'' അവൻ....."
അപ്പുറത്തു നിന്ന് മുറുക്കമുള്ള സ്ത്രീ ശബ്ദം കേട്ടു:
''അവനെ ഒരു മണിക്കൂറിനുള്ളിൽ ഞാൻ രാഹുലിന്റെ തടവിൽ നിന്ന് മോചിപ്പിക്കും."
വേലായുധൻ മാസ്റ്ററുടെ ഉള്ളിൽ കുളിരുകോരി. അയാൾ വാക്കു നൽകി:
''എങ്കിൽ... നിങ്ങളാരെന്ന് അറിയില്ലെങ്കിലും ഞാൻ പറയുകയാണ്. എന്റെ മകനെ എന്റെ പക്കൽ ഏൽപ്പിക്കുന്ന നിമിഷം, നിങ്ങൾ എന്തു ചോദിച്ചാലും അത് തന്നിരിക്കും ഞാൻ." മാസ്റ്റർ ഒച്ച താഴ്ത്തി.
പുറത്ത് കാറ്റിൽ തെങ്ങോലകൾ ഇളകുന്നത് മാസ്റ്റർ കണ്ടു.
മറുപുറത്തു നിന്നു വീണ്ടും ശബ്ദം വന്നു :
''അങ്ങനെ പ്രതിഫലം മോഹിച്ചില്ല സാർ അങ്ങയെ സഹായിക്കുന്നത്. താങ്കൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മുഖ്യമന്ത്രി ആയതുകൊണ്ടാണ്."
മാസ്റ്റർ കൂടുതൽ സന്തോഷവാനായി.
തന്നെക്കുറിച്ച് നല്ലതു പറയാനും ഇവിടെ ആളുകൾ ഉണ്ട്!
അയാളുടെ ചിന്തയെ മുറിച്ചുകൊണ്ട് സ്ത്രീ സ്വരം വീണ്ടും കേട്ടു:
''പക്ഷേ സാറ് എനിക്കൊരു വാക്കു തരണം..."
''എന്താണ്? " മാസ്റ്റർ മുന്നിലിരുന്ന പ്രാദേശിക നേതാക്കളെ ഇടംകണ്ണിട്ടു നോക്കി.
അവരാരും താൻ പറയുന്നത് ശ്രദ്ധിക്കുന്നില്ല. തനിക്ക് കാൾ വന്നപ്പോൾ അവർ സ്വകാര്യ സംഭാഷണത്തിലാണ്.
സ്ത്രീ ശബ്ദം തുടർന്നു:
''ഞാനാണ് അങ്ങയുടെ മകനെ രക്ഷിച്ചതെന്നോ ഞാൻ ആരാണെന്നോ പുറം ലോകം അറിയാൻ പാടില്ല. അതുകൊണ്ടുതന്നെ സാറ് ഒറ്റയ്ക്കേ വരാവൂ. ഞാനും തനിച്ചായിരിക്കും."
''സമ്മതം. " മാസ്റ്റർ ഉറപ്പുനൽകി.
''എങ്കിൽ തയ്യാറായി ഇരുന്നോളൂ. ഞാൻ വിളിക്കും. സമയവും സ്ഥലവും അപ്പോൾ പറയാം. എന്താ?"
''ഓക്കെ. "
അപ്പുറത്ത് കാൾ മുറിഞ്ഞു.
മാസ്റ്റർ ദീർഘമായി നിശ്വസിച്ചു.
അപ്പുറത്ത് -
ഫോൺ കട്ടു ചെയ്തിട്ട് വിജയ ക്രൂരമായി ചിരിച്ചു.
ഇങ്ങുവരട്ടെ. ചെകുത്താൻ...
തന്റെ കൂടെയുള്ള പിങ്ക് പോലീസ് ടീമിന് ചില നിർദ്ദേശങ്ങൾ നൽകിയിട്ട് വിജയ വീട്ടിലേക്കു മടങ്ങി.
കുളിച്ച് വേഷം മാറി വന്ന് ചായ കഴിച്ചുകൊണ്ടിരിക്കുമ്പോൾ മാലിനി മകളെ സൂക്ഷിച്ചൊന്നു നോക്കി.
''എന്താ അമ്മയിങ്ങനെ നോക്കുന്നത് " അവൾക്കു ചിരി വന്നു.
''നീ ചിരിക്കണ്ടാ. " മാലിനിയുടെ മുഖം മുറുകി. ''നിന്റെ തീരുമാനമെന്താ? അതറിയണം എനിക്ക്. "
വിജയയുടെ മുഖത്ത് ഗൗരവം വന്നു:
''അമ്മ ഉദ്ദേശിക്കുന്നത് എന്താണെന്നറിയാതെ ഞാൻ എന്തു പറയാൻ?"
'' ഇവിടെ കൊണ്ടുവന്ന് കെട്ടിയിട്ടിരിക്കുന്ന ആ കൊച്ചനെക്കുറിച്ചാ എനിക്കറിയേണ്ടത്. ആരാ അവൻ? എന്തിന് ഇവിടെ താമസിച്ചിരിക്കുന്നു?"
വിജയ ചായക്കപ്പ് ടേബിളിൽ വച്ചു. പിന്നെ ടേബിളിനു മീതെ കൈപ്പടം കുത്തി എഴുന്നേറ്റു.
''ഈ രണ്ട് ചോദ്യങ്ങൾക്കും തൽക്കാലം ഉത്തരം പറയാൻ നിവർത്തിയില്ല അമ്മേ. ഒരു രാത്രി കൂടി അമ്മ കാത്തിരിക്കണം. നാളെ രാവിലെ ഞാൻ എല്ലാം പറയും."
മാലിനിയുടെ മറുപടിക്കു കാക്കാതെ വിജയ എഴുന്നേറ്റു പോയി.
സമയം സന്ധ്യ കഴിഞ്ഞു.
നീർവിളാകം.
പുഞ്ചയ്ക്കു നടുവിലുള്ള ഒരു തുരുത്ത്. അവിടെ ഒരു വീടുണ്ട്. വർഷങ്ങൾക്കു മുൻപ് രാജസേനൻ ബിനാമി പേരിൽ അൻപത് ഏക്കർ പുഞ്ചപ്പാടവും ആ തുരുത്തും ചേർത്ത് വിലയ്ക്കു വാങ്ങിയതാണ്.
പിന്നെ അവിടെയൊരു കൊച്ചു വീടും പണിയിപ്പിച്ചു. രാജസേനന്റെ ഭാഷയിൽ പറഞ്ഞാൽ വേനൽക്കാല വസതി. കള്ളു കുടിക്കാനും വ്യഭിചരിക്കാനും ഉള്ള കേന്ദ്രം!
പുഞ്ചയ്ക്കു നടുവിലെ ചിറയിലൂടെ മാത്രമേ അവിടെ എത്താൻ കഴിയൂ. അതും നടന്ന്.
ചിറ തുടങ്ങുന്ന ഭാഗത്ത് പുഞ്ചപ്പാടത്തെ നടുവെ പിളർത്തിപ്പോകുന്ന ടാർ റോഡ്.
അതിനിരുവശത്തും അക്കേഷ്യ മരങ്ങൾ വളർന്ന് വനം പോലെ നിൽക്കുന്നു.
തുരുത്തിലെ വീടിനുള്ളിൽ ഉണ്ടായിരുന്നു രാഹുലും ഉത്തമപാളയംകാരായ ഗുണ്ടകളും.
രാഹുൽ പത്തനംതിട്ട ജില്ലയുടെ ഒരു മാപ്പ് എടുത്ത് ഗുണ്ടകൾക്കു മുന്നിൽ വച്ചു. അതിൽ 'തേക്ക് തോട് " റൂട്ട് അവരെ കാണിച്ചു.
''നമ്മൾ ഇനി അവിടേക്കു പോകും. പക്ഷേ അപ്പോൾ ഒരാൾ കൂടി നമ്മുടെ കൂടെ ഉണ്ടായിരിക്കും. നമുക്ക് ആനന്ദിക്കുവാനും അവസാനം ചതച്ചുകൊല്ലാനും. "
അവന്റെ കണ്ണുകൾ ക്രൂരമായി തിളങ്ങി.
''യാര് ശാർ? "
''എസ്.ഐ വിജയ. എന്നെ വിലങ്ങണിയിക്കാൻ വന്നവൾ... അവളുടെ വീട് നിങ്ങൾക്കറിയാം. ആ എസ്.ഐമാരെ ബോംബുവച്ച് കൊന്ന സ്ഥലം... "
ഗുണ്ടാ നേതാവ് തലയാട്ടി.
[തുടരും]