തിരുവനന്തപുരം: പടിഞ്ഞാറെക്കോട്ട ശ്രീവരാഹത്ത് ശ്യാം എന്ന മണിക്കുട്ടനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി മെന്റൽ അർജുൻ കസ്റ്റഡിയിലായി. ഫോർട്ട് സി.ഐയുടെ നേതൃത്വത്തിൽ ഒളിവിലായിരുന്ന പ്രതിയെ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്.
സംഭവത്തിൽ പിടിയിലായ കേസിൽ മനോജ് കൃഷ്ണൻ, രജിത് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ ശ്യാമിനെ കുത്തി കൊലപ്പെടുത്തിയ ശേഷം അർജുൻ രക്ഷപ്പെടുകയായിരുന്നു. രണ്ടു ദിവസത്തെ ഊർജിതമായ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് മുഖ്യ പ്രതിയെ പിടികൂടിയത്.
പ്രതിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേക്കുമെന്ന് വിവരമുണ്ടെങ്കിലും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല. അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് സൂചന. അയൽ സംസ്ഥാനത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ കുടുങ്ങിയത്.
മദ്യപിക്കുകയായിരുന്ന പ്രതികളുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് ശ്യാം കുത്തേറ്റു മരിച്ചത്. ഏറ്റുമുട്ടലിൽ അർജുന്റെ സുഹൃത്തുക്കളായ വിമൽ, ഉണ്ണിക്കണ്ണൻ എന്നിവർക്കും കുത്തേറ്റിരുന്നു.