ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കാവൽക്കാരൻ കള്ളനാണെന്ന (ചൗക്കിദാർ ചോർ ഹെ) പ്രയോഗത്തെ നേരിടാൻ ട്വിറ്ററിലെ പേരിന് മുന്നിൽ കാവൽക്കാരൻ എന്നെഴുതി ചേർത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി രാഹുൽ. എത്ര ശ്രമിച്ചാലും സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കാവൽക്കാരൻ കള്ളനാണെന്ന് എല്ലാ ഇന്ത്യാക്കാരും പറയുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു. ചൗക്കിദാർ ചോർഹേ എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്. സുഷമ സ്വരാജിനോടും തന്റെ ട്വിറ്റർ പേരിന്റെ മുമ്പിൽ ചൗക്കിദാർ എന്നെഴുതി ചേർക്കണമെന്നും ഇപ്പോഴത്തെ പേര് രസമില്ലെന്നും രാഹുൽ ട്വീറ്റിൽ പറയുന്നുണ്ട്.
You can keep trying Mr Modi, but the truth cannot be extinguished.
— Rahul Gandhi (@RahulGandhi) March 17, 2019
Every Indian is saying it. #ChowkidarChorHai
P.S: Do force Sushma ji to add “Chowkidar” to her handle. It’s looking very bad.
കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ ‘ഞാനും ചൗക്കിദാർ'’ കാമ്പെയിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ട്വിറ്റർ പ്രൊഫൈലിൽ പേര് മാറ്റം നടന്നത്. മോദിക്കും അമിത് ഷായ്ക്കും പിന്നാലെ മറ്റ് കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ഇത് ഏറ്റെടുത്തു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, സുരേഷ് പ്രഭു, പിയൂഷ് ഗോയല്‍ എന്നിവരും പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്. ബി.ജെ.പി നേതാക്കളും അനുയായികളും ഇപ്പോൾ പേര് മാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.
പ്രചാരണത്തിന്റെ ഭാഗമായി ഒരു പാട്ടും വീഡിയോയും പുറത്തിറക്കിയിട്ടുണ്ട് മോദി. രാജ്യത്തിനു വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും ചൗക്കീദാർമാരാണ് എന്ന സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നത്. ട്വിറ്ററിൽ മാത്രമാണ് പേര് മാറ്റം. ഫേസ്ബുക്കിൽ പേരുകൾക്ക് മാറ്റം വരുത്തിയിട്ടില്ല.
രാജ്യത്തെ സേവിക്കാൻ നിങ്ങളുടെ ചൗക്കിദാർ ഉറച്ച് നില്‍ക്കുന്നു. താൻ ഒറ്റയ്ക്കല്ല. അഴിമതിക്കെതിരെ പോരാടുന്ന എല്ലാവരും കാവൽക്കാരാണ്. രാജ്യത്തിന് വേണ്ടി പ്രയത്നിക്കുന്ന എല്ലാവരും ചൗക്കിദാർ ആണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.