news

1. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസിനോട് ഇടഞ്ഞ് നിന്ന കെ.വി തോമസ് പാര്‍ട്ടി വിടില്ല. പാര്‍ട്ടിയില്‍ തുടരാനാണ് തീരുമാനം എന്ന് കെ.വി തോമസ്. പാര്‍ട്ടി നേതൃത്വത്തില്‍ വിശ്വാസമുണ്ട്. പാര്‍ട്ടിയില്‍ തുടരുന്നത് സ്ഥാനങ്ങള്‍ മോഹിച്ചല്ല. ഏത് സ്ഥാനം തന്നാലും സ്വീകരിക്കുമെന്നും പ്രതികരണം. എറണാകുളം കോണ്‍ഗ്രസിന്റെ കോട്ട എന്ന് പറഞ്ഞ കെ.വി തോമസ് ഹൈബി ഈഡന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രഖ്യാപിച്ചു.

2. സീറ്റ് കിട്ടാത്തതില്‍ അല്ല പാര്‍ട്ടിയുടെ സമീപനത്തോട് ആണ് വിഷമം തോന്നിയത് എന്നും കെ.വി തോമസ്. പറഞ്ഞ് തീര്‍ന്നപ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിച്ചു എന്നും കേരള ഹൗസില്‍ രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.വി തോമസ്. സോണിയ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കും എന്നും പ്രതികരണം. കോണ്‍ഗ്രസിനോട് ഇടഞ്ഞ കെ.വി തോമസിനെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബി.ജെ.പിയും ശ്രമം നടത്തിയിരുന്നു.

3. എന്നാല്‍ ബി.ജെ.പിയിലേക്ക് ഇല്ലെന്ന് കെ.വി തോമസ് രാവിലെ തന്നെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട കെ.വി.തോമസിനെ അനുനയിപ്പിക്കാന്‍ നിരവധി വാഗ്ദാനങ്ങളാണ് നേതൃത്വം മുന്നോട്ട് വച്ചത്. എ.ഐ.സി.സി ഭാരവാഹിത്വവും, യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും ഉള്‍പ്പെടെ ഉള്ള സ്ഥാനങ്ങളാണ് വാഗ്ദാനം ചെയ്തത്. ഡല്‍ഹിയിലെ വസതിയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയ രമേശ് ചെന്നിത്തലയോട് കടുത്ത ഭാഷയില്‍ കെ.വി തോമസ് പ്രതികരിച്ചെങ്കിലും പിന്നീട് അനുനയ നീക്കം ഫലം കാണുക ആയിരുന്നു

4. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന നാല് സീറ്റിലെ തര്‍ക്കം അവസാനിപ്പിക്കാന്‍ ഫോര്‍മുല നിര്‍ദ്ദേശവുമായി ഐ ഗ്രൂപ്പ്. എ ഗ്രൂപ്പിലെ ടി. സിദ്ദിഖിന് ആലപ്പുഴം നല്‍കാം എന്ന് നിര്‍ദ്ദേശം. വയനാട് ഷാനിമോള്‍ ഉസ്മാനും, ആറ്റിങ്ങല്‍ അടൂര്‍ പ്രകാശിനും വടകര വിദ്യ ബാലകൃഷ്ണന് നല്‍കാമെന്നും നിര്‍ദ്ദേശം. ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഫോര്‍മുല ചര്‍ച്ച ചെയ്യും.

5. ഐ ഗ്രൂപ്പിന്റെ ആവശ്യത്തോട് വഴങ്ങാതെ എ ഗ്രൂപ്പ്. ടി. സിദ്ദിഖിന് വയനാട് തന്നെ നല്‍കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി എ ഗ്രൂപ്പും. നാല് സീറ്റിലെയും തര്‍ക്കം പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. മുല്ലപ്പള്ളി രാമചന്ദ്രനോടും രമേശ് ചെന്നിത്തലയോടും ഡല്‍ഹിയില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം.

6. നാല് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കാന്‍ സാധ്യത. കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് വയനാട് സീറ്റിനെ ചൊല്ലി ഉള്ള ഗ്രൂപ്പ് തര്‍ക്കം കാരണം. വയനാട് ടി. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഐ വിഭാഗം.

7. തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കില്ലെന്ന് അറിയിച്ച് ആര്‍.എം.പി. യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനം. പി. ജയരാജന്റെ തോല്‍വി ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ.കെ രമ. അക്രമ രാഷ്ട്രീയത്തിന് എതിരെ സംസ്ഥാനത്ത് ഉടനീളം പ്രചരണം നടത്തും. യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടിനോട് യോജിപ്പില്ല, എന്നാല്‍ കൊലയാളി രാഷ്ട്രീയത്തിന് എതിരെ പോരാടുക എന്നതാണ് ലക്ഷ്യമെന്നും പ്രതികരണം.

8. വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ ആര്‍.എം.പി മത്സരിക്കും എന്നാണ് നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. ബാക്കി മൂന്ന് മണ്ഡലങ്ങളായ കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍ എന്നിവയില്‍ സി.പി.എം സി.പി.ഐ ഒഴികെയുള്ള മതേതര സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്നും നേതാക്കള്‍. ആര്‍.എം.പി നിലപാട് വ്യക്തമാക്കിയത് വടകരയില്‍ പി.ജയരാജന് എതിരെ കെ.കെ രമ മത്സരിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ.

9. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്- ഇടത് കൂട്ടുകെട്ട് പ്രതിസന്ധിയിലേക്ക്. പൊട്ടിത്തെറിക്ക് കാരണമായത്, കോണ്‍ഗ്രസ് ആവശ്യപ്പെട്ട പുരുളിയ, ബാഷിര്‍ ഹട്ട് മണ്ഡലങ്ങള്‍ സി.പി.ഐക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനുമായി സി.പി.എം നല്‍കിയതിനെ തുടര്‍ന്ന്. സി.പി.എമ്മിന് വല്യേട്ടന്‍ മനോഭാവം എന്ന് കോണ്‍ഗ്രസ്. ധാരണകള്‍ മറന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് സി.പി.എമ്മിന്റെ മര്യാദകേട് എന്ന് കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ പി.സി.സി അദ്ധ്യക്ഷന്‍ സോമന്‍ മിത്ര. 42ല്‍ 25 സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ സി.പി.എം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

10. ബി.ജെ.പിയേയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ഒരു പോലെ എതിര്‍ക്കുക, കൂടുതല്‍ സീറ്റ് പിടിക്കുക എന്നതായിരുന്നു സംഖ്യത്തിന്റെ ലക്ഷ്യം. എന്നാല്‍ പ്രാഥമികമായ ധാരണകള്‍ പോലും സി.പി.എം അംഗീകരിക്കുന്നില്ല എങ്കില്‍ സഖ്യം വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ തീരുമാനിച്ച സീറ്റില്‍ മാറ്റമില്ല എന്ന് വ്യക്തമാക്കി സി.പി.എം. തര്‍ക്കത്തില്‍ ഹൈക്കമാന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ബംഗാള്‍ കേണ്‍ഗ്രസ്. രാഹുല്‍ഗാന്ധി അനുവദിച്ചാല്‍ തനിച്ച് മത്സരിക്കാനും നീക്കം.

11. ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ മരിച്ച മലയാളി യുവതി അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടപെടലുകള്‍ നടത്തുന്നത് നോര്‍ക്ക വഴി. തൃശൂര്‍ കാടുങ്ങല്ലൂര്‍ സ്വദേശിനിയാണ് മരിച്ച അന്‍സി അലി ബാവ. അന്‍സി ഉള്‍പ്പെടെ അഞ്ച് ഇന്ത്യാക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി ഫര്‍ഹാജ് അഹ്സാന്‍, ഗുജറാത്ത് സ്വദേശി മൂസാവലി സുലേമാന്‍ പട്ടേല്‍ എന്നിവരും കൊല്ലപ്പെട്ടതായി സൂചന. മരിച്ചവരുടെ എണ്ണം അമ്പതായി എന്ന് റിപ്പോര്‍ട്ട്.

12. ആക്രമണം നടത്തിയത് ബ്രന്റണ്‍ ടാറന്റണ്‍ എന്ന 28 കാരന്‍ മാത്രമാണെന്ന് സ്ഥിരീകരിച്ച് ന്യൂസിലന്റ് പൊലീസ്. കസ്റ്റടിയിലുള്ള മറ്റ് രണ്ട് പേര്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. ലോകത്തെ ഞെട്ടിച്ച കൊലപാതകം അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. പട്ടാള വേഷത്തിലെത്തിയ ഇയാള്‍ ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.