ancy-bava

കൊടുങ്ങല്ലൂർ: ന്യൂസിലൻഡിലെ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശിനിയും എം ടെക് വിദ്യാർത്ഥിനിയുമായ ആൻസി ബാവയുടെ (23) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. നടപടിക്രമങ്ങൾ പൂർത്തിയാക്കി, മൃതദേഹം ഇവിടെ എത്താൻ ഒരാഴ്ചയെങ്കിലും കാലതാമസമുണ്ടാകുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ആൻസിയുടെ ഭർത്താവ് അബ്ദുൾ നാസറിന് ഇന്നലെ വരെ ഭാര്യയുടെ മൃതദേഹം കാണാൻ സാധിച്ചിട്ടില്ല. പൊലീസ് നടപടികൾ ഇന്ന് മാത്രമേ പൂർത്തിയാകൂവെന്നും അതിനുശേഷമേ ബന്ധുക്കളെ കാണിക്കൂവെന്നുമാണ് ലഭിച്ച വിവരം. അതേസമയം മൃതദേഹം ന്യൂസിലൻഡിൽ തന്നെ സംസ്കരിക്കണമെന്ന് അവിടത്തെ സർക്കാർ നിർദ്ദേശിച്ചതായുള്ള റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമാണെന്ന് ആൻസിയുടെ ബന്ധുക്കൾ വ്യക്തമാക്കി. ചേരമാൻ ജുമാ മസ്ജിദിന് പടിഞ്ഞാറ് വശം ഗൗരീശങ്കർ ആശുപത്രിക്ക് സമീപത്തെ ആൻസിയുടെ വീട്ടിൽ ഇന്നലെ അഡ്വ. ബെന്നി ബഹനാൻ എത്തിയിരുന്നു. ആൻസിയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ചേരമാൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടു.

മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ നടപടി

തിരുവനന്തപുരം: ആൻസി ബാവയുടെ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്റിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്റിയുടെ നിർദ്ദേശപ്രകാരം നോർക റൂട്‌സ് ന്യൂസീലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. 24 മണിക്കൂറിനകം മൃതദേഹം വിട്ടു നൽകുമെന്നാണ് ന്യൂസീലൻഡ് അധികൃതർ ഹൈക്കമ്മീഷണറെ ഇന്നലെ രാവിലെ അറിയിച്ചത്. മൃതദേഹം വിട്ടുകിട്ടിയാൽ നാല് ദിവസത്തിനകം നാട്ടിലെത്തിക്കാൻ കഴിയുമെന്ന് നോർക റൂട്‌സ് അധികൃതർ പറഞ്ഞു.