kaumudy-news-headlines

1. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ശേഷിക്കുന്ന നാല് സീറ്റുകളില്‍ അന്തിമ ചര്‍ച്ച പുരോഗമിക്കുന്നു. തര്‍ക്കം തുടരുന്ന വയനാട് സീറ്റിലെ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടെ എന്ന് ധാരണ. വയനാട്ടില്‍ ടി. സിദ്ദീഖ് തന്നെ മത്സരിക്കണം എന്ന വാശിയില്‍ ഉമ്മന്‍ചാണ്ടിയും സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ല എന്ന് ഐ ഗ്രൂപ്പും. ടി. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥി ആക്കണം എങ്കില്‍ അത് വടകരയില്‍ പരിഗണിക്കാം എന്ന ബദല്‍ നിര്‍ദ്ദേശവും ഉമ്മന്‍ചാണ്ടി തള്ളി. ഇതോടെ ആണ് തീരുമാനം ഹൈക്കമാന്റിന് വിട്ടത്. നാല് സീറ്റുകളിലെ പ്രഖ്യാപനം വൈകിട്ടോടെ ഉണ്ടാകും എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചെന്നിത്തല ഉച്ചയോടെ തിരുവനന്തപുരത്തേക്ക് മടങ്ങും

2. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് സാധ്യത. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. ദുര്‍ബല സ്ഥാനാര്‍ത്ഥിയെന്ന വിമര്‍ശം ശക്തമായതിനാല്‍ വടകരയില്‍ വിദ്യ ബാലകൃഷ്ണന് പകരം ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കാന്‍ ശ്രമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം ബിന്ദുകൃഷ്ണയെ അറിയിച്ചു. താല്‍പര്യം ഇല്ലെന്ന് ബിന്ദു വ്യക്തമാക്കി. യു.ഡി.എഫിന് ആര്‍.എം.പി പരസ്യ പിന്തുണ അറിയച്ചതോടെ മുല്ലപ്പള്ളി രാമചന്ദ്രനു മേല്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദം ഏറിയിട്ടുണ്ട്. മത്സരിക്കാന്‍ ഇല്ലെന്ന് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനു മുന്നില്‍ ആവര്‍ത്തിച്ചു

3. അതിനിടെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണി്ച്ചിരുന്ന വിദ്യാ ബാലകൃഷ്ണന് എതിരെ വടകരയില്‍ പോസ്റ്റര്‍. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ ആണ് പ്രതിഷേധ പോസ്റ്റര്‍. എതിരാളിക്ക് വഴങ്ങുന്ന നേതൃത്വത്തിന്റെ നിലപാടിന് എതിരെ ആണ് പ്രതിഷേധം. വടകരയില്‍ പി. ജയരാജന് എതിരെ വിദ്യാ ബാലകൃഷ്ണന്‍ മത്സരിക്കും എന്നായിരുന്നു ആദ്യഘട്ട ധാരണ.

4. ഇടത് മുന്നണി പൂര്‍ണ്ണമായും വലത് മുന്നണി ഭാഗീകമായും സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ പൂര്‍ത്തി ആക്കിയിട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിന്മേല്‍ ഇപ്പോഴും ആശയ കുഴപ്പം തുടരുന്നു. ആറ്റിങ്ങലില്‍ കെ. സുരേന്ദ്രനും കൊല്ലത്ത് അല്‍ഫോണ്‍സ് കണ്ണന്താനവും സ്ഥാനാര്‍ത്ഥി ആയേക്കും. എന്നാല്‍ പത്തനംതിട്ടയില്‍ അല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടില്‍ ഇരുവരും. ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ്, പി.കെ. കൃഷ്ണദാസ് എന്നിവര്‍ മത്സര രംഗത്ത് ഉണ്ടാവില്ല

5. ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു എങ്കിലും ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് മത്സരത്തിന് തയ്യാര്‍ ആയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഡല്‍ഹി ചര്‍ച്ചകള്‍ക്ക് ഒടുവില്‍ പത്തനംതിട്ട ഉറപ്പിച്ചതായി വിവരം. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയ ടോം വടക്കന്‍ തൃശൂരില്‍ ജനവിധി തേടും.

6. 17-ാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികള്‍ക്കാണ് ഇന്ന് തുടക്കമായത്. 91 ലോക്സഭാ മണ്ഡലങ്ങളിലേക്കും 3 നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ആണ് പുറപ്പെടുവിച്ചത്

7. ആന്ധ്രപ്രദേശ്, തെലുങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങി 20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 91 ലോക്സഭാ സീറ്റുകളിലാണ് അടുത്ത മാസം 11ന് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആന്ധ്രാപ്രദേശ് , അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമ സഭകളിലേക്കുള്ള വോട്ടെടുപ്പും ഏപ്രില്‍ പതിനൊന്നിന് നടക്കും. ഈ മാസം 26 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മെയ് 23 നാണ് രാജ്യം കാത്തിരിക്കുന്ന വോട്ടെണ്ണല്‍.

8. മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസുകാരന്‍ മരിച്ചു. വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. രോഗ ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. മുഹമ്മദ് ഷാന് വെസ്റ്റ് നൈല്‍ പനി ബാധിച്ചത് രണ്ടാഴ്ച മുന്‍പ്. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഷാനെ പനി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. വൈസ്റ്റ് നൈല്‍ രോഗബാധ സ്ഥിരീകരിച്ചത് ഇവിടെ വച്ച്.

9. വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് വെസ്റ്റ് നൈല്‍. ദേശാടന പക്ഷികളില്‍ നിന്ന് കൊതുക് വഴിയാണ് ഈ രോഗം മനുഷ്യനിലേക്ക് പകരുന്നത്. മലപ്പുറത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ശന പരിശോധനകളും സുരക്ഷാ മുന്‍കരുതലുകളുമായി ആരോഗ്യ വകുപ്പ്. ആശങ്ക വേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി

10. ഇദായ് ചുഴലിക്കാറ്റില്‍ സിംബാബ്‌വേയിലും അയല്‍ രാജ്യമായ മൊസാംബിക്കിലുമായി 120ലേറെ പേര്‍ മരിച്ചു. നൂറിലധികം പേരെ കാണാതായി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. നിരവധി വീടുകള്‍ ഒലിച്ചു പോവുകയും മരങ്ങള്‍ തകര്‍ന്നു വീഴുകയും കൃഷി നശിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ചുഴലിക്കാറ്റില്‍ മൊസാംബിക് മേഖലയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. 15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചു എന്നാണ് യുഎന്നും സര്‍ക്കാരും വിലയിരുത്തുന്നത്. കാറ്റും ശക്തമായ മഴയും മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. സിംബാബ്‌വെന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി രംഗത്തുണ്ട്