ലഖ്നൗ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം കോൺഗ്രസ് അനുകൂലികളെ ആവേശത്തിലാകിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യത്യസ്ഥമായ രീതികളിലൂടെയാണ് പ്രിയങ്കയുടെ പ്രചരണവും. അധികം കോൺഗ്രസ് നേതാക്കന്മാരൊന്നും ഉപയോഗിച്ചിട്ടില്ലാത്ത പ്രചരണ തന്ത്രങ്ങളാണ് പ്രിയങ്ക ഗാന്ധിയുടേതെന്ന് വ്യക്തമാണ്.
കിഴക്കൻ യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായ ശേഷം രണ്ടാം തവണയും ഉത്തർപ്രദേശിലെത്തിയ പ്രിയങ്ക അനുയായികൾക്കും പാർട്ടി നേതാക്കൾക്കും നൽകിയ ആവേശം ചെറുതല്ല. ഗംഗാനദിയിലൂടെയുള്ള 140 കിലോമീറ്റർ ദൂരത്തിലുള്ള ബോട്ട് യാത്ര തന്നെയാണ് പ്രധാന തന്ത്രം. അതേസമയം, ഇന്ന് വൈകിട്ട് മിശ്രാപൂർ ജില്ലയിലെ പ്രയാഗ്രാജിൽ നിന്ന് യാത്ര ആരംഭിക്കും. ബുധനാഴ്ചയാണ് ഗംഗാ നദിയിലൂടെയുള്ള ബോട്ട് യാത്ര ആരംഭിക്കുന്നത്. പ്രയാഗ്രാജിൽ നിന്ന് തുടങ്ങി മോദിയുടെ മണ്ഡലമായ വാരാണസിവരെയാണ് യാത്ര.
2014ലെ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ വാഗ്ദാനമായ ഗംഗാ ശുദ്ധീകരണം പ്രിയങ്ക യാത്രയിൽ ചർച്ചയാക്കും. ഗംഗാ തീരത്ത് താമസിക്കുന്ന പട്ടികജാതിക്കാരുമായും പിന്നോക്ക ജനവിഭാഗങ്ങളെയും യാത്രയിൽ പ്രിയങ്ക സന്ദർശിക്കും. ഞായറാഴ്ച ലഖ്നൗവിൽ എത്തിയ പ്രിയങ്ക യോഗി സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന സംഘങ്ങളുമായും പാർട്ടി പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. യാത്രയിലുടനീളം ജനങ്ങളുടെ അഭിപ്രായം തേടി സംസ്ഥാന രാഷ്ട്രീയത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് ഒരു തുറന്ന കത്തും പുറത്തുവിട്ടിരുന്നു.
“വിശുദ്ധ നദിയായ ഗംഗയിലൂടെ ഞാൻ എത്തും. ജലമാർഗവും ബസിലും തീവണ്ടിയിലും നടന്നും ഞാൻ വരികയാണ്. സത്യത്തിന്റെയും തുല്യതയുടെയും പ്രതീകമാണ് ഗംഗ. അത് ഗംഗ-യമുന സംസ്കാരത്തിന്റെ പ്രതീകമാണ്. ഗംഗയ്ക്ക് വിവേചനമില്ല. ഈ ആത്മീയ ഭൂമിയുമായി എനിക്ക് നേരിട്ട് ബന്ധമുണ്ട്. നിങ്ങളുടെ വേദനകൾ അറിയാതെ രാഷ്ട്രീയമാറ്റം സാധ്യമല്ല. അതുകൊണ്ടാണ് നിങ്ങളുടെ വാതിൽപ്പടിയിൽ ആത്മാർഥമായ സംഭാഷണത്തിന് ഞാൻ എത്തുന്നത്”-പ്രിയങ്ക വ്യക്തമാക്കി.