കാസർകോട്: കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ രാജ്‍മോഹൻ ഉണ്ണിത്താനെ സ്ഥാനാർഥിയാക്കിയതിന് എതിരെ ഡി.സി.സിയിൽ അമർഷം പുകയവേ, അനുനയവുമായി ദേശീയ, സംസ്ഥാന നേതൃത്വം.
പ്രതിഷേധിച്ച് രാജിഭീഷണി മുഴക്കിയ ജില്ലാ ഭാരവാഹികളുമായി മുല്ലപ്പള്ളിയും ചെന്നിത്തലയും ഫോണിൽ സംസാരിച്ചു. ടിക്കറ്റ് നിഷേധിക്കപ്പെട്ട അഡ്വ. സുബ്ബയ്യ റായിയുമായി സംസാരിച്ചത് കെ.സി. വേണുഗോപാലാണ്. 18 പേർ ഭാരവാഹിത്വം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ഡി.സി.സി സെക്രട്ടറി അഡ്വ. ഗോവിന്ദനോട്, അച്ചടക്കം ലംഘിച്ചാൽ പാർട്ടി നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയ ശേഷമാണ് ചെന്നിത്തല അനുനയനീക്കം നടത്തിയത്.
കാസർകോട് ഡി.സി.സിയുമായി ബന്ധപ്പെട്ട സംഘടനാ വിഷയങ്ങൾ തിരഞ്ഞെടുപ്പു കഴിഞ്ഞ് രണ്ടു മാസത്തിനകം പരിഹരിക്കാമെന്ന് നേതാക്കൾ ഉറപ്പു നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് പ്രതിഷേധ നീക്കങ്ങൾ തത്കാലം ഉപേക്ഷിക്കാൻ ധാരണയായി.
സ്ഥാനാർത്ഥിത്വം നൽകാതിരുന്നതിൽ പ്രതിഷേധിച്ച് സുബ്ബയ്യറൈ കെ.പി.സി.സി അംഗത്വം രാജിവയ്‌ക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പറഞ്ഞിരുന്നു. ജില്ലയിൽ നിന്നു തന്നെയുള്ളയാളെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം. ഇന്നലെ രാവിലെ വിമത വിഭാഗം പ്രവർത്തകർ യോഗം ചേരാനിരിക്കെയാണ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും മുന്നറിയിപ്പും അനുനയവും എത്തിയത്.
സുബ്ബയ്യറൈയുടെ പ്രതികരണം സീറ്റ് ലഭിക്കാത്തതു മൂലമുള്ള സ്വാഭാവിക വികാരപ്രകടനം മാത്രമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. കോൺഗ്രസിന് എതിരായി ചിന്തിക്കാൻ പോലും പറ്റാത്ത പശ്ചാത്തലമുള്ള വ്യക്തിയാണ് അദ്ദേഹം. കാസർകോട് മണ്ഡലം ഒറ്റക്കെട്ടായി തന്നോടൊപ്പമുണ്ട്. കാസർകോടെത്തി സുബ്ബയ്യറൈയെ കാണും. എന്റെ മുഖം കണ്ടാൽ ഒരിക്കലും എതിർവാക്കു പറയാൻ അദ്ദേഹത്തിനു കഴിയില്ല.
രാജ്‌മോഹൻ ഉണ്ണിത്താനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ കാസർകോട്ട് ഒരു പ്രശ്നവുമില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ പറഞ്ഞു. മണ്ഡലത്തിലെ ജയസാധ്യത മാത്രമാണ് പാർട്ടി നോക്കിയിട്ടുള്ളത്. നല്ല ജയസാധ്യതയുള്ള സ്ഥാനാർഥിയാണ് ഉണ്ണിത്താൻ. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തന്നോട് ഇതുവരെ ആരും പരാതി പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് തരുമെന്ന് പറഞ്ഞു മോഹിപ്പിച്ച ശേഷം അവസാനനിമിഷം പേരു വെട്ടിക്കളഞ്ഞിട്ട് എന്തു പ്രശ്നം തീർക്കുമെന്നാണ് ഈ നേതാക്കൾ പറയുന്നത്? സീറ്റിനുവേണ്ടി അങ്ങോട്ടു പോയിട്ടില്ല. പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് സമ്മതിച്ചതാണ്. ഇപ്പോൾ കെ.സിയും മുല്ലപ്പള്ളിയും ചെന്നിത്തലയും വിളിച്ച് പ്രശ്നം തീർക്കാമെന്ന് പറയുന്നു. എനിക്കു മനസിലാകുന്നില്ല, എന്തു തീർക്കുമെന്നാണ് പറയുന്നത്?