നമ്മുടെ ജീവിതത്തെ സാർത്ഥകമായി മുന്നോട്ടു നയിക്കുന്നതെന്ത് എന്ന് ചോദിച്ചാൽ അതിനു എന്ത് ഉത്തരമാകും ഒരാൾ നല്കുക? നിശ്ചയമായും ഈ ചോദ്യത്തിനു നല്കപ്പെടുന്ന ഉത്തരങ്ങൾക്ക് സമാനതയുണ്ടാവില്ല എന്നതു സുനിശ്ചിതമാണ്. എന്തുകൊണ്ടെന്നാൽ ഓരോരുത്തരും അവരവരുടെ ചിന്തയുടെയും ഭാവനയുടെയും പ്രവൃത്തിയുടെയും മണ്ഡലങ്ങളിൽ നിന്നുകൊണ്ടാവും ഉത്തരം പറയുക. ഉദാഹരണത്തിനു ഒരു വിദ്യാർത്ഥിയുടെയും ഒരു ഉദ്യോഗാർത്ഥിയുടെയും ഒരദ്ധ്യാപകന്റെയും ഒരെഴുത്തുകാരന്റെയും ചിന്തയും ഭാവനയും വ്യത്യസ്തമായിരിക്കുകയാൽ അവരുടെ ഉത്തരങ്ങളെല്ലാം വ്യത്യസ്തമായിരിക്കും. ഇതുപോലെ തന്നെയാവും മറ്റു മണ്ഡലങ്ങളിൽ വ്യാപരിക്കുന്നവരുടെയും ഉത്തരങ്ങൾ.
ഇവിടെ ചോദ്യം ഒന്നാണെങ്കിലും അതിനുള്ള ഉത്തരങ്ങൾ പലതാണ്. ഈ പലതിൽ ഏതാണു ശരിയുത്തരം എന്ന് എങ്ങനെയാണ് അറിയുക? ഏതായാലും അതറിയുന്നവനാണു ജീവിതത്തെ സ്വയം ക്രമീകരിക്കാനും നേരായ മാർഗ്ഗത്തിലൂടെ നയിക്കാനും ലക്ഷ്യസ്ഥാനത്തെ പ്രാപിക്കാനും നിർവൃതി അനുഭവിക്കാനും സാധിക്കുന്നത്. സ്ഥാനമാനങ്ങളും വിദ്യാഭ്യാസയോഗ്യതകളും സാമ്പത്തിക നിലവാരങ്ങളും ഏതെങ്കിലും വിധത്തിൽ ഈ ഉത്തരത്തിനു അടിസ്ഥാനമാകുന്നുണ്ടെങ്കിൽ ആ ഉത്തരത്തിനു ഒരിക്കലുമൊരു സ്ഥിരത ഉണ്ടാവുകയില്ല. കുഞ്ഞുങ്ങൾ വളരുന്നതിനനുസരിച്ച് കളിപ്പാട്ടങ്ങൾ മാറ്റുന്നതുപോലെയായിരിക്കും ഇത്. അതിനാൽ ഒരു കാര്യം ഇവിടെ ശ്രദ്ധേയമായിത്തീരേണ്ടതുണ്ട്. അതായത് ജീവിതത്തെ മുന്നോട്ടു നയിക്കുകയെന്നാൽ അത് ശാന്തിയിലേക്കുള്ള, ശ്രേയസിലേക്കുള്ള, വിജയത്തിലേക്കുള്ള സംതൃപ്തിയിലേക്കുള്ള പ്രയാണമായിരിക്കണം. ഇതൊന്നും വിചാരം ചെയ്യാതെയുള്ള മുന്നോട്ടുപോകൽ വ്യർത്ഥമാണ്. അർത്ഥമുണ്ടാകുമ്പോഴാണു വാക്കുകൾക്ക് ഹൃദയവും ആകാശവുമുണ്ടാകുന്നത് എന്നതുപോലെ ജീവിതത്തിനു അർത്ഥമുണ്ടാകുമ്പോഴാണ് അത് ധന്യമായിത്തീരുന്നത്.
എന്നാൽ ഇന്നു അധികമാളുകളും ജീവിതത്തിനു അർത്ഥമുണ്ടാകുന്നത് 'അർത്ഥലാഭം' ഉണ്ടാകുമ്പോഴാണെന്നു ധരിച്ചുവെച്ചിരിക്കുകയാണ്. ഈ അർത്ഥലാഭത്തിനു ധനലാഭം എന്നാണർത്ഥം. ധനലാഭം അനർത്ഥത്തിനു കാരണമായിത്തീരുന്ന വലിയൊരു ഇന്ധനമാണെന്നു ഓർക്കുന്നവർ നന്നേ കുറയും. അതറിയുന്നവർ ഏറിയിരുന്നെങ്കിൽ പലരുടെയും ജീവിതത്തിലെ ഇരുളുകൾ അകന്നുപോകുമായിരുന്നു.
ഈ പ്രകൃതിയിൽ മനുഷ്യനൊഴികെയുള്ള എല്ലാ പ്രപഞ്ചജാലങ്ങളും അവയുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് പ്രകൃതിക്കു വിധേയമായിട്ടാണ്. കാരണം അവയ്ക്കു പ്രകൃതിയെ ലംഘിക്കാനറിയില്ല. പ്രകൃതിയെ അനുസരിക്കാനേ അറിയൂ. അവയുടെ ജീവിതത്തിനു ആധാരമായിരിക്കുന്ന ഈ അർത്ഥം അവയ്ക്കു പകർന്നുകൊടുത്തിട്ടുള്ളതും ഈ പ്രകൃതിയെന്ന മഹർഷിയാണ്. എന്നാൽ അതേ പ്രകൃതിയിൽ ജീവിക്കുന്ന മനുഷ്യൻ തനിക്കനുകൂലമായ ഒരു പ്രകൃതിയെ സൃഷ്ടിച്ചെടുക്കാനാണ് ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും. ഇത് പ്രകൃതിയുടെ അർത്ഥത്തെ ലംഘിക്കലാണ്. കാരണം ഒരു ജീവിതത്തിന്റെ മുന്നോട്ടുപോകലിനാവശ്യമായ വിഭവങ്ങൾ എന്തെല്ലാമാണോ അതെല്ലാം നമുക്ക് ഈ പ്രകൃതി തന്നെ ഇണക്കിത്തന്നിട്ടുണ്ട്. അവയെ വേണ്ടുംവിധം ഒരുക്കിയെടുക്കാനും പരസ്പരം വിനിമയം ചെയ്യാനും മാത്രം നമ്മളറിഞ്ഞാൽ മതി. പക്ഷേ അതിനുള്ള ക്ഷമ നമുക്കില്ല.
പ്രകൃതി നമുക്കു നല്കിയ ഏറ്റവും വലിയ ശേഷിയെന്നത് ക്ഷമിക്കാനുള്ള ശേഷിയാണ്. ഉള്ളതിനെയെല്ലാം എത്ര ക്ഷമയോടെയാണ് പ്രകൃതി പരിപാലിക്കുന്നതെന്നു നിരീക്ഷിച്ചാൽ നമ്മുടെ ജീവിതത്തെ സാർത്ഥകമായി മുന്നോട്ടു നയിക്കുന്നതെന്തെന്ന ചോദ്യത്തിനു ഒരേയൊരു ഉത്തരമുണ്ടാകും. അത് ക്ഷമയാണ്. എന്തെന്നാൽ ക്ഷമയേക്കാൾ വലിയ ത്യാഗമില്ല. ക്ഷമയേക്കാൾ വലിയ സ്നേഹമില്ല. ക്ഷമയേക്കാൾ വലിയ വിവേകമില്ല. ക്ഷമയാണു മറക്കുവാനും പൊറുക്കുവാനും നമ്മെ പ്രാപ്തനാക്കുന്നത്. ക്ഷമയിൽ നിന്നാണ് ശാന്തിയുടെ കവാടം ഒരു പൂവിതൾപോലെ തുറന്നുവരുന്നത്.
ക്ഷമിക്കുന്നവനേക്കാൾ വലിയ ജ്ഞാനിയില്ല. ക്ഷമിക്കാത്തവനേക്കാൾ വലിയ വിഡ്ഢിയുമില്ല. കാരണം ക്ഷമിക്കാത്തവന്റെ മനസ് നിമിഷംപ്രതി വിറകെരിയും പോലെ സ്വയം നീറിക്കൊണ്ടിരിക്കുകയാണ്. ഒരു മനുഷ്യനുണ്ടായിരിക്കേണ്ട എല്ലാ ഗുണഗണങ്ങളും അതിൽപ്പെട്ട് ദഹിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് മറ്റുള്ളവരുടെ ക്ഷോഭത്തിനിരയായ സഹോദരൻ അയ്യപ്പനോട് 'ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം' എന്നു തൃപ്പാദങ്ങൾ മൊഴിഞ്ഞത്.
ഒരു നദിയുടെ ഉത്ഭവസ്ഥാനം അതുപോലെ നിലനില്ക്കുന്നിടത്തോളം മാത്രമാണ് ആ നദിക്ക് ഒഴുക്കുണ്ടാവുന്നത്. ഒഴുക്കാണ് ഒരു നദിയുടെ ജീവിതത്തെ നിർണയിക്കുന്നത്. ഉത്ഭവസ്ഥാനമറ്റുപോയാൽ ആ ഒഴുക്കറ്റുപോകും. ഒഴുക്കറ്റുപോകുന്നതോടെ നദി നദിയല്ലാതായിത്തീരും. ഏതാണ്ട് ഇതിനു സമാനമാണു ക്ഷമയും ജീവിതവും തമ്മിലുള്ള ബന്ധവും. ക്ഷമയാണ് ഒരു മനുഷ്യനെ ഒരു നല്ല മനുഷ്യനാക്കുന്നത്. എന്തുകൊണ്ടെന്നാൽ ക്ഷമയുള്ളവനിൽ നിന്നേ കാരുണ്യമുണ്ടാവുകയുള്ളൂ. കാരുണ്യമുള്ളവനിൽ നിന്നേ സ്നേഹമുണ്ടാവുകയുള്ളൂ. സ്നേഹമുളളവനിൽ നിന്നേ സ്വാതന്ത്ര്യവും സമഭാവനയും ഉണ്ടാവുകയുള്ളൂ. അതിനാൽ ക്ഷമയറ്റുപോയാൽ ഒഴുക്കറ്റുപോകുന്ന ഒരു നദിയെപ്പോലെ മനുഷ്യന്റെ സർവഗുണങ്ങളും അറ്റുപോകുമെന്നറിയണം.
ക്ഷമ മറക്കാനും പൊറുക്കാനുമുള്ള വലിയ വിവേകമാണ് നമുക്ക് നല്കുന്നത്. നിഷ്കളങ്കതയാണ് ക്ഷമയുടെ ആകാശം. ഗുരുക്കന്മാർ അനുഭവിക്കുന്ന ആ നിഷ്കളങ്കാകാശത്തിലേക്ക് സാധാരണ മനുഷ്യനെ ആനയിക്കുവാനാണ് ഗുരുദേവൻ ആഗ്രഹിച്ചത്. ആ ഗുരുഹിതത്തിന്റെ തെളിഞ്ഞ മാനമാണ്അഥവാ ഉൾപ്പൊരുളാണ് 'സദാചാരം' എന്ന ലഘുകൃതിയിലെ ആദ്യപദ്യത്തിൽ മുഴങ്ങിനില്ക്കുന്നത്.
നല്ലതല്ലൊരുവൻ ചെയ്ത നല്ലകാര്യം മറപ്പത്
നല്ലതല്ലാത്തതുടനേ മറന്നീടുന്നതുത്തമം.
നമ്മുടെ ജീവിതത്തിനു ഏതെങ്കിലും വിധത്തിൽ നന്മയുണ്ടാക്കുന്നവിധം ഒരു നല്ല കാര്യം ചെയ്ത ഒരുവനെ ഒരിക്കലും മറന്നുകൂട. ഇങ്ങനെ മറക്കാതിരിക്കുകയെന്നത് ഒരു നന്ദിസൂചകം മാത്രമല്ല. അതു നിഷ്കളങ്കതയുടെ ഏറ്റവും വലിയ തെളിമ കൂടിയാണ്. എന്നാൽ അതു മറക്കുന്നതും നല്ലതല്ലാത്തവ മറക്കാതിരിക്കുന്നതും നിഷ്കളങ്കതയുടെ ഏറ്റവും വലിയ മറയലുമാണ്. എപ്പോഴാണോ ഒരുവൻ നിഷ്കളങ്കനായിരിക്കുന്നത് അപ്പോഴാണു അവൻ ക്ഷമയുള്ളവനായിരിക്കുന്നത്. ഈ ക്ഷമയാണ് ജീവിതത്തെ സാർത്ഥകമാകുംവിധം മുന്നോട്ടു നയിക്കുന്നതെന്ന പാഠമാണ് ഗുരുവിൽ നിന്നും നാമാദ്യം പഠിക്കേണ്ടത്.