കൊല്ലം: എം.സി റോഡിൽ കൊട്ടാരക്കര പനവേലിയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും വാഗൺ ആർ കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന എസ്.ഐയ്ക്ക് ഗുരുതര പരിക്ക്. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഭരതന്നൂർ മടവൂർക്കോണം ശാന്താഭവനിൽ പ്രദീപ് കുമാറിനാണ് (50)പരിക്കേറ്റത്. ഇന്നലെ രാവിലെ 7ന് പനവേലി ജംഗ്ഷന് സമീപമായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രദീപ് കുമാർ. തിരുവനന്തപുരത്ത് നിന്നു കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന നെയ്യാറ്റിൻകര- മലയാറ്റൂർ സൂപ്പർഫാസ്റ്റ് ബസ് എതിർദിശയിൽ നിന്നു വന്ന പ്രദീപ് കുമാറിന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണ്ണമായും തകർന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ പ്രദീപ് കുമാറിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തിട്ടില്ല. കൊട്ടാരക്കര പൊലീസ് കേസെടുത്തു.