manohar-parikkar
manohar parikkar

പനാജി:രാഷ്‌ട്രീയക്കാരുടെ ബാഹ്യപരിവേഷങ്ങളില്ലാതെ ലളിത ജീവിതവും ഉന്നതമായ ചിന്തയുംകൊണ്ട് ജനഹൃദയങ്ങൾ സ്വന്തമാക്കിയ ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായ മനോഹർ പരീക്കർ അന്ത്യയാത്രയായി. ഇന്നലെ വൈകിട്ട് 7.30 ഒാടെ പനാജിയിലെ ഡോണ പോളയിലെ വസതിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു.

ഗോവയിൽ ബി.ജെ.പിയുടെ ശക്തിസ്രോതസായിരുന്ന പരീക്കർ പാൻക്രിയാസിൽ അർബുദം ബാധിച്ചതിനെ തുടർന്ന് അമേരിക്കയിലും ഇന്ത്യയിലുമായി വിദഗ്ദധ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ ഏറ്റെടുത്തെങ്കിലും രോഗം മൂർച്‌ഛിക്കുകയായിരുന്നു. വസതിയിൽ തയ്യാറാക്കിയ തീവ്രപരിചരണ സംവിധാനത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. പരേതയായ മേധയാണ് ഭാര്യ. ഉത്പൽ, അഭിജിത്ത് എന്നിവർ മക്കളാണ്.

2014 മുതൽ 2017 വരെ കേന്ദ്രപ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹം നാലു തവണ ഗോവ മുഖ്യമന്ത്രിയായിരുന്നു.

ഗോവയിലെ മാപുസയിൽ 1955 ഡിസംബർ 13 ന് ജനിച്ച മനോഹർ പരീക്കർ ആർ.എസ്.എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. മുംബയ് ഐ.ഐ.ടിയിൽ നിന്ന് എൻജിനിയറിംഗ് ബിരുദം നേടിയ അദ്ദേഹം ബി.ജെ.പിയിലൂടെ 1994 ൽ നിയമസഭാംഗമായി.

രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ 2000 ഒക്ടോബറിൽ ബി.ജെ.പി ആദ്യമായി ഗോവയിൽ ഭരണത്തിലെത്തിയപ്പോൾ പരീക്കർ മുഖ്യമന്ത്രിയായി. 2002 ഫെബ്രുവരിയിൽ നിയമസഭ പിരിച്ചുവിട്ടെങ്കിലും തിരഞ്ഞെ‌ടുപ്പിനെ തുടർന്ന് കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണിൽ വീണ്ടും മുഖ്യമന്ത്രിയായി. 2005 ൽ ഭരണം നഷ്ടപ്പെട്ടു. എന്നാൽ 2012 ൽ മൂന്നാം വട്ടം മുഖ്യമന്ത്രിസ്ഥാനത്ത് മടങ്ങിയെത്തി. 2014ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കേന്ദ്രപ്രതിരോധ മന്ത്രിയായി. 2017 മാർച്ച് വരെ ആ സ്ഥാനത്ത് തുടർന്നു. 2017ൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി രാജിവച്ച് സ്വന്തം മണ്ഡലമായ പനാജിയിൽ മത്സരിച്ച് വിജയിച്ച് എം.എൽ.എ ആയി. നാലാം തവണയും മുഖ്യമന്ത്രിയായി.

പാൻക്രിയാസിൽ അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് അമേരിക്കയിലെ ആശുപത്രിയിലും പിന്നീട് ഡൽഹി എയിംസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. അതിനിടെ, കഴിഞ്ഞ ഡിസംബറിൽ ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയെത്തിയെങ്കിലും രോഗത്തോട് മല്ലിടുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ജനുവരി 30 ന് രോഗം വകവയ്‌ക്കാതെ അദ്ദേഹം സംസ്ഥാന ബ‌ഡ്ജറ്റ് അവതരിപ്പിച്ചിരുന്നു.