ന്യൂഡൽഹി : മനോഹർ പരീക്കർക്ക് പകരം ഗോവയിൽ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗംബർ കാമത്ത്. ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യസ്ഥിതി വഷളായ സാഹചര്യത്തിൽ ദിഗംബർ കാമത്തിനെ പാർട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി നീക്കം തുടങ്ങിയതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
കാമത്ത് ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലെത്തിയതും അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു. ബി.ജെ.പി ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് ഡൽഹി സന്ദർശനമെന്ന വാർത്തകളും പ്രചരിച്ചിരുന്നു, എന്നാൽ ബിസിനസ് ആവശ്യങ്ങൾക്കായാണ് ന്യൂഡൽഹിയിലേക്ക് പോകുന്നതെന്നും തികച്ചും സ്വകാര്യ സന്ദർശനം മാത്രമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ബി.ജെ.പിയിൽ ചേരുന്നത് ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു.
കാമത്തിനെതിരെ അപവാദ പ്രചാരണം നടത്തുകയാണ് ബി.ജെ.പിയെന്ന് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനും പ്രതികരിച്ചു.
കാമത്ത് ബി.ജെ.പിയിൽ ചേരുന്ന സാഹചര്യത്തെപ്പറ്റി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോ നേരത്തെ അവകാശപ്പെട്ടിരുന്നു. ബി.ജെ.പി എം.എൽ.എമാരുടെ യോഗം ഇക്കാര്യം ഗൗരവമായി ചർച്ചചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാവും കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗോവയിൽ അധികാരം പിടിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതിനിടെയാണ് കാമത്തുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഗോവ ബിജെപിയിലെ രണ്ടാമനായിരുന്നു 2005 വരെ ദിഗംബർ കാമത്ത്. പിന്നീട് കോൺഗ്രസിലെത്തിയ അദ്ദേഹം 2007 മുതൽ 2012 വെര ഗോവ മുഖ്യമന്ത്രിയായിരുന്നു.