ന്യൂഡൽഹി: ട്വിറ്ററിൽ മോദി ഇനി പഴയ മോദിയല്ല. ചൗകീദാർ (കാവൽക്കാരൻ) മോദിയാണ്.
കോൺഗ്രസ്അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ ചൗകീദാർ തന്ത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുതന്ത്രം. മോദിയുടെ ട്വിറ്റർ അക്കൗണ്ടിലെ പേര് ഇന്നലെ 'ചൗകീദാർ നരേന്ദ്രമോദി" എന്നാക്കി.
റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് കാവൽക്കാരൻ കള്ളനാണെന്ന (ചൗകീദാർ ചോർ ഹേ) രാഹുൽ ഗാന്ധിയുടെ പരാമർശമാണ് ചൗകീദാർ പ്രയോഗത്തിന്റെ തുടക്കം. മോദിക്ക് പിന്നാലെ ജെ.പി. നദ്ദയും പിയൂഷ് ഗോയലും അടക്കമുള്ള കേന്ദ്രമന്ത്രിമാരും പേര് മാറ്റി. എന്നാൽ നിതിൻ ഗഡ്കരിയുൾപ്പെടെ ഒരു വിഭാഗം കേന്ദ്രമന്ത്രിമാർ പേര് മാറ്റിയിട്ടുമില്ല.
എൻ.ഡി.എ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന വീഡിയോയ്ക്കൊപ്പം 'മേം ഭി ചൗകീദാർ" എന്ന ടാഗ് ലൈനോടെ മോദി കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രചാരണം ആരംഭിച്ചിരുന്നു. മണിക്കൂറുകൾക്കകം ഇത് ട്രെൻഡിംഗ് ആയി മാറി. 50,000 പേരാണ് ട്വീറ്റിന് ഇഷ്ടം രേഖപ്പെടുത്തിയത്.
''സമൂഹത്തിലെ അഴിമതിയും തിന്മയും ഇല്ലാതാക്കാൻ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും രാജ്യത്തിന്റെ കാവൽക്കാരനാണ്. നിങ്ങളുടെ കാവൽക്കാരനായ ഞാൻ രാജ്യസേവനത്തിനായി ശക്തമായി നിലകൊള്ളുന്നു. ഞാൻ ഒറ്റയ്ക്കല്ല. ഓരോ ഇന്ത്യക്കാരനും താനൊരു ചൗകീദാറെന്ന് പറയുന്നു" എന്നും മോദി ട്വീറ്റിൽ പറഞ്ഞു.