ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുമ്പോൾ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന വാദവുമായി തൃത്താല എം.എൽ.എ വി.ടി ബൽറാം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

നിലവിൽ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനാവാത്തതിനാലാണ് മറ്റ് നാലിടത്തെയും തീരുമാനം വൈകുന്നത്. വയനാട്ടിൽ ടി. സിദ്ദിഖിനെ ഏൽപ്പിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി ഉറച്ചുനിൽക്കുകയാണ്. എന്നാൽ ഷാനിമോൾ ഉസ്മാൻ, കെ.പി. അബ്ദുൾ മജീദ്, പി.എം. നിയാസ് എന്നിവരിലാരെയെങ്കിലും നിർത്തണമെന്നാണ് ചെന്നിത്തലയുടെ നിലപാട്. വി.വി. പ്രകാശിന്റെ പേരും സമവായ സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സ്ഥാനാർത്ഥിയുടെ നിർദേശവുമായി വി.ടി ബൽറാം രംഗത്തത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റി‌ന് താഴെ പരിഹസിച്ചും പുതിയ നിർദേശങ്ങളുമായി നിരവധി പേരുടെ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റി‌ന്റെ പൂർണ രൂപം...

''രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്''