ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ നിർണായക മാറ്റങ്ങൾ. ബി.ജെ.പിയുടെ നാല് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ മൂന്ന് പേരും മത്സര രംഗത്ത് ഉണ്ടാവില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ശോഭ സുരേന്ദ്രനും, കെ.സുരേന്ദ്രനും ,എം.ടി രമേശും മത്സരിച്ചേക്കില്ല.
നിലവിലെ സഥാനാർത്ഥി സാധ്യതകൾ ഇങ്ങനെയാണ്-
പത്തനംതിട്ട -പി.എസ് ശ്രീധരൻ പിള്ള
എറണാകുളം-ടോം വടക്കൻ
ആലപ്പുഴ-കെ.എസ് രാധാകൃഷ്ണൻ
കൊല്ലം-അൽഫോൺസ് കണ്ണന്താനം
ബി.ഡി.ജെ.എസിന്റെ സീറ്റ് ഇത്തവണ ബി.ജെ.പി ഏറ്റെടുക്കും. മാവേലിക്കരയും, ആലത്തൂരുമാണ് ബി.ഡി.ജെ.എസിന് ബി.ജെ.പി പകരം നൽകിയിരിക്കുന്നത്. ടോം വടക്കനാണ് എറണാകുളത്ത് സാദ്ധ്യത കൽപ്പിക്കുന്നത്. ആലപ്പുഴയിലും, ചാലക്കുടിയിലും അടുത്തിടെ ബി.ജെ.പിയിലെത്തിയ കെ.എസ് രാധാകൃഷ്ണന്റെ പേരാണ് പരിഗണനയിൽ. എന്നാൽ, ഇവയിൽ ഏത് മണ്ഡലത്തിലേക്കാണെന്ന് വ്യക്തതയില്ല.
കോഴിക്കോട് സീറ്റിലേക്കാണ് എം.ടി രമേശിനെ പരിഗണിക്കുന്നത്. അതേസമയം, ആ സീറ്റിനോട് താൽപരനല്ല രമേശ്. പാലക്കാട് പരിഗണിക്കണമെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രൻ. അൽഫോൺസ് കണ്ണന്താനത്തിന് കൊല്ലത്താണ് സാദ്ധ്യത. അതേസമയം കെ.സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം നേതൃത്വം ചർച്ചചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിൽ ആറ്റിങ്ങലിൽ മത്സരിക്കണമെന്ന് കെ.സുരേന്ദ്രനോട് നേതൃത്വം നിർദേശിച്ചതായാണ് റിപ്പോർട്ട്. നേരത്തെ പത്തനംതിട്ടയോ തൃശൂരോ മാത്രമേ മത്സരത്തിനുള്ളൂവെന്ന് പറഞ്ഞിരുന്നു.
എന്നാൽ, തൃശൂരിൽ തുഷാർ വെള്ളാപ്പള്ളിക്കാണ് സാദ്ധ്യത. പത്തനംതിട്ടയിൽ ശ്രീധരൻ പിള്ളയ്‌ക്കും. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് ചുമതലകൾ വഹിച്ചുകൊണ്ട് കെ.സുരേന്ദ്രൻ മാറി നിൽക്കാനാണ് സാധ്യത. അതേസമയം, തുഷാർ മത്സരിക്കരുതെന്ന് വെള്ളാപ്പള്ളി ആവർത്തിച്ച് പറഞ്ഞിരുന്നു. ഇതിൽ എസ്.എൻ.ഡി.പിയ്‌ക്ക് ശക്തമായ വിയോജിപ്പുണ്ടാകും. മത്സരിക്കുകയാണെങ്കിൽ എസ്.എൻ.ഡി.പി ഭാരവാഹിത്വം തുഷാർ രാജിവയ്ക്കേണ്ടിവരും.