മൂത്രരോഗാണുബാധ കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. സ്ത്രീകളിൽ 20 - 50 ശതമാനം പേർക്കും ജീവിതത്തിന്റെ ഏതെങ്കിലും കാലയളവിൽ മൂത്രരോഗാണുബാധ ഉണ്ടാകുന്നു. 50 വയസിന് താഴെ പുരുഷനും സ്ത്രീയ്ക്കും ഏതാണ്ട് തുല്യഎണ്ണത്തിൽ മൂത്രരോഗാണുബാധ ഉണ്ടാകുന്നു. 50 വയസിന് മുകളിൽ പുരുഷന്മാർക്കാണ് മൂത്രരോഗാണുബാധ കൂടുതലായി കാണപ്പെടുന്നത്.
പ്രോസ്റ്റേറ്റ് വീക്കം ആണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂത്രനാളിയിലെ സ്ട്രിക്ചർ അസുഖം, ന്യൂറോജനിക് ബ്ളാഡർ, മൂത്രക്കല്ല്, കുടലിന്റെ ഫിസ്റ്റുല, പ്രമേഹം, രോഗാണുബാധയുള്ള പങ്കാളിയുമായി ഉള്ള ലൈംഗികബന്ധം മുതലായവ മറ്റു കാരണങ്ങളാണ്. ഈകോളി ബാക്ടീരിയ 80 ശതമാനം മൂത്രരോഗാണുബാധ ഉണ്ടാക്കുന്നു.
മൂത്രസഞ്ചിക്കുണ്ടാകുന്ന മൂത്രരോഗാണുബാധയെ സിസ്റ്റൈറ്റിസ് എന്ന് പറയുന്നു. കൂടുതൽ തവണ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, വേദനയോടെ മൂത്രം പോവുക, അടിവയറ്റിൽ വേദന, നടുവേദന, മൂത്രത്തിൽ രക്തം കാണുക, മൂത്രത്തിൽ പഴുപ്പ് മുതലായവയാണ് രോഗലക്ഷണങ്ങൾ.
(തുടരും)