ship

ന്യൂഡൽഹി: പുൽവാമ ഭീകാരക്രണത്തിന് ശേഷം ഇന്ത്യ പാക് സംഘർഷം വർദ്ധിച്ച സാഹചര്യത്തിൽ ഇന്ത്യൻ വിമാന വാഹിനി കപ്പലായ എെ.എൻ.എസ്. വിക്രമാദിത്യയും ആണവവാഹിനികളും ഇന്ത്യ അറബിക്കടലിൽ വിന്യസിച്ചിരുന്നുവെന്ന് റിപ്പോർട്ട്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ വേണ്ടിയാണ് പടക്കപ്പലുകൾ വിന്യസിച്ചത്.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം അതിർത്തിയിൽ ഇന്ത്യൻ പാക് സംഘർഷം നടന്നിരുന്നു. അതിർത്തിയിൽ പാകിസ്ഥാൻ നിരവധി തവണ വെടിനിർത്തൽ പ്രഖ്യാപനം ലംഘിച്ചിരുന്നു. ഇതേസമയം അഭ്യാസ പ്രകടനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു നാവികസേന. 60 യുദ്ധക്കപ്പലുകളും കോസ്റ്റ് ഗാർഡിന്റെ 12 കപ്പലുകളും 60 വിമാനങ്ങളും ഉൾപ്പെട്ട അഭ്യാസ പ്രകടനത്തിലായിരുന്നു നാവികസേന ഏർപ്പെട്ടിരുന്നത്.

എന്നാൽ കേന്ദ്രത്തിന്റെ കർശന നിർദേശ പ്രകാരം അഭ്യാസ പ്രകടനം നിർത്തിവയ്ക്കുകയായിരുന്നു. ട്രോപെക്‌സ് - 19 നാവികാഭ്യാസ പ്രകടനത്തിൽ പങ്കെടുത്ത ആണവ അന്തർവാഹിനിയും കപ്പലുകളും മറ്റ് പടക്കപ്പലുകളുമാണ് അറബിക്കടലിൽ വിന്യസിച്ചത്. ഐ.എൻ.എസ് വിക്രമാദിത്യയ്ക്ക് പുറമെ ആണവ അന്തർവാഹിനികളായ ഐ.എൻ.എസ് അരിഹന്ത്, ഐ.എൻ.എസ് ചക്ര എന്നിവ തുടങ്ങിയവയാണ് അറബിക്കടലിൽ വിന്യസിച്ചിരുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.