nuclear-submarine

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാക് ബന്ധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സമുദ്രാതിർത്തികളിൽ ഇന്ത്യ ആണവ അന്തർവാഹിനികൾ വിന്യസിച്ചിരുന്നതായി റിപ്പോർട്ട്. വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയും ആണവ അന്തർവാഹനികളും അടക്കമുള്ളവ അറബിക്കടലിൽ വിന്യസിച്ചിരുന്നതായി നാവികസേന ഇന്നലെ പ്രസ്താവനയിൽ പറഞ്ഞു.

ഐ.എൻ.എസ് വിക്രമാദിത്യയുടെ സുപ്രധാന കോംബാറ്റ് യൂണിറ്റായ കാരിയർ ബാറ്റിൽ ഗ്രൂപ്പും ആണവ അന്തർവാഹിനികളും പടക്കപ്പലുകളും വിന്യസിച്ചിരുന്നു.

പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കാനാണ് ഇന്ത്യ സുസജ്ജമായിരുന്നതെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു. ട്രോപെക്‌സ് - 19 നാവികാഭ്യാസ പ്രകടനത്തിൽ പങ്കെടുത്ത വിമാന വാഹിനി കപ്പലിനെയും ആണവ അന്തർവാഹിനികളെയും മറ്റ് നിരവധി യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയുമാണ് അതിവേഗം അറബിക്കടലിൽ വിന്യസിച്ചത്.

പുൽവാമയിൽ ഭീകരാക്രമണം നടന്നപ്പോൾ നാവികസേന വലിയ അഭ്യാസ പ്രകടനമായ ട്രോപെക്സ് സംഘടിപ്പിച്ചിരുന്നു. യുദ്ധക്കപ്പലുകളും കോസ്റ്റ് ഗാർഡിന്റെ 12 കപ്പലുകളും 60 വിമാനങ്ങളും ഉൾപ്പെട്ട അഭ്യാസ പ്രകടനത്തിലായിരുന്നു നാവികസേന ഏർപ്പെട്ടിരുന്നത്.

ആണവ അന്തർവാഹിനികളായ ഐ.എൻ.എസ് അരിഹന്ത്, ഐ.എൻ.എസ് ചക്ര എന്നിവ അടക്കമുള്ളവയാണ് അതീവ ജാഗ്രത പാലിച്ച് അറബിക്കടലിൽ ഉണ്ടായിരുന്നത്. പാകിസ്ഥാനിലെ ബലാക്കോട്ടിലുള്ള ഭീകര താവളങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ വ്യോമാക്രമണ സമയത്തുതന്നെയാണ് നാവികസേനയും സർവസജ്ജമായി അറബിക്കടലിൽ നിലയുറപ്പിച്ചത്.