വളരെ ഉയർന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേർത്ത വേഗതയിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ. ഇവ കണ്ടാലുടൻ വൈദ്യസഹായം തേടണം. വിയർപ്പിലൂടെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതാണ് താപശരീരശോഷണം അഥവാ ഹീറ്റ് എക്സ്ഹോഷൻ. അമിത വിയർപ്പ്, പേശീവലിവ്, ക്ഷീണം, തലകറക്കം, തലവേദന, ഛർദ്ദി, ബോധക്ഷയം എന്നിവയാണ് ലക്ഷണം. ഇതിനും ചികിത്സ തേടണം.
ഓരോ മണിക്കൂറിലും 2-4 ഗ്ളാസ് വെള്ളം കുടിക്കണം. മുന്തിരി, തണ്ണിമത്തൻ, മാതളം, ഓറഞ്ച് , എന്നിവ കഴിക്കുക. സംഭാരം, ഉപ്പിട്ട, കഞ്ഞിവെള്ളം , നാരങ്ങാവെള്ളം, രാമച്ചമിട്ടവെള്ളം എന്നിവ കുടിക്കുക. അധികവ്യായാമവും കായികാദ്ധ്വാനവും പാടില്ല. കറ്റാർവാഴയുടെ പൾപ്പ്, തൈര് എന്നിവ ചർമ്മത്തിൽ പുരട്ടുക . അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ വെയിൽ കൊള്ളരുത്. കുട്ടികളെയും ഗർഭിണികളെയും വൃദ്ധരെയും വെയിലത്ത് പാർക്ക് ചെയ്ത കാറുകളിൽ ഇരുത്തരുത്.