കോഴിക്കോട്: വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. വേങ്ങര സ്വദേശി മുഹമ്മദ് ഷാൻ(6) ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഷാൻ ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.
വൈറസ് ബാധ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയായിരുന്നു. ദോശാടന പക്ഷികളിൽ നിന്ന് കൊതുകുകളിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ടാഴ്ച മുൻപാണ് ഷാന് പനി ബാധിച്ചത്. തലകറക്കവും ക്ഷീണവും കാരണം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോഴാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്.
തുടർന്ന് കേന്ദ്ര വിദഗ്ധ സംഘം ഷാൻ താമസിക്കുന്ന പ്രദേശത്ത് എത്തി പക്ഷികളുടെയും മൃഗങ്ങളുടെയും രക്ത സാമ്പിൾ ശേഖരിച്ചിരുന്നു. രക്ത സാമ്പിളുകളുടെ ഫലം ലഭിച്ചാൽ മാത്രമേ സ്ഥിതി എത്രത്തോളം ഗുരുതരമാണെന്ന കാര്യം വ്യക്തമാകുകയുള്ളു. കുട്ടിയുടെ മരണത്തോടെ ജനങ്ങൾ ആശങ്കയിലായിരിക്കുകയാണ്. എന്നാൽ ആശങ്കവേണ്ട ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.