ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ(ഇഫി) മുഖ്യവേദിയായ ഗോവ പനാജിയിലെ ഐനോക്സ് വളപ്പിലൂടെ പാന്റ്സും ഹാഫ് സ്ളീവ് ഷർട്ടും സാദാ ചെരിപ്പും ധരിച്ച് സുമുഖനായ ഒരാൾ നടന്നു നീങ്ങുന്നു. കൂടെ ഒന്നോ,രണ്ടോ ഉദ്യോഗസ്ഥർ മാത്രം. അംഗരക്ഷകരുടെ അകമ്പടിയില്ല. അത് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറായിരുന്നുവെന്ന് അറിഞ്ഞപ്പോൾ കൗതുകം തോന്നാതിരുന്നില്ല. 2004 നവംബറിലാണ് ആ കാഴ്ച കണ്ടത്. അന്നദ്ദേഹം മുഖ്യമന്ത്രിയായി ആദ്യ ടേമിൽ തുടരുകയായിരുന്നു.
ഗോവ ഇഫിയുടെ സ്ഥിരം വേദിയാക്കുന്നതിന് മുൻകൈയ്യെടുത്തത് പരീക്കറായിരുന്നു. (കലാസ്വാദകനായ പരീക്കറുടെ ഭൗതികദേഹം ഇന്നലെ പനാജിയിലെ കലാ അക്കാദമിയിലും പൊതുദർശനത്തിന് വച്ചത് അതുകൊണ്ടുകൂടിയായിരുന്നു.) ചലച്ചിത്രോത്സവം തീരുന്നതുവരെ പത്തു ദിവസവും പരീക്കറുടെ ഈ പതിവ് വരവ് ഒരു കാഴ്ചതന്നെയായിരുന്നു. ഐനോക്സിൽ നിന്ന് കലാഅക്കാദമിയിലേക്കു നടക്കുന്ന വഴിക്ക് മണ്ഡോവി നദിക്കരയിൽ കാറ്റുകൊണ്ടു പരിചയക്കാരോട് സംസാരിച്ചു നിൽക്കുന്ന പരീക്കറെയും കണ്ടിട്ടുണ്ട്. ഗോവക്കാർ അവരിലൊരാളായാണ് മനോഹർ പരീക്കറെ എന്നും സ്വീകരിച്ചത്. ഗോവക്കാരനായ തനിക്ക് നാട്ടുകാരുടെ ഇടയിൽ നടക്കാൻ അകമ്പടി വേണ്ടെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പരീക്കർ നൽകിയ മറുപടി . കാറിൽ നിന്ന് ബീക്കൺ ലൈറ്റ് എടുത്തു കളഞ്ഞ് ഡ്രൈവർക്കൊപ്പം മുൻസീറ്റിലിരുന്ന് സഞ്ചരിക്കുന്ന മുഖ്യമന്ത്രിയായ പരീക്കറെ വേറിട്ടുകാണാൻ ഗോവക്കാർക്ക് കഴിയുമായിരുന്നില്ല. അവർക്ക് എപ്പോഴും എന്താവശ്യത്തിനും നേരിട്ടു കാണാവുന്ന മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
പാൻക്രിയാറ്റിക് കാൻസർ ബാധിതനായ ശേഷമാണ് പരീക്കറെ അടുത്തുകാണുന്നതിന് നിയന്ത്രണമുണ്ടായത്. രോഗം കാർന്നുതിന്നുമ്പോൾ നേതൃത്വമാറ്റത്തെക്കുറിച്ച് പാർട്ടിയിലും എൻ.ഡി.എ ഘടകകക്ഷിയിലും ചില മുറുമുറുപ്പുകൾ ഉയർന്നുവെങ്കിലും അതൊരു വിവാദമായി ഉയരാതിരുന്നത് മുഖ്യമന്ത്രി മനോഹർ പരീക്കറായിരുന്നതുകൊണ്ട് മാത്രമാണ്. ഗോവൻ രാഷ്ട്രീയത്തെ അത്രമാത്രം പരീക്കർ സ്വാധീനിച്ചിരുന്നു. ലളിതവും സൗമ്യവുമായ വ്യക്തിത്വം മാത്രമായിരുന്നില്ല പരീക്കർ. ഗോവയെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. മുംബൈ ഐ.ഐ.ടിയിലെ മിടുക്കനായ വിദ്യാർത്ഥിക്ക് വികസനം എങ്ങനെ വേണമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലായിരുന്നു. പനാജിയിൽ പൊതുമരാമത്ത് വകുപ്പിൽ എക്സിക്യുട്ടീവ് എൻജിനീയറായിരുന്ന പാലക്കാട്ടുകാരൻ വേലായുധൻ അതേക്കുറിച്ച് പറഞ്ഞതിങ്ങനെ: "ഗോവയിലെ റോഡുകൾ മികച്ചതാക്കാൻ പരീക്കർ നേരിട്ടു മുൻകൈയ്യെടുത്തിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തടസങ്ങൾ അദ്ദേഹം തന്നെ നീക്കി. ഓരോ ആഴ്ചയിലും നിർമ്മാണ പുരോഗതി മുഖ്യമന്ത്രി തന്നെ വിലയിരുത്തും. എന്തിന് നിർമ്മാണ സാമഗ്രികൾ എത്രമാത്രം ഉപയോഗിച്ചു എന്നതിന്റെ കണക്കുവരെ ചോദിക്കുമായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായി ആദ്യ ടേമിൽ വന്നപ്പോൾ മലയാളികളായ മുതിർന്ന ഉദ്യോഗസ്ഥരെ കാണുമ്പോൾ 'നിങ്ങൾ കമ്മ്യൂണിസ്റ്റുകാരാണോ' എന്ന് തമാശയായി ചോദിക്കുമായിരുന്നു. പക്ഷേ ജോലിയിൽ മിടുക്കൻമാരാണെന്ന് കണ്ടപ്പോൾ വലിയകാര്യമായി. ഭരണത്തിൽ അദ്ദേഹം രാഷ്ട്രീയം പ്രയോഗിച്ചിരുന്നില്ല .'മറ്റൊരു അനുഭവം കൂടി വേലായുധൻ ചൂണ്ടിക്കാട്ടി. പഞ്ചിം ചർച്ചിന്റെ മുന്നിലെ കുന്ന് ഇടിച്ച് ചില വികസന പ്രവർത്തനങ്ങൾ നടത്താൻ നീക്കമുണ്ടായി. സ്ഥലം സർക്കാർ വകയാണ്. അവിടെ നിന്ന് നോക്കിയാൽ പനാജിയുടെ മൊത്തത്തിലുള്ള കാഴ്ചകാണാം. പള്ളിയിൽ വരുന്നവർ മാത്രമല്ല,വിനോദയാത്രികരും അവിടെ ഈ സീനറി കാണാൻ എത്തിയിരുന്നു. ആ പ്രദേശത്തിന്റെ ചുമതലയുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥൻ എന്ന നിലയിൽ വേലായുധൻ ഈ വിവരം പരീക്കറെ അറിയിച്ചു. അന്നു തന്നെ അദ്ദേഹം സൈറ്റ് പരിശോധിക്കാൻ സമയം കണ്ടെത്തി. പ്രകൃതിഭംഗി മുടക്കുന്ന വികസനം ഉപേക്ഷിക്കുകയും ചെയ്തു.
പരീക്കർ ഇടത്തരം വ്യവസായ കുടുംബത്തിൽ നിന്നുമാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. അതുകൊണ്ടുതന്നെ അഴിമതിക്കു പിറകെ പോകേണ്ട ആവശ്യം അദ്ദേഹത്തിനില്ലായിരുന്നു. അച്ഛന്റെ കാലം മുതൽക്കെ കെമിക്കൽ ബിസിനസായിരുന്നു. പഠനം കഴിഞ്ഞപ്പോൾ പരീക്കറും അതിൽ ഇടപെട്ടു തുടങ്ങി. പരീക്കറുടെ മക്കളാണ് ഇപ്പോഴത് നോക്കിനടത്തുന്നത്. പരീക്കറുടെ ഭാര്യ മേധാ ഫട്നിസ് കാൻസർ ബാധിതയായി 2000 ത്തിൽ മരിച്ചു. പിന്നീടദ്ദേഹം വിവാഹിതനായില്ല.
പഠിക്കുന്ന കാലത്തേ പരീക്കർ ആർ.എസ്.എസിൽ ആകൃഷ്ടനായി. മുംബൈ ഐ.ഐ.ടിയിൽ നിന്ന് മെറ്റലർജിയിൽ എഞ്ചിനീയറിംഗ് ബിരുദം നേടുമ്പോഴും സംഘത്തിന്റെ ഭാഗം തന്നെയായിരുന്നു പരീക്കർ. തുടർന്ന് പി.ജി പഠനം പാതിവഴിക്ക് ഉപേക്ഷിച്ചത് ആർ.എസ്.എസ് ആവശ്യപ്രകാരമായിരുന്നു. ബി.ജെ.പിയെ ഗോവയിൽ അധികാരത്തിൽ കൊണ്ടുവന്നതിൽ പരീക്കർ വഹിച്ച പങ്ക് നിർണായകമായിരുന്നു. ഗോവയിൽ സജീവസാന്നിദ്ധ്യമായ ക്രൈസ്തവസഭയുമായും പരീക്കർ നല്ല ബന്ധംപുലർത്തി. പള്ളികൾ സന്ദർശിച്ചു. എതിരാളികളുടെ മാത്രമല്ല തന്റെ പാർട്ടിയിലെ നേതാക്കൻമാരുടേയും നീക്കങ്ങൾ മണത്തറിയുന്ന തന്ത്രശാലിയായ നേതാവുമായിരുന്നു അദ്ദേഹം.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് നിർദ്ദേശിച്ച പ്രമേയത്തെ പിന്തുണച്ച ആദ്യ ബി.ജെ.പി മുഖ്യമന്ത്രി പരീക്കറായിരുന്നു. മോദിയുമായുള്ള അടുപ്പം അതോടെ വർദ്ധിക്കുകയും ചെയ്തു. ഗോവയിൽ നടന്ന പാർട്ടി എക്സിക്യുട്ടീവ് യോഗത്തിന്റെ ചുക്കാൻ പിടിച്ചതും പരീക്കറായിരുന്നു. മോദിയുമായുള്ള ആ അടുപ്പമാണ് അദ്ദേഹത്തെ കേന്ദ്രമന്ത്രിപദത്തിലെത്തിച്ചത്. എന്നാൽ കേന്ദ്ര പ്രതിരോധ മന്ത്രിയായിരിക്കുന്നതിനേക്കാൾ പരീക്കർ ഇഷ്ടപ്പെട്ടിരുന്നത് ഗോവയുടെ സാരഥിയായിരിക്കാനായിരുന്നു. കഴിഞ്ഞ നവംബറിൽ ഇഫിയിൽ പങ്കെടുക്കാൻ ഈ ലേഖകൻ ഗോവയിൽ പോയപ്പോൾ ഡൽഹി എയിംസിലെ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയതേയുള്ളായിരുന്നു പരീക്കർ . ഡോണാപൗളയിലെ സ്വവസതിയിൽ ഇന്റൻസീവ് കെയർ സൗകര്യമുള്ള മുറിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. എയിംസിൽ നിന്ന് വന്നയുടൻ പരീക്കർ സ്ഥാനമൊഴിയാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വം അനുവദിച്ചില്ല. ഗോവയിൽ പാർട്ടിയുടെ ജനകീയ മുഖമായ പരീക്കർക്ക് പകരം ആര് എന്നതിൽ ബി.ജെ.പി ആശയക്കുഴപ്പത്തിലായിരുന്നു. അന്ന് "ഗോവ : പരീക്കർ നിസഹായൻ;പകരക്കാരനില്ലാതെ ബി.ജെ.പി" എന്ന തലക്കെട്ടിൽ പരീക്കറുടെ സ്ഥിതിയും ഗോവൻ രാഷ്ട്രീയവും പരാമർശിക്കുന്ന റിപ്പോർട്ട് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു.
പരീക്കർ കഴിഞ്ഞ രണ്ടാഴ്ചയായി തീരെ അവശനിലയിലായിരുന്നു. മരണത്തോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് അദ്ദേഹം ഓട്ടം പൂർത്തിയാക്കിയത്. ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പകരക്കാരൻ വരും. പക്ഷേ പരീക്കറിന് പകരംവയ്ക്കാനാവില്ലെന്നു മാത്രം. ഗോവൻ രാഷ്ട്രീയത്തിലെ സൗമ്യവും സുന്ദരവുമായ മുഖം മായുന്നു.പനാജി വിമൂകമാകുന്നു. മണ്ഡോവി നദി ഒഴുകിക്കൊണ്ടേയിരിക്കുന്നു.