alathur-

ആലത്തൂർ: കോഴിക്കോട് കുന്ദമംഗലത്ത് കൊല്ലുന്ന ചൂടാണ്. പാലക്കാട്ടെ ആലത്തൂരിലുമതെ. അതുകൊണ്ട് കുന്ദമംഗലത്ത് നിന്ന് ആലത്തൂർ മണ്ഡലത്തിലെത്തുമ്പോൾ രമ്യാ ഹരിദാസിന് ചൂടൊന്നും വിഷയമല്ല. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ബിജു കഴിഞ്ഞ പത്തുവർഷമായി ഉഴുതുമറിച്ചിട്ട ചുവപ്പൻ മണ്ണ്. അവിടേക്ക് കന്നിമത്സരത്തിന് വെറുമൊരു മുപ്പത്തിരണ്ടുകാരിയെ പറഞ്ഞയയ്‌ക്കുമ്പോൾ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സംശയമൊന്നുമില്ല: ഈ മിടുക്കി പാട്ടും പ്രസംഗവുമായി ആലത്തൂരിൽ ആളെപ്പിടിക്കും.

കോൺഗ്രസ് പ്രഖ്യാപിച്ച ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടികയിലെ ഒരേയൊരു പെൺമുഖമാണ് രമ്യാ ഹരിദാസ്. സംസ്ഥാന കോൺഗ്രസ് രാഷ്‌ട്രീയത്തിൽ അത്രയൊന്നും കേട്ടുപരിചയമുള്ള പേരല്ല രമ്യയുടേത് എങ്കിലും രാഹുൽ ഗാന്ധിക്ക് ആളെ നന്നായി അറിയാം. ആറു വ‌ർഷം മുമ്പ് ഡൽഹിയിൽ സംഘടിപ്പിച്ച ടാലന്റ് ഹണ്ടിലാണ് രമ്യ രാഹുലിന്റെ ശ്രദ്ധയിൽപ്പെട്ടത്. അന്ന് രമ്യ ബി.എ സംഗീത ബിരുദ വിദ്യാ‌ർത്ഥി. പാട്ടും നൃത്തവും രാഷ്‌ട്രീയവും ഉറച്ച നിലപാടും ഒക്കെയുള്ള മിടുക്കി. വെറുതെയല്ല രാഹുൽ രമ്യയിൽ വിശ്വാസമർപ്പിക്കുന്നത്.

ജില്ലാ,സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളില്‍ നൃത്ത,സംഗീത ഇനങ്ങളിൽ സമ്മാനങ്ങൾ നേടിയ രമ്യ നൃത്താദ്ധ്യാപികയുമാണ്. കോഴിക്കോട് കുന്ദമംഗലം കുറ്റിക്കാട്ടൂരിലാണ് വീട്. അച്ഛൻ ഹരിദാസും അമ്മ രാധയും. ജവഹർ ബാലവേദിയിലൂടെയാണ് പൊതുരംഗത്തേക്ക് രമ്യയുടെ വരവ്. കെ.എസ്.യുവിൽ തുടക്കം. പിന്നെ,​ യൂത്ത് കോൺഗ്രസ് കോഴിക്കോട് പാർലമെന്റ് മണ്ഡലം സെക്രട്ടറി. സംഘടനയുടെ അഖിലേന്ത്യാ കോ-ഓർഡിനേറ്റർ,​ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.

ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായ രമ്യ,​ പരിഷത്ത് നടത്തിയ ആദിവാസി- ദളിത് സമരങ്ങളിൽ മുന്നിൽ നിന്നു. പൊതുപ്രവർത്തന രംഗത്ത് സ്വന്തം ശബ്‌ദമുറപ്പിച്ചതോടെ കോഴിക്കോട് നെഹ്രു യുവ കേന്ദ്രയുടെ പുരസ്‌കാരം തേടിയെത്തി. 2012-ൽ ജപ്പാനിൽ നടന്ന ലോക യുവജന സമ്മളനത്തിലും രമ്യ പങ്കെടുത്തു.

കോൺഗ്രസ് സാദ്ധ്യതാ പട്ടികയിലുണ്ടായിരുന്നെങ്കിലും,​ അതോർത്ത് ടെൻഷനടിച്ചില്ല രമ്യ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവന്റെ പ്രചാരണയോഗങ്ങളിൽ പാട്ടു പാടിയും പ്രസംഗിച്ചും ഉഷാറാക്കി. ഇനി ആലത്തൂരിൽ. കഴിഞ്ഞ തവണ കെ.എ. ഷീബയായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. അന്ന് രണ്ടാംജയം നേടിയ ഇടതു സ്ഥാനർത്ഥി ഡോ. പി.കെ. ബിജുവിന്റെ ഭൂരിപക്ഷം 37,​312 വോട്ട്.