mohanlal

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് നടൻ മോഹൻലാലിന്റെത്. പല രാഷ്‌ട്രീയ കക്ഷികളുമായും അദ്ദേഹത്തിന്റെ പേര് ചേർത്ത് വായിക്കപ്പെട്ടു. എന്നാൽ അപ്പോഴെല്ലാം താൻ പൊളിറ്റി‌ക്‌സിലേക്ക് ഇല്ലെന്ന് ഉത്തരം നൽകുകയാണ് ലാൽ ചെയ്‌തത്. ഇപ്പോഴിതാ അതിന്റെ കാരണം എന്തെന്നു കൂടി വ്യക്തമാക്കുകയാണ് സാക്ഷാൽ മോഹൻലാൽ. ഹൈദരാബാദിലെ ഫേസ്ബുക്ക് ഓഫീസിൽ നിന്ന് ലൈവിൽ എത്തിയാണ് താരം തന്റെ 'രാഷ്‌ട്രീയം' വ്യക്തമാക്കിയത്.

'ഞാൻ കഴിഞ്ഞ 41 കൊല്ലമായിട്ട് അഭിനയിച്ചു കൊണ്ടിരിക്കുന്നയാളാണ്. എനിക്കങ്ങനെ പ്രത്യേകിച്ച് ഒരു കക്ഷി രാഷ്ട്രീയമില്ലെന്ന് പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. എല്ലാ ആൾക്കാരും എനിക്കറിയാവുന്നവരാണ്. നമുക്ക് രാഷ്ട്രത്തിന് സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് വേവലാതിയുണ്ട്. പക്ഷേ കക്ഷി രാഷ്‌ട്രീയമില്ല. പെട്ടെന്ന് പോകാൻ പറ്റിയ ഒന്നല്ല. എനിക്ക് അറിയാലുന്ന കാര്യങ്ങളെ എനിക്ക് ചെയ്യാൻ കഴിയൂ. രാഷ്‌‌ട്രീയം എനിക്ക് അറിഞ്ഞൂടാത്ത കാര്യമാണ്. അതിനെ കുറിച്ച് പറിക്കണം.

ഒരുപാട് വല്യ ആൾക്കാരുമായി അതിനെ കുറിച്ച് സംസാരിക്കണം. അല്ലാതെ സിനിമയിൽ അഭിനയിച്ചു എന്നു പറഞ്ഞ് രാഷ്‌‌ട്രീയത്തിലേക്കിറങ്ങാൻ, ഒന്നാമത് കേരളത്തിൽ സാധ്യമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. കേരളത്തിലെ ആൾക്കാർ ഇതിനെ നന്നായിട്ട് കാണുന്ന ആൾക്കാരാണ്. മറ്റു പല സ്‌റ്റേറ്റുകളിലും സിനിമയും രാഷഅ‌ട്രീയവും പരസ്‌പരം ബന്ധപ്പെട്ടു കിടക്കുകയാണ്. കേരളത്തിൽ അങ്ങനല്ല. അതുകൊണ്ട് എന്തായാലും എനിക്കങ്ങനെ ഒരു ആഗ്രഹമില്ല'- മോഹൻലാൽ പറയുന്നു.