roshen-andrews-alwin-ant

സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരെ കടുത്ത വിമർശവുമായി സഹസംവിധായകനും നിർമ്മാതാവുമായ ആൽവിൻ ആന്റണിയും കുടുംബവും. നാൽപ്പതോളം ഗുണ്ടകളുമായി റോഷൻ ആൻഡ്രൂസ് തന്റെ വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതിയിൽ റോഷൻ ആൻഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയാണ് കേസ്. എറണാകുളം ടൗൺ സൗത്ത് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തെ കുറിച്ച് ആൽവിൻ പറയുന്നത്-

'റോഷൻ ആൻഡ്രൂസിനൊപ്പം ഞാൻ രണ്ടു സിനിമകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഹൗ ഓൾഡ് ആർയുവിൽ മാത്രമല്ല, മുംബൈ പോലീസിലും. ഞാൻ ജീവിതത്തിൽ ഇന്നേ വരെ മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ല. ഹൗ ഓൾഡ് ആർ യു സെറ്റിലെ ആരോടു വേണമെങ്കിലും അന്വേഷിക്കാം. മയക്കു മരുന്നു ഉപയോഗിച്ചാൽ എന്നെ പണ്ടേ എന്റെ വീട്ടിൽ നിന്ന് തന്നെ പുറത്താക്കിയേനേ. എന്റെ ഡാഡി അറിയപ്പെടുന്ന നിർമാതാവാണ്. ഞാൻ അങ്ങനെയൊക്കെ ചെയ്താൽ അതിന്റെ ചീത്തപ്പേര് അദ്ദേഹത്തിനാണ്. ഞാൻ പന്ത്രണ്ടോളം സിനിമകളിൽ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്. ലാൽ ജോസ്, ബി. ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ് എന്നിവരുടെ സിനിമകളിൽ. അവരോട് ചോദിച്ചു നോക്കൂ ഞാൻ മോശക്കാരൻ ആണോ അല്ലയോ എന്ന്.

നാൽപ്പത് ഗുണ്ടകളുമായാണ് എന്റെ വീട്ടിലേക്ക് റോഷൻ ആൻഡ്രൂസ് വന്നത്. ഞാൻ അവിടെ ഇല്ലായിരുന്നു. വീട്ടിൽ മമ്മിയും ഡാഡിയും എന്റെ കുഞ്ഞനുജത്തിയും ഉണ്ടായിരുന്നു. അനുജത്തിക്ക് പന്ത്രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. എന്റെ സുഹൃത്ത് ഒരു ഡോക്ടറും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തെയാണ് കൂടുതൽ ആക്രമിച്ചത്. എന്റെ മമ്മിയെ അവർ തള്ളിയിട്ടു. അത്രയ്ക്ക് ഭീകരാന്തരീക്ഷമാണ് വീട്ടിൽ അവർ സൃഷ്ടിച്ചത്.

അദ്ദേഹത്തിന് എന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് കാരണം ഞാൻ പറയാം. ഞങ്ങൾ രണ്ടു പേർക്കും ഒരു പൊതുസുഹൃത്തുണ്ട്. ഒരു പെൺകുട്ടിയാണ്. അവളുമായി എനിക്കുള്ള സൗഹൃദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എന്നോട് അത് നിർത്തണമെന്ന് പറഞ്ഞു. ഞാൻ അനുസരിച്ചില്ല. അത് വൈരാഗ്യമായി മാറി. എന്നെപ്പറ്റി മോശമായി പല കാര്യങ്ങളും പറഞ്ഞു പരത്തി. അത് ചോദ്യം ചെയ്തതിന്റെ അനന്തരഫലമാണ് ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നത്. ഇനി മറ്റൊരു കാര്യം ഞാൻ മയക്കു മരുന്നിന് അടിമയാണെന്നല്ലേ അദ്ദേഹം പറഞ്ഞത്. എനിക്ക് റോഷൻ ആൻഡ്രൂസ് അയച്ച ഒരു സന്ദേശം ഇപ്പോൾ പുറത്ത് വിടുകയാണ്. എന്നെ അദ്ദേഹത്തിന് വലിയ കാര്യമാണെന്നും ഭാവിയിൽ എന്ത് ആവശ്യമുണ്ടെങ്കിലും അദ്ദേഹത്തെ സമീപിക്കാമെന്നും അതിൽ അദ്ദേഹം വാക്ക് നൽകുന്നു. അതിൽ ആ പെൺകുട്ടിയെക്കുറിച്ചും പരാമർശമുണ്ട്. നിങ്ങൾക്ക് വായിച്ച് തീരുമാനിക്കാം. മോശക്കാരനായ എന്നെ പുറത്താക്കിയതാണെങ്കിൽ അദ്ദേഹം എന്തിന് ഇത്തരത്തിലുള്ള ഒരു സന്ദേശം എനിക്ക് അയക്കണം. എനിക്ക് അദ്ദേഹത്തിൽ നിന്നും ഭീഷണിയുണ്ട്. വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്' ആൽവിൻ ജോൺ ആന്റണി പറഞ്ഞു.

എന്നാൽ വീട്ടിൽ കയറി ആക്രമിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ തീർത്തും വ്യാജമാണെന്ന് റോഷൻ ആൻഡ്രൂസ് പ്രതികരിച്ചു. ആൽവിൻ ജോൺ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ പ്രവർത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാൾക്കുണ്ടായിരുവെന്നും ഒരിക്കൽ താക്കീത് നൽകിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടർന്നപ്പോൾ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും റോഷൻ വ്യക്തമാക്കി.

ആൽവിൻ ജോൺ ആന്റണി തുടർച്ചയായി അപവാദ പ്രചരണം നടത്തിയെന്നും സഹിക്കാൻ വയ്യാതായപ്പോൾ ചോദിക്കാൻ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളുടെ അച്ഛനും കൂട്ടാളികളും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറിൽ ഇവർ തൊഴിച്ചുവെന്നുമെന്നാണ് റോഷൻ ആൻഡ്രൂസിന്റെ വിശദീകരണം. ആൽവിൻ ആന്റണിക്കും സുഹൃത്ത് ബിനോയ്‌ക്കുമെതിരേ താനും പരാതി നൽകിയതായും റോഷൻ ആൻഡ്രൂസ് വ്യക്തമാക്കി.