.ഡി.എഫ് സ്ഥാനാർത്ഥിയാരെന്നുള്ളത് വിഷയമല്ല. ബൂത്ത് തലത്തിൽ മുതൽ യു.ഡി.എഫിന് വേണ്ടി പ്രവർത്തിക്കും.ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം ഞങ്ങളെ സംബന്ധിച്ച് ചെറിയ കാര്യമല്ല. യു.ഡി.എഫിലെ പാർട്ടികളുമായി നയപരമായി യോജിപ്പില്ലെന്നും അതുകൊണ്ടാണ് യു.ഡി.എഫിലേക്ക് പോകാത്തതെന്നും അദ്ദേഹം പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ ബന്ധമുള്ള ആളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. അതുകൊണ്ടാണ് പി. ജയരാജനെതിരെ വോട്ടു ചെയ്യുകയെന്ന നിലപാട് എടുക്കുന്നത്. മത്സരിക്കണമെന്ന് ആഗ്രഹിച്ചില്ലെന്നും കെ.കെ. രമ വ്യക്തമാക്കി.