jesintha

വെല്ലിങ്ടൺ: ന്യൂസിലൻഡിന്റെ ചരിത്രത്തിലെ കറുത്ത രാത്രി. ഭീകരന്റെ മതഭ്രാന്തിനു മുന്നിൽ 49 ജീവൻ ചുട്ടെരിയപ്പെട്ടതിന്റെ നടുക്കത്തിൽ നിന്ന് അവർ ഇനിയും കരകയറിയിട്ടില്ല. തന്റെ പ്രജകളുടെ കണ്ണീരൊപ്പാൾ ഒരു മാലാഖയെ പോലെയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ അവർക്കിടയിലെത്തിയത്.

തികച്ചും സാധാരണക്കാരിയായി ഹിജാബ് ധരിച്ചെത്തിയ അവർ ഭീകരാക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരെ കെട്ടിപ്പുണർന്നു. മുപ്പത്തിയേഴ് വയസുമാത്രം പ്രായമുള്ള അവരുടെ പക്വമാർന്ന പെരുമാറ്റം ജനങ്ങൾക്ക് ആശ്വാസം പകർന്നു. ഭീകരാക്രമണം നടന്നയുടൻ രാജ്യത്തെ തോക്കു നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ഉത്തരവിടാൻ അവർ അധികം ആലോചിച്ചിരുന്നില്ല. ക്രിസ്തുമത വിശ്വാസിയാണ് ജസീന്ത. പക്ഷെ ഭീകരാക്രമണത്തിന്റെ ഇരകളെ ആശ്വസിപ്പിക്കാൻ ഹിജാബ് ധരിച്ചാണ് അവരെത്തിയത്. നിരീശ്വരവാദികളെയും മതവിശ്വാസികളെയും ഒരുപോലെ പിന്തുണയ്ക്കുന്ന അവർ വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന പക്ഷക്കാരിയാണ്. എൽ.ജി.ബി.ടിക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ജസീന്ത പ്രൈഡ് മാർച്ചിൽ പങ്കെടുത്ത ആദ്യ കിവി പ്രധാനമന്ത്രി കൂടിയായിരുന്നു. സർക്കാർ ആശുപത്രിയിലാണ് ജസീന്ത തന്റെ മകൾക്ക് ജന്മം നൽകിയത്. ആഡംബരങ്ങളും പരിവാരങ്ങളും അധിക ശ്രദ്ധയും ആഗ്രഹിക്കുന്നില്ല എന്നതു തന്നെയാണ് ജസീന്തയുടെ ആദർശവും. കഴിഞ്ഞ ദിവസങ്ങളിൽ ഇത് ന്യൂസിലൻഡ് ജനത സമൂഹമാദ്ധ്യമങ്ങളിൽ ഒരേ സ്വരത്തിൽ പറയുകയും ചെയ്തു. നിങ്ങൾ സമത്വത്തിൽ വിശ്വസിക്കുന്നെങ്കിൽ നിങ്ങൾ ഫെമിനിസ്റ്രാണ് -ജസീന്ത ആർഡൻ